പതിനെട്ട് വര്‍ഷങ്ങള്‍ക്കു മുന്പ് കാണാതായ ഭര്‍ത്താവിനെ സ്വന്തം വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തി

Web Desk
Posted on August 25, 2019, 5:25 pm

കൊല്ലം: 18 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ ആളെ സ്വന്തം വീട്ടില്‍ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വടക്കേവിള ലക്ഷം വീട്ടില്‍ സുദര്‍ശന ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. 2001 ലാണ് കേസിനാസ്പദമായ സംഭവം. ഭര്‍ത്താവിനെ കാണാനില്ലെന്ന് കാണിച്ച് സുദര്‍ശന്റെ ഭാര്യ ശകുന്തള കൊല്ലം ഈസ്റ്റ് പോലീസില്‍ പരാതി നല്‍കിയിരുന്നു.

ജില്ലാ സിറ്റി ക്രൈംബ്രഞ്ച് മിസിംങ് പേഴ്‌സണ്‍ ട്രാക്കിംങ് യൂണിറ്റാണ് സ്വന്തം വീട്ടില്‍ നിന്ന് ഇയ്യാളെ അറസ്റ്റ് ചെയ്തത്. 2001 ല്‍ ഗുജറാത്തിലുള്ള തന്റെ സഹോദരിയുടെ അടുത്ത് യാത്ര പോയ സുദര്‍ശന ബാബുവിനെ കുറിച്ച് ഏറെ നാള്‍ വിവരം ഒന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് ഭാര്യ പരാതി നല്‍കിയത്. എന്നാല്‍ പാരതി നല്‍കി കുറച്ച് നാളുകള്‍ക്ക് ശേഷം ഇയ്യാള്‍ തിരികെ എത്തി.

അത് കഴിഞ്ഞ് ശകുന്തള കേസ് പിന്‍വലിക്കുകയോ സുദര്‍ശന ബാബു പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തില്ല. പോലീസാകട്ടെ സുദര്‍ശന ബാബുവിനെ തിരക്കി നടക്കുകയും ആയിരുന്നു. ഇയ്യാളെ കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് മിസിംങ് പേഴ്‌സണ്‍ ട്രാക്കിംങ് യൂണിറ്റിന് കൈമാറിയത്.
പരാതി പിന്‍വലിക്കാത്തതും സുദര്‍ശന ബാബു റിപ്പോര്‍ട്ട് ചെയ്യാതത്തുമാണ് അറസ്റ്റ് വരെ നീണ്ടതെന്നും നടപടിക്രനമങ്ങളുടെ ഭാഗമായാണ് അറസ്റ്റ് എന്നും പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ സുദര്‍ശന ബാബുവിന് കുടുംബത്തോടൊപ്പം പോകാന്‍ കോടതി അനുമതിയും നല്‍കി.

you may also like this video