പി പി ചെറിയാൻ

ഫ്ലോറിഡ

June 04, 2020, 6:28 pm

ഗളത്തിൽ അമർന്ന കാൽമുട്ട് ഭൂമിയിലൂന്നി ചെയ്തു പോയ അപരാധത്തിനു മാപ്പപേഴിച്ചു പൊലീസ്

Janayugom Online

കറുത്ത വര്‍ഗക്കാരനെ പോലീസുകാരന്‍ കഴുത്ത് ഞെരിച്ചുകൊന്ന സംഭവത്തില്‍ പ്രതിഷേധം കനക്കുകയാണ്. വൈറ്റ് ഹൗസ് ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ നടന്ന പ്രതിഷേധത്തിനിടെ വാഹനങ്ങളും കെട്ടിടങ്ങളും തീയിട്ടു. കൊറോണ വൈറസ് പ്രതിരോധത്തിന്‍റെ ഭാഗമായി ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും നൈറ്റ് കർഫ്യൂ പോലും അവഗണിച്ചു പ്രതിഷേധക്കാര്‍ കൂട്ടംകൂടി തെരുവുകളില്‍ ഇറങ്ങുകയാണ്. എന്നാല്‍, അമേരിക്കയിലെ പല ഭാഗങ്ങളിലായി നടന്ന പ്രതിഷേധത്തില്‍ നിന്നും വേറിട്ടുനില്‍ക്കുന്ന ഒരു പ്രതിഷേധമാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. മയാമിയിലെ ഫ്ലോറിഡയിലാണ് വ്യത്യസ്തവും സമാധാനപരവുമായ ഈ പ്രതിഷേധം.

ഫ്ലോയിഡിന്റെ ജീവനപഹരിച്ചത് പോലീസ് ഓഫിസറുടെ കാൽമുട്ടായിരുനെങ്കിൽ ആ കാൽമുട്ടുകൾ ഭൂമിയിലൂന്നി സ്റ്റേഷന് മുന്‍പില്‍ നിന്ന് മാപ്പപേക്ഷിക്കുകയാണ് പോലീസുകാര്‍. ഇത് കണ്ട പ്രതിഷേധക്കാര്‍ പോലീസുകാരെ ആലിംഗനം ചെയ്ത് കരയുകയും ചെയ്തു. പോലീസുകാർ തിരിച്ചും. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇതുകൂടാതെ, ന്യൂയോര്‍ക്കിലും മറ്റുമായ സമാന രീതിയിലുള്ള പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചില പോലീസുകാരാകട്ടെ, സര്‍വീസില്‍ നിന്നും വിട്ടുനിന്ന് ജോര്‍ജ്ജിന് നീതി ലഭിക്കാനുള്ള പ്രതിഷേധത്തില്‍ പങ്കെടുക്കുകയാണ്. വർഷങ്ങളായി അനുഭവിച്ചുകൊണ്ടിരുന്ന ചൂഷണങ്ങളും അരക്ഷിതാവസ്ഥയുമാണ് പ്രതിഷേധങ്ങളായി പുറത്തുവന്നത്. ‘എനിക്ക് ശ്വാസം കിട്ടുന്നില്ല’ എന്ന ജോര്‍ജ്ജിന്റെ അന്ത്യവാചകങ്ങള്‍ മുദ്രാവാക്യങ്ങളാക്കിയാണ് പ്രതിഷേധം.

രാജ്യത്ത് ഇതുവരെ നടക്കാത്ത രീതിയിലാണ് ജോര്‍ജ്ജ് കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്നത്. പ്രതിഷേധക്കാരെ തടയാൻ വാഷി൦ഗ്ടൺ ഉൾപ്പടെയുള്ള 16 സംസ്ഥാനങ്ങളിൽ നാഷണല്‍ ഗാര്‍ഡ് അംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഞായറാഴ്ച ഇവിടെ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. സംഭവത്തില്‍, തേർഡ് ഡിഗ്രി കൊലപാതക൦, നരഹത്യ എന്നീ കുറ്റങ്ങള്‍ ചുമത്തി ഡെറിക് എന്ന പോലീസ് ഉദ്യോഗസ്ഥനെ മെയ്‌ 29നു അറസ്റ്റ് ചെയ്തിരുന്നു. മിനിയാപൊലിസില്‍ നടന്ന ഒരു അറസ്റ്റിനിടെയാണ് ഡെറിക് ജോര്‍ജ്ജിനെ കൊലപ്പെടുത്തിയത്. ഇതിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് സംഭവത്തിന്റെ ചുരുളഴിഞ്ഞത്.

തന്‍റെ കാല്‍മുട്ടുകള്‍ കൊണ്ട് ഏകദേശം എട്ട് മിനുട്ട് 45 സെക്കൻഡാണ് ഡെറിക് ജോര്‍ജ്ജിന്റെ കഴുത്ത് ഞെരിച്ചത്. തനിക്ക് ശ്വസിക്കാൻ കഴിയില്ലെന്നും ജോര്‍ജ്ജ് പറയുന്നുണ്ടെങ്കിലും ഡെറിക് പിന്മാറാന്‍ തയാറായിരുന്നില്ല. അയാള്‍ക്ക് ശ്വാസം കിട്ടില്ലെന്നും മരിച്ചുപോകുമെന്നും ചുറ്റുമുള്ളവര്‍ പറഞ്ഞപ്പോള്‍ ‘അവനു സംസാരിക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ശ്വാസവും കിട്ടും’ എന്നായിരുന്നു ഡെറിക്കിന്റെ മറുപടി. വിലങ്ങുകളാല്‍ ബന്ധിക്കപ്പെട്ടിരുന്ന ജോര്‍ജ്ജ് അല്‍പ്പസമയത്തിനു ശേഷം ബോധരഹിതനായി. സ്റ്റേഷനിലേക്ക് പോകും വഴിയാണ് മരണം സംഭവിച്ചത്. കള്ളനോട്ട് നൽകിയെന്ന സംശയത്താലാണ് പോലീസ് ജോർജിനെ അറസ്റ്റ് ചെയ്തത്.

ENGLISH SUMMARY:police apol­o­gize for the tres­pass that an unsteady knee land­ed on Earth
You may also like this video