കരമന സ്വത്ത് തട്ടിപ്പ് കേസ്; 12 പേരെ പ്രതികളാക്കി പൊലീസ് എഫ്ഐആർ

Web Desk
Posted on October 28, 2019, 10:10 am

തിരുവനന്തപുരം : കരമന കാലടിയിലെ സ്വത്ത് തട്ടിപ്പ് കേസില്‍ പോലീസ് എഫ്‌ഐആര്‍ തയ്യാറാക്കി. സംഭവത്തിനാധാരമായ വീട്ടിലെ കാര്യസ്ഥനും മുന്‍ കളക്ടറും ഉള്‍പ്പെടെ 12 പേരെ പ്രതികളാക്കിയാണ് പൊലീസ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്.

കാര്യസ്ഥൻ രവീന്ദ്രന്‍ നായര്‍ ഒന്നാം പ്രതിയും മുന്‍ കളക്ടര്‍ മോഹന്‍ദാസ് പത്താം പ്രതിയുമാണ്. ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പോലീസ് 12 പേര്‍ക്കെതിരെയും കേസ്സെടുത്തത്.

വയനാട് മുന്‍ കളക്ടറായിരുന്ന മോഹന്‍ദാസിന്റെ ഭാര്യക്ക് വ്യാജ ഒസ്യത്ത് പ്രകാരം സ്വത്ത് ലഭിച്ചിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇതു ശരിവയ്ക്കുന്നതാണ് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് 12 പേര്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

മാനസികമായി ബുദ്ധിമുട്ടുള്ള ജയമാധവന്‍ നായരെ കബളിപ്പിച്ച്‌ 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്. വില്‍പ്പത്രമനുസരിച്ച്‌ ജയമാധവന്‍ നായരുടെ ഉമാമന്ദിരം എന്ന വീടിന്റെ ഉടമസ്ഥാവകാശവും രവീന്ദ്രന്‍ നായര്‍ക്കാണ്.