പൊലീസിന്റെ രഹസ്യ വിവരങ്ങൾ പുറത്തുപോകില്ല: മുഖ്യമന്ത്രി

Web Desk
Posted on November 13, 2019, 10:10 pm

തിരുവനന്തപുരം: സംസ്ഥാന പൊലീസിന്റെ രഹസ്യ വിവരങ്ങൾ ഏതെങ്കിലും തരത്തിൽ പുറത്തുപോകുമെന്ന ആശങ്ക വേണ്ടെന്നും, അത് ഭദ്രമായിരിക്കാൻ എല്ലാ നടപടികളുമെടുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു. പാസ്പോർട്ട് വെരിഫിക്കേഷന്റെ ഭാഗമായി പാസ്പോർട്ട് അപേക്ഷകന്റെ പേര്, തിരിച്ചറിയൽ കാർഡ് നമ്പർ, പൊലീസ് സ്റ്റേഷൻ എന്നിവ രേഖപ്പെടുത്തുമ്പോൾ പ്രസ്തുത വ്യക്തി ഏതെങ്കിലും കേസിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് മനസിലാക്കാനുള്ള സൗകര്യം മാത്രമാണ് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് നൽകാൻ ഉദ്ദേശിച്ചിട്ടുള്ളത്.

പൈലറ്റ് പദ്ധതിയെന്ന നിലയിൽ ആയിരം പാസ്പോർട്ട് അപേക്ഷകളുടെ വെരിഫിക്കേഷനു വേണ്ടി മാത്രമാണ് പ്രവേശനാനുമതി നൽകിയിട്ടുള്ളത്. ഇത് കേരള പൊലീസിന് അനുയോജ്യമാണോ എന്ന് പരിശോധിക്കുവാനുള്ള വ്യവസ്ഥയുടെ ഭാഗമായി മാത്രമാണ് ഈ പ്രവേശനാനുമതി നൽകാൻ ഉദ്ദേശിക്കുന്നത്. ഈ ആപ്ലിക്കേഷനിലേക്ക് പ്രവേശിക്കാനും ഉപയോഗിക്കാനുമുള്ള അധികാരം പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ ലഭ്യമാക്കിയിട്ടുള്ളൂ.

2019 നവംബർ നാലിന് നൽകിയ നിർദ്ദേശങ്ങളിൽ കേരള പൊലീസ് ഒഴികെ അറിഞ്ഞോ അറിയാതെയോ ദേശീയമോ അന്തർദേശീയമോ ആയ മൂന്നാമത്തെ കക്ഷിയുമായി സിസിടിഎൻഎസ് ഡാറ്റാ പങ്കുവെച്ചാൽ അത് ഗുരുതരമായി കണക്കാക്കുമെന്നും നിയമനടപടിക്ക് കാരണമാകുമെന്ന് അറിയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡാറ്റാ കൈമാറ്റം ഉടൻ പിൻവലിക്കണമെന്നും അത് ചോർത്തിയതിനെക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുള്ള കെ എസ് ശബരീനാഥൻ അവതരണാനുമതി തേടിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് ഈ പ്രോജക്ടുമായി ബന്ധപ്പെട്ട് ഇതുവരെ പ്രതിഫലമൊന്നും നൽകിയിട്ടില്ല. ഈ ആപ്ലിക്കേഷൻ പൂർണ്ണമായി വികസിപ്പിച്ച ശേഷം അത് കേരള പൊലീസിന് കൈമാറുന്നതും തുടർന്നുള്ള പ്രവർത്തനം കേരള പൊലീസിന്റെ സിസ്റ്റം അഡ്മിനിസ്ട്രേറ്റർ നേരിട്ട് കൈകാര്യം ചെയ്യുന്നതുമായിരിക്കുമെന്നും പ്രതിപക്ഷം അനാവശ്യ ഭീതി പരത്തുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പാസ്പോർട്ട് വെരിഫിക്കേഷൻ ഫലപ്രദമായും പെട്ടെന്നും അഴിമതി രഹിതമായി നടത്താൻ ആധുനിക സാങ്കേതികവിദ്യയായ ബ്ലോക്ക് ചെയിൻ ഉപയോഗിക്കാൻ ഒരു പ്രൂഫ് ഓഫ് കൺസെപ്റ്റ് നടപ്പിലാക്കാനാണ് തീരുമാനിച്ചത്. ഇതിന് സർക്കാർ അംഗീകൃതമായ ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ എന്ന നിലയിൽ ഊരാളുങ്കൽ ലേബർ കോൺട്രാക്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന സ്ഥാപനത്തെ ചുമതലപ്പെടുത്തുകയാണുണ്ടായത്. ഇക്കാര്യത്തിൽ എല്ലാ സുരക്ഷയും ഉറപ്പുവരുത്തുന്ന നിബന്ധനകളോടെ നടപ്പിലാക്കാനുള്ള ഇടപെടലായിരിക്കും സർക്കാർ നടത്തുക. ഊരാളുങ്കൽ ലേബർ സൊസൈറ്റിയെ മുൻപ് അധികാരത്തിലിരുന്ന സർക്കാരുകൾ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മാറിമാറി വരുന്ന സർക്കാരുകളും വകുപ്പുകളും ഊരാളുങ്കലിനോട് മമത കാണിക്കുന്നത് അവരുടെ കാര്യക്ഷമത കാരണമാണ്. നല്ലൊരു സ്ഥാപനത്തെ അനാവശ്യമായി അപകീർത്തിപ്പെടുത്തരുത്.

ഊരാളുങ്കലിനോട് സ്വാഭാവികമായി അസൂയയുള്ള ആ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുണ്ടാകാം. അത്തരക്കാരുടെ വക്താവായി പ്രതിപക്ഷം മാറരുത്. ടോട്ടൽ സൊല്യൂഷൻ പ്രൊവൈഡർ പദവി ഊരാളുങ്കലിന് നൽകിയത് ഏത് കാലത്താണെന്നും മുഖ്യമന്ത്രി ചോദിച്ചു. ഒരു എപിഐ വിന്യസിക്കുമ്പോൾ നിലവിലുള്ള ഡാറ്റാബേസിന്റെ സുരക്ഷയെ ബാധിക്കുന്നില്ലെന്നും എപിഐ വഴി വിവരങ്ങൾ ചോരുന്നില്ല എന്നും ഉറപ്പാക്കുക തന്നെ ചെയ്യും. ഇതിനു വേണ്ടത് ഒരു സമഗ്രമായ സെക്യൂരിറ്റി ഓഡിറ്റിംഗ് സംവിധാനമാണ്. അത്തരത്തിലുള്ള ഒരു സൈബർ സെക്യൂരിറ്റി ഓഡിറ്റിംഗ് കൂടി പൂർത്തിയായാൽ മാത്രമേ ഈ സോഫ്റ്റ്‌വേയർ വിന്യസിക്കാനോ സർക്കാർ ഡാറ്റാ സെന്ററിൽ ലഭ്യമാക്കാനോ അനുമതി നൽകുകയുള്ളൂ. ഈ ഘട്ടത്തിൽ ഒരു ആശങ്കയും ഇത് സംബന്ധിച്ച് ഉയരേണ്ടതില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തിൽ അടിയന്തരപ്രമേയ നോട്ടീസിന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ അവതരണാനുമതി നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.