Web Desk

തളിപ്പറമ്പ്(കണ്ണൂര്‍)

March 06, 2020, 10:33 pm

കേരളാ മൺസൂൺ ലോട്ടറി ബമ്പർ ഒന്നാം സമ്മാനം അവകാശപ്പെട്ട് രണ്ട് പേർ; ‘പരാതിക്കാരനെ’ അറസ്റ്റ് ചെയ്ത് പൊലീസ്

Janayugom Online

ഒന്നാം സമ്മാനം ലഭിച്ച കേരളാ മൺസൂൺ ലോട്ടറി ബമ്പർ ടിക്കറ്റ് തട്ടിയെടുത്തതാണെന്ന് വ്യാജപരാതി നൽകിയ മുനിയൻ അറസ്റ്റിൽ. വ്യാജപരാതി നൽകി പൊലീസിനെ കബളിപ്പിക്കാൻ ശ്രമിച്ചതിനാണ് വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്ത് തളിപ്പറമ്പ് സിഐ എൻ കെ സത്യനാഥൻ മുനിയനെ അറസ്റ്റ് ചെയ്തത്. സംസ്ഥാന ലോട്ടറിയുടെ ബമ്പർ സമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ചെന്ന അവകാശവാദവുമായി എത്തിയ കോഴിക്കോട് താമസിക്കുന്ന തമിഴ്‌നാട് സ്വദേശിയാണ് മുനിയൻ.

സമ്മാനർഹരെ സമ്മർദ്ദത്തിലാഴ്ത്തി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന ലോട്ടറി മാഫിയയിലെ പ്രധാന കണ്ണിയാണ് മുനിയൻ എന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായിരുന്നു. പറശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിലെ ജീവനക്കാരനായ പി എം അജിതന് 2019 ജൂലായ് 18 ന് നറുക്കെടുത്ത എംഇ 174253 നമ്പർ മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനമടിച്ചിരുന്നു. അജിതൻ കനറാ ബാങ്കിന്റെ പുതിയതെരു ശാഖയിൽ സമ്മാനാർഹമായ ടിക്കറ്റ് ഏൽപ്പിക്കുകയും പണം അക്കൗണ്ടിലേക്ക് കൈപ്പറ്റുകയും ചെയ്തിരുന്നു. അതിനിടയിലാണ് തമിഴ്‌നാട് സ്വദേശിയും കോഴിക്കോട് പാവങ്ങാട് പഴയങ്ങാടി പൂത്തൂരിലെ താമസക്കാരനുമായ മുനികുമാർ പൊന്നുച്ചാമി എന്ന മുനിയന്റെ നാടകീയമായ രംഗപ്രവേശനം. ഇത് ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാന നേട്ടം സംശയത്തിന്റെ നിഴലിലേക്കെത്തിച്ചു.

you may also like this video;


എല്ലാ മാസവും മുത്തപ്പദർശനത്തിന് എത്താറുള്ള മുനിയൻ ജൂൺ 16 ന് പറശിനിക്കടവിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റെടുത്തതെന്നും, ജൂൺ 26 ന് വീണ്ടും പറശിനിക്കടവിലെത്തിയപ്പോൾ ടിക്കറ്റുള്ള പഴ്സ് നഷ്ടമായെന്നും പൊലീസിൽ പരാതി നൽകി. ടിക്കറ്റിന് പുറകിൽ പേരെഴുതിയതായും മുനിയൻ പരാതിയിൽ പറഞ്ഞിരുന്നു. പൊലീസും ലോട്ടറി വകുപ്പും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ മുനിയന്റെ പരാതി നൂറുശതമാനവും തട്ടിപ്പാണെന്ന് തെളിഞ്ഞു. ലോട്ടറി മാഫിയയുടെ ഏജന്റായി പ്രവർത്തിച്ച് പണം വാങ്ങുകയാണ് ഇയാളുടെ രീതിയെന്ന് പൊലീസ് കണ്ടെത്തി. ഒന്നാം സമ്മാനർഹരായവര്‍ക്കെതിരെ പരാതി നൽകുകയും പിന്നീട് ഒത്തുതീർപ്പാക്കി വൻതുക കൈക്കലാക്കുകയും ചെയ്യുന്നതാണ് ലോട്ടറി മാഫിയയുടെ രീതി.

കാലതാമസമില്ലാതെ സമ്മാനതുക ലഭിക്കാനും പരാതി പിൻവലിപ്പിക്കാനും സമ്മാനർഹർ തട്ടിപ്പുകാർ ആവശ്യപ്പെട്ട തുക നൽകി കേസൊതുക്കും. പൊലീസ് തിങ്കളാഴ്ച ഹാജരാകാൻ മുനിയനോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അയാൾ എത്തിയിരുന്നില്ല. തുടർന്നാണ് പൊലീസ് മുനിയനെതിരെ കേസെടുത്തത്. ലോട്ടറി സമ്മാനമടിച്ച പി എം അജിതന്റെ അക്കൗണ്ട് പൊലീസ് ഇടപെട്ട് അന്വേഷണത്തിന്റെ ഭാഗമായി മരവിപ്പിച്ചത് റദ്ദാക്കും. ഒന്നാം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റിന്റെ യഥാർത്ഥ ഉടമ അജിതൻ തന്നെയാണെന്നും പൊലീസ് വ്യക്തമാക്കി.