വ്യാജപ്രചാരണത്തിലൂടെ പൊലീസ് ക്രൂരതമറച്ചുവയ്ക്കാന്‍ ശ്രമം: എല്‍ദോ എബ്രഹാം

Web Desk
Posted on July 28, 2019, 1:00 am

മൂവാറ്റുപുഴ: കേവലമായ ഒരു വാക്കിനെ ചുറ്റിപറ്റി പൊലീസിന്റെ ക്രൂരതയ്ക്ക് മറപിടിക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് എല്‍ദോ എബ്രഹാം എംഎല്‍എ പറഞ്ഞു. ലാത്തിച്ചാര്‍ജില്‍ കൈ ഒടിഞ്ഞുവെന്നത് ശരിയല്ലെന്നും മെഡിക്കല്‍ രേഖകളില്‍ ഒടിവില്ലെന്നുമുള്ള പ്രചരണമാണ് ഇപ്പോള്‍ നടക്കുന്നത്. കൈ ഒടിഞ്ഞുവെന്ന് താന്‍ ആരോടും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
ലാത്തിയടിയേറ്റ കൈയ്യില്‍ നീരും പരിക്കും രൂപപ്പെട്ടതോടെ എറണാകുളം ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് കൈക്ക് പൊട്ടലുണ്ടന്ന് അറിയിച്ചത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് പ്ലാസ്റ്റര്‍ ചെയ്ത് കൈതൂക്കിയത്. ഇതിന്റെ ചിത്രത്തോടൊപ്പം മാധ്യമങ്ങളാണ് എംഎല്‍എയുടെ കൈ ഒടിഞ്ഞുവെന്ന് വാര്‍ത്ത നല്‍കിയത്. കൈക്കോ കാലിനെ അപകടമുണ്ടായാല്‍ ഒടിഞ്ഞുവെന്ന് പ്രയോഗം സാധാരണമാണ്. ചിലര്‍ പൊട്ടലുണ്ടെന്ന് പറയും മറ്റു ചിലരാകട്ടെ ഫ്രാക്ചര്‍ എന്നും. ഒടിഞ്ഞുവെന്ന വാക്കില്‍ തുടങ്ങി പൊലീസിനെ വെള്ളപൂശാനാണ് ശ്രമം. ഇത് വിലപ്പോകില്ലന്നും എംഎല്‍എ പറഞ്ഞു.
സമരമുഖത്ത് എന്താണ് സംഭവിച്ചതെന്ന് പകല്‍ പോലെ വ്യക്തമാണ്. ജനപ്രതിനിധികളേയും, ജില്ലാ സെക്രട്ടറി അടക്കമുള്ള പാര്‍ട്ടി നേതാക്കളേയും, പ്രവര്‍ത്തകരെയും, പൊലീസ് ക്രൂരമായി ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ടി വി ചാനലുകള്‍ പുറത്ത് വിട്ടതാണ്. സ്ഥലത്തുണ്ടായിരുന്ന പ്രസ് ഫോട്ടോ ഗ്രാഫര്‍മാര്‍ ഇത് പകര്‍ത്തുകയും ചെയ്തിരുന്നു. വസ്തുത ഇതായിരിക്കെ സമരത്തില്‍ പങ്കെടുത്ത് അക്രമത്തിന് ഇരയായവരെ മോശമായി ചിത്രീകരിക്കുന്നതിനുള്ള ശ്രമമാണ് നടക്കുന്നത്.
പൊലീസിനെതിരെ നടപടി ഉണ്ടാകുമെന്ന സ്ഥിതി വന്നതോടെയാണ് എല്ലാം വ്യാജമാണെന്ന പ്രചാരണം നടക്കുന്നത്. സമരത്തിനിടെ ഉണ്ടായ സംഭവങ്ങള്‍ ഇതേക്കുറിച്ച് അന്വേഷിക്കുന്ന ജില്ലാ കളക്ടറെ ധരിപ്പിച്ചിട്ടുണ്ട്. നീതി പൂര്‍വ്വമായ അന്വേഷണമാണ് നടക്കുന്നത്. സര്‍ക്കാര്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും എല്‍ദോ എബ്രഹാം പറഞ്ഞു.