യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു

Web Desk

കൊച്ചി

Posted on November 19, 2019, 8:38 am

നെടുമ്പാശേരി  അത്താണിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഗുണ്ടാ സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായത്. കൂടുതൽ പ്രതികൾക്കു വേണ്ടി പോലീസ് അന്വേഷണം തുടരുകയാണ്. ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രിയാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ തുരുത്തിശ്ശേരി സ്വദേശി ബിനോയിയെ നടുറോഡിൽ വെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. നാട്ടുകാർ നോക്കിനിൽക്കെയായിരുന്നു കാറിലെത്തിയ സംഘം ബിനോയിയെ ആക്രമിച്ചത്.

അരുംകൊലയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഗുണ്ടകൾ തമ്മിലുളള വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് നേരത്തെതന്നെ തിരിച്ചറിഞ്ഞ പോലീസ് പ്രതികളെ തന്ത്രപരമായി പിടികൂടുകയായിരുന്നു. ഗുണ്ടാ സംഘത്തിൽപ്പെട്ട അഖിൽ ഇയാളുടെ സഹോദരൻ നിഖിൽ, അരുൺ, ഷനോജ്, ജസ്റ്റിൻ തുടങ്ങിയ അഞ്ച് പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരല്ല ഇവരെന്നും മുഖ്യപ്രതികൾക്ക് സഹായം ചെയ്തുകൊടുത്തവരാണ് ഇവരെന്നും പോലീസ് പറഞ്ഞു. മറ്റ് പ്രതികൾക്കുവേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും റൂറൽ എസ് പി കാർത്തിക്ക് അറിയിച്ചു. കാപ്പ കേസുകളിൽ പ്രതിയായ ബിനുവും സംഘവുമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് വിവരം. എന്നാൽ ബിനുവിനെ പിടികൂടാൻ കഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ട ബിനോയിയും കാപ്പ നിയമപ്രകാരം ജയിൽശിക്ഷ അനുഭവിക്കുകയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമാണ്. അത്താണി ബോയ്സ് എന്നറിയപ്പെടുന്ന ഗുണ്ടാ സംഘാംഗം കൂടിയായിരുന്നു ബിനോയി.