Site iconSite icon Janayugom Online

പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് വഴിയോരക്കച്ചവടക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു

പൊതുസ്ഥലത്ത് നമസ്‌കരിച്ചതിന് എട്ട് വഴിയോരക്കച്ചവടക്കാരെ ഹരിദ്വാര്‍ പൊലീസ് അറസ്റ്റ് ചെയ്തു. ശിവാലിക് നഗറിലെ ചന്തയില്‍ നമസ്‌കരിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നും വരെ വിട്ടയച്ചെന്നും പൊലീസ് പറഞ്ഞു. റാണിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പ്രാദേശിക മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പ്പനക്കാരാണ് അറസ്റ്റിലായത്. ഇവര്‍ പൊതുസ്ഥലത്ത് നമസ്‌കരിക്കുന്നുവെന്ന് കാണിച്ച് ചിലര്‍ പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വില്‍പ്പനക്കാരെ തിരിച്ചറിയാനായി വീഡിയോകളും ചിത്രങ്ങളും പരാതിക്കാര്‍ പൊലീസിന് നല്‍കി.

അറസ്റ്റിലായവര്‍ അനുമതിയില്ലാതെ പൊതുസ്ഥലത്ത് നമസ്‌കാരം നടത്തിയെന്നായിരുന്നു പൊലീസിന്റെ വാദം. സമാധാനം തകര്‍ത്തതിന് ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 151-ാം വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായാണ് അറസ്റ്റെന്നും സാമുദായികമായി പ്രശ്‌നബാധിത പ്രദേശത്ത് സംഘര്‍ഷമില്ലെന്ന് ഉറപ്പാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും പൊലീസ് വ്യക്തമാക്കി. വളരെയധികം വര്‍ഗീയ സംഭവങ്ങള്‍ നടക്കുന്ന സ്ഥലമാണ് ഇവിടെ. ഹരിദ്വാറില്‍ കന്‍വാര്‍ യാത്ര ഉടന്‍ ഉണ്ടാകും. ഇവിടെ അനിഷ്ട സംഭവങ്ങളുണ്ടാകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് സാദര്‍ ഏരിയ ഡെപ്യൂട്ടി എസ്പി നിഹാരിക സെംവാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, മുസ്ലീങ്ങളെ നമസ്‌കരിക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്നത് അന്യായമാണെന്ന് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി മംഗലൗര്‍ മണ്ഡലം ഭാരവാഹി ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിദ്വാറില്‍ ബിജെപിക്ക് ഭൂരിപക്ഷം സീറ്റുകളും നഷ്ടമായിരുന്നു. അതുകൊണ്ടാണ് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish sum­ma­ry; Police arrest­ed street ven­dors for namaz in public

You may also like this video;

Exit mobile version