Web Desk

ലഖ്നൗ

December 11, 2020, 10:52 pm

ലൗജിഹാദ് ആരോപിച്ച് മുസ്‍ലിം ദമ്പതികളെ പൊലീസ് പൂട്ടിയിട്ടു

Janayugom Online

ഉത്തര്‍പ്രദേശില്‍ ലൗജിഹാദ് ആരോപിച്ച് മുസ്‍ലിം ദമ്പതികളെ പൊലീസ് സ്റ്റേഷനില്‍ പൂട്ടിയിട്ടു. മുസ്‍ലിം പുരുഷൻ ഹിന്ദു സ്ത്രീയെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന അജ്ഞാത ഫോണ്‍ സന്ദേശത്തെത്തുടര്‍ന്നാണ് പൊലീസ് വിവാഹച്ചടങ്ങ് തടഞ്ഞത്. ഇരുവരും മുസ്‍‍ലിങ്ങളാണെന്ന് മനസ്സിലാക്കി പിറ്റേദിവസം മാത്രമാണ് അവരെ വിട്ടയച്ചത്. കശ്യ പൊലീസ് സ്റ്റേഷനിൽവച്ച് പൊലീസ് തന്നെ ലെതര്‍ ബെല്‍റ്റ് ഉപയോഗിച്ച് മർദ്ദിക്കുകയും മണിക്കൂറുകളോളം പീഡിപ്പിക്കുകയും ചെയ്തുവെന്ന് മുപ്പത്തിയൊൻപതുകാരനായ വരൻ ഹൈദർ അലി പറഞ്ഞു.

ബുധനാഴ്ച യുവതിയുടെ സഹോദരൻ അസംഗഢ് ജില്ലയിൽ നിന്ന് എത്തി വിവാഹത്തിന് എതിര്‍പ്പില്ലെന്ന് അറിയിച്ച ശേഷമാണ് ദമ്പതികൾ വിവാഹിതരായത്.

എന്നാൽ വിവാഹം തടഞ്ഞ് മുസ്‌ലിം നവദമ്പതികളെ സ്റ്റേഷനിലെത്തിച്ച് മര്‍ദ്ദിച്ച സംഭവത്തെ ന്യായീകരിച്ച് യുപി പൊലീസ് രംഗത്തെത്തി. സംഭവത്തില്‍ നിയമ ലംഘനങ്ങളോ മനുഷ്യാവകാശ ലംഘനങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പൊലീസ് വാദം. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് വിചിത്ര ന്യായീകരണവുമായി പൊലീസെത്തിയത്.

തങ്ങള്‍ നിയമം ലംഘിച്ചിട്ടില്ലെന്നും സംസ്ഥാനത്തിന് കീഴിലുള്ള പുതിയ കര്‍ശന നിയമവിരുദ്ധ മതപരിവര്‍ത്തന നിയമം പ്രകാരം ക്രിമിനല്‍ കുറ്റത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സ്ഥിരീകരിക്കാനായി പ്രവര്‍ത്തിക്കുകയാണ് ചെയ്തതെന്നുമാണ് യുപി പൊലീസിന്റെ ന്യായീകരണം.

ബുധനാഴ്ച രാവിലെയാണ് ദമ്പതികളെ പോലീസ് സ്‌റ്റേഷനില്‍ നിന്ന് പുറത്തുപോവാന്‍ അനുവദിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. വരനെ സ്‌റ്റേഷനുള്ളില്‍ വച്ച് മര്‍ദ്ദിച്ചെന്ന ആരോപണം തെറ്റാണെന്നും പൊലീസ് പറയുന്നു. പരാതി ലഭിച്ചതോടെ പ്രതികളെ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. ഇതില്‍ മനുഷ്യാവകാശ ലംഘനമില്ലെന്നും പൊലീസ് പറഞ്ഞു. ലൗജിഹാദാണെന്ന് കിംവദന്തി പ്രചരിപ്പിച്ചവരെ കശ്യ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ സഞ്ജയ് കുമാർ കുറ്റപ്പെടുത്തി. ഇരുവരും ഒരേ മതക്കാരാണെന്ന് തിരിച്ചറിഞ്ഞതോടെ ദമ്പതികളെ വിട്ടയച്ചതായും അദ്ദേഹം പറഞ്ഞു. ഹൈദര്‍ അലിയെ മര്‍ദ്ദിച്ചുവെന്ന ആരോപണത്തെ എസ്‌പി വിനോദ് കുമാര്‍ സിങ് നിഷേധിച്ചു.

നിയമവിരുദ്ധ മതപരിവര്‍ത്തനത്തിനെതിരായ സംസ്ഥാനത്തെ പുതിയ നിയമത്തിന്റെ നഗ്‌നമായ ദുരുപയോഗമല്ലേ നടന്നത് എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, ഒരാള്‍ വിവാഹ ആവശ്യത്തിനായി മാത്രം പരിവര്‍ത്തനം ചെയ്യുകയാണെങ്കില്‍ മാത്രമേ ഇത് ബാധകമാവൂവെന്നും ഇത് അങ്ങനെയല്ലെന്നും എസ്‌പി പറഞ്ഞു.

വ്യാജവിലാസം നല്‍കിയോ നിര്‍ബന്ധിതമായോ മതംമാറ്റി വിവാഹം കഴിക്കുന്നത് തടയുകയെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ പുതുതായി കര്‍ശന നിയമം കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം സംഭവങ്ങളെ കുറ്റകൃത്യമായി പ്രഖ്യാപിക്കുകയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്യും. വിവാഹശേഷം മതപരിവര്‍ത്തനം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്‌ട്രേറ്റിന് രണ്ട് മാസം മുമ്പ് നോട്ടീസ് നല്‍കണം. മതം മാറിയ വ്യക്തി തന്റെ മാറ്റവും വിവാഹവും നിര്‍ബന്ധിതമല്ലെന്ന് തെളിയിക്കേണ്ടതാണെന്നും പുതിയ നിയമത്തില്‍ പറയുന്നുണ്ട്. രാജ്യത്തെ എല്ലാവിധ ഏജന്‍സികളും അന്വേഷിച്ചിട്ടും കെട്ടുകഥയാണെന്നു തെളിഞ്ഞ ‘ലൗ ജിഹാദ്’ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയും മിശ്രവിവാഹം, പ്രത്യേകിച്ച് മുസ്‌ലിം യുവാക്കളും ഇതര മതത്തിലെ പെണ്‍കുട്ടികളും തമ്മിലുള്ള വിവാഹം തടയുകയും സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുവാനുമാണ് യോഗി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് സാമൂഹ്യ പ്രവർത്തകർ പറഞ്ഞു.

 

Eng­lish Sum­ma­ry: Police have detained a Mus­lim cou­ple accused of jihad

You may like this video also