Janayugom Online
http://janayugomonline.com/wp-content/uploads/2018/04/sreejith-murder.jpg

ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പൊലീസ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം

Web Desk

കൊച്ചി

Posted on May 10, 2018, 8:41 pm

വരാപ്പുഴയില്‍ കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പൊലീസ് കൈക്കൂലി വാങ്ങിയെന്ന് ആരോപണം. ശ്രീജിത്തിനെ മോചിപ്പിക്കാന്‍ പൊലീസ് പതിനയ്യായിരം രൂപ കൈക്കുലി വാങ്ങി. 25,000 രൂപയാണ് ശ്രീജിത്തിന് ചികില്‍സ നല്‍കാനും കേസ് ഒഴിവാക്കാനുമായി ചോദിച്ചത്. പറവൂര്‍ സിഐ ക്രിസ്പിന്‍ സാമിന് നല്‍കാമെന്ന് പറഞ്ഞ് ഡ്രൈവറാണ് ശ്രീജിത്തിന്റെ ബന്ധുവില്‍നിന്നു പണം വാങ്ങിയത്. കസ്റ്റഡിയിലെടുത്തതിന്റെ പിറ്റേന്നു വാങ്ങിയ കൈക്കൂലി ശ്രീജിത്ത് കൊല്ലപ്പെട്ടശേഷം ഇടനിലക്കാരന്‍വഴി തിരികെ നല്‍കുകയും ചെയ്‌തെന്നാണു വിവരം.

അതേസമയം, കേസില്‍ നാലു പൊലീസുകാരെക്കൂടി പ്രതിചേര്‍ത്തു. കസ്റ്റഡിമര്‍ദ്ദനം നടന്ന ദിവസം സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെയാണ് പ്രതി ചേര്‍ത്തത്. ദേവസ്വംപാടത്ത് ആത്മഹത്യ ചെയ്ത വാസുദേവന്റെ വീടാക്രമിക്കാനുപയോഗിച്ച ആയുധങ്ങളും അന്വേഷണസംഘം കണ്ടെടുത്തു.

ശ്രീജിത്തിന് മര്‍ദനമേറ്റ ഏപ്രില്‍ ആറിന് രാത്രി വരാപ്പുഴ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നാല് പൊലീസുകാരെയാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തത്. സ്റ്റേഷനിലെ അഡീഷണല്‍ എസ്‌ഐമാരായ ജയാനന്ദന്‍ സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ സുനില്‍കുമാര്‍, പി ആര്‍ ശ്രീരാജ് എന്നിവരെകൂടി ഉള്‍പ്പെടുത്തി പറവൂര്‍ കോടതിയില്‍ അന്വേഷണസംഘം റിപ്പോര്‍ട്ട് നല്‍കി.