June 29, 2022 Wednesday

രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ പൊലീസ് കണ്ടെത്തി

By Janayugom Webdesk
February 5, 2020

രണ്ടുവർഷം മുമ്പ് കാണാതായ യുവാവിനെ പൊലീസ് കണ്ടെത്തി. വിദഗ്ധമായ അന്വേഷണത്തിലൂടെയാണ് കണ്ണൂർ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കണ്ടെത്തിയത്. തമിഴ്‌നാട്ടിൽ മൂന്നാംവർഷ എൻജിനിയറിംഗിന് പഠിച്ചുകൊണ്ടിരിക്കെയാണ് എറണാകുളം ചങ്ങനാശേരി സ്വദേശിയായ യുവാവിനെ കാണാതാവുന്നത്. തുടർന്നു തമിഴ്‌നാട്ടിലും സ്വദേശമായ എറണാകുളത്തും ഉൾപ്പെടെയുള്ള പോലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയെങ്കിലും ആരും കാര്യക്ഷമമായി അന്വേഷണം നടത്താൻ തയാറായിരുന്നില്ല.

ഇതിനിടെയാണു കണ്ണൂരിൽ കേണലായി വന്ന സഹോദരന്റെ ജ്യേഷ്ഠന്‍ കണ്ണൂർ ടൗൺ പോലീസിൽ പരാതി നൽകുന്നത്. പ്ലസ്ടുവിന് 90 ശതമാനത്തിലേറെ മാർക്ക് ലഭിച്ച സഹോദരന്റെ മകനെ പിന്നീട് ചെന്നൈയിലെ ഉന്നത എൻജിനിയറിംഗ് കോളജിൽ പഠിച്ചുകൊണ്ടിരിക്കെയാണ് ഒരുദിവസം കാണാതാവുന്നത്. മാതാവ് നേരത്തെ മരിച്ചതിനെ തുടർന്ന് ഏറെ മാനസിക പ്രയാസം സഹോദരന്റെ മകനുണ്ടായിരുന്നെങ്കിലും പിതാവിന്റെ സ്നേഹവും പിന്തുണയുമാണ് മകന് ഊർജം നൽകിയിരുന്നത്. എന്നാൽ വിരമിച്ചു രണ്ടാംമാസം സെൻട്രൽ ഗവൺമെന്റിൽ അണ്ടർ സെക്രട്ടറിയായിരുന്ന പിതാവും കൂടി മരിച്ചതോടെയാണ് അനാഥനായിപ്പോയെന്ന ചിന്തയിൽ കോളജിൽ സഹോദരന്റെ മകനെ കാണാതായതെന്നു കേണൽ ടൗൺ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

തമിഴ്‌നാട്ടിലെയും കേരളത്തിലെയും മറ്റു പോലീസ് അധികൃതർ ഇതുസംബന്ധിച്ചുള്ള പരാതിയെക്കുറിച്ചുള്ള അന്വേഷണം കൈയൊഴിഞ്ഞതോടെയാണ് കേണൽ അവസാനഘട്ടമെന്ന നിലയിൽ കണ്ണൂർ ടൗൺ സിഐ പ്രദീപ് കണ്ണിപ്പൊയിലുമായി സംസാരിക്കുന്നത്. ഒന്നരക്കോടി രൂപയുടെ ഇൻഷ്വറൻസ് മാത്രം കാണാതായ എൻജിനിയറിംഗ് വിദ്യാർഥിയുടെ പേരിലുണ്ട്. അച്ഛനും അമ്മയും ഉന്നത ഉദ്യോഗസ്ഥരായിരുന്നു. ഏക മകനായിരുന്നു വിദ്യാർഥി. തുടർന്നു പരാതി ലഭിച്ചതോടെ ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിൽ സഹപ്രവർത്തകരായ മുരളി, രാജീവൻ എന്നിവർ 18 ദിവസത്തോളം ചെന്നൈയിൽ പോയി അന്വേഷിച്ചപ്പോഴാണു ചെന്നൈയ്ക്കടുത്ത ഷോളിംഗ് നെല്ലൂർ എന്ന സ്ഥലത്തെ ഒരു പഴയ വീടിന്റെ വരാന്തയിൽ കിടന്നുറങ്ങുന്ന നിലയിൽ വിദ്യാർഥിയെ കാണുന്നത്.

ഒരു ബേക്കറിയിൽ ജോലിയെടുത്ത് അതാതു ദിവസം ജീവിതം തള്ളിനീക്കുകയായിരുന്നു കോടികളുടെ ആസ്തിയുള്ള ഈ യുവാവ്. ആ പ്രദേശത്തെ ഒരു കടയിൽ നിന്നു യുവാവിന്റെ പേരിൽ വാങ്ങിയ കുറിപ്പാണു പോലീസ് അന്വേഷണത്തിന് തുമ്പായത്. തുടർന്ന് ഈ യുവാവിനെയും കൂട്ടി കേണലിനു കൈമാറുകയായിരുന്നു. രണ്ടുവർഷത്തിനുശേഷം സഹോദരന്റെ മകനെ ജീവനോടെ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഈ കുടുംബം.

Eng­lish sum­ma­ry: Police have found the miss­ing youth two years ago.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.