ദമ്പതികള്‍ ചമഞ്ഞ് വീടുകളില്‍ ജോലിക്കെത്തി മോഷണം നടത്തിയ കാമുകിയും കാമുകനും അറസ്റ്റില്‍

Web Desk

രാജാക്കാട്

Posted on November 16, 2017, 7:55 pm

ദമ്പതികള്‍ ചമഞ്ഞ് വീടുകളില്‍ ജോലിക്ക് നിന്ന് മോഷണം നടത്തി വരുന്ന കാമുകിയും കാമുകനും പൊലീസ് പിടിയില്‍ തമിഴ്‌നാട് ഉത്തമപാളയം സ്വദേശികളായ രഘു ചിന്നരാജ്, ചന്ദ്രകല പെരുമാള്‍ എന്നിവരെയാണ് രാജാക്കാട് പൊലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്. രാജകുമാരി രേഖ ഇല്ലം രാജേന്ദ്രന്‍ നല്‍കിയ പരാതിയുടെ അടിസ്ഥനത്തിലാണ് ഇരുവരെയും പിടികൂടിയത്. സെപ്റ്റംബര്‍ മൂന്നാം തിയതിയാണ് രാജകുമാരി സ്വദേശി രേഖ ഇല്ലത്തില്‍ ചന്ദ്രശേഖരന്റെ വീട്ടില്‍ മോഷണം നടക്കുന്നത്. ഭാര്യ ഭര്‍ത്താക്കന്‍മാരാണ്
എന്ന് പറഞ്ഞ് വ്യാജപേരില്‍ തേനി ജില്ലയിലെ ഉത്തമപാളയം സ്വദേശികളായ രഘു ചിന്നരാജ്(29)ചന്ദ്രകല പെരുമാള്‍(42) എന്നിവര്‍ 22 ദിവസം മുന്‍പാണ് ഇവിടെ ജോലിക്ക് കയറുന്നത്. എലത്തോട്ടത്തിലെ ജോലികള്‍ക്കായിട്ടാണ് ഇരുവരും തമിഴ് നാട്ടില്‍ നിന്നും രാജകുമാരിയില്‍ എത്തിചേര്‍ന്നത്. വീടിനോട് ചേര്‍ന്നുള്ള കെട്ടിടത്തിലാണ് ഇരുവരും താമസിച്ചിരുന്നത്. രാജേന്ദ്രനും കുടുംബവും നാട്ടില്‍ പോയ സമയത്താണ് വീടിന്റെ ജനാലപൊളിച്ച് ഇരുവരും അകത്ത് കയറുകയും രണ്ടു എറ്റിഎം കാര്‍ഡുകള്‍, സ്വര്‍ണ്ണ കോയിന്‍, വെള്ളി അരഞ്ഞാണം കൊലുസ്, പൂജാ മുറിയില്‍ ഇരുന്ന നിലവിളക്കുകള്‍ എന്നിവ മോഷ്ടിച്ച ശേഷം ഇരുവരും തമിഴ് നാട്ടിലേക്ക് തിരികെ പോയി. നാട്ടില്‍ തിരികെ എത്തിയപ്പോള്‍ ആണ് മോഷണ വിവരം രാജേന്ദ്രന്‍ അറിയുന്നത് തുടര്‍ന്ന് രാജാക്കാട് പൊലീസില്‍ പരാതി നല്‍കുകയും എസ്‌ഐ അനൂപ് മോന്റെ
നേതൃത്വത്തില്‍ അന്വേഷണം ആരംഭിക്കുകയും ഇരുവരെയും തമിഴ്‌നാട്ടില്‍
നിന്നും പിടികൂടുകയും ചെയ്തു. അന്വേഷണത്തില്‍ കാമുകി കാമുകന്‍മാരാണ് എന്ന് തെളിയുകയും രഘുവിന് തേനിയില്‍ ഭാര്യയും മൂന്ന് കുട്ടികളും ഉള്ളതായി കണ്ടെത്തി. മോഷണം നടത്തിയ ഉരുപടികള്‍ തമിഴ്‌നാട്ടില്‍ വില്‍ക്കുകയും രണ്ട് എറ്റിഎം കാര്‍ഡില്‍ നിന്നും 1400 രൂപയോളം പിന്‍വലിക്കുകയും ചെയ്തതായും കണ്ടെത്തുകയും ചെയ്തു. ഇരുവരെയും അടിമാലി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.