May 28, 2023 Sunday

Related news

April 12, 2020
March 22, 2020
March 14, 2020
March 3, 2020
February 29, 2020
February 27, 2020
February 25, 2020
February 24, 2020
February 22, 2020
February 21, 2020

ട്രംപ് എത്താൻ നിമിഷങ്ങള്‍ മാത്രം ബാക്കി; പൗരത്വ ഭേദഗതിയെ ചൊല്ലിയുള്ള സംഘർഷം, മൂന്ന് പേർ കൊല്ലപ്പെട്ടു

Janayugom Webdesk
ഡല്‍ഹി
February 24, 2020 4:47 pm

പൗരത്വഭേദഗതി നിയമത്തിനെതിരായി വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ നടന്നുവന്ന സമരത്തിനുനേരെ ബിജെപിക്കാർ ഞായറാഴ്ച നടത്തിയ കല്ലേറിനെ തുടർന്നുണ്ടായ സംഘർഷം വ്യാപിച്ചു. ഇന്നലെയും വിവിധ സമരകേന്ദ്രങ്ങൾക്കു നേരെ ബിജെപിക്കാരും പൊലീസും ചേർന്ന് അതിക്രമം അഴിച്ചുവിട്ടു. പ്രതിഷേധക്കാരും തിരിച്ച് കല്ലെറിഞ്ഞു. സംഘർഷത്തിൽ നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ഒരു പൊലീസുകാരനും പ്രദേശവാസികളായ രണ്ടുപേരും കൊല്ലപ്പെടുകയും ചെയ്തു. ഡല്‍ഹി പോലീസ് ഹെഡ് കോണ്‍സ്റ്റബിള്‍ രത്തൻ ലാൽ, മുഹമ്മദ് ഫുർഖാൻ, ഷാഹിദ് അൽവി എന്നിവരാണ് മരിച്ചത്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ജാഫറാബാദില്‍ സിഎഎക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ സമാധാനപരമായ സമരമാണ് തുടര്‍ന്നു വന്നത്. സമരത്തെ തുടർന്ന് ഗതാഗതതടസമുണ്ടായതിനെതിരെ ബിജെപി നേതാവ് കപില്‍ മിശ്ര രംഗത്ത് എത്തിയിരുന്നു. വര്‍ഗ്ഗീയ വിഷം നിറച്ച പ്രസംഗങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ ആളാണ് മിശ്ര. മൂന്നു ദിവസത്തിനുള്ളില്‍ സമരക്കാരെ നീക്കണമെന്നും അല്ലെങ്കില്‍ തങ്ങള്‍ മുന്നിട്ടിറങ്ങുമെന്നുമുള്ള മിശ്രയുടെ പ്രസംഗമാണ് കാര്യങ്ങള്‍ വഷളാക്കാനിടയാക്കിയത്.

ഞായറാഴ്ച സമരക്കാര്‍ക്കുനേരെ പൊലീസ് നോക്കിനില്ക്കേ ബിജെപിക്കാർ കല്ലെറിഞ്ഞതാണ് പ്രകോപനമുണ്ടാക്കിയത്. തിരിച്ചും കല്ലേറുണ്ടായി. ഇന്നലെയും സമാനമായ സംഭവങ്ങളാണ് അരങ്ങേറിയത്. ഏകദേശം പത്തു കിലോമീറ്ററോളം വരുന്ന മേഖലയിലാണ് കല്ലേറും തീവെയ്പ്പും അരങ്ങേറിയത്. ഇതിനിടെ സമരക്കാർക്കുനേരെ ഒരാൾ വെടിവയ്ക്കുന്നതിന്റെയും പൊലീസ് കല്ലെറിയുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഭജന്‍പുര, ജാഫറാബാദ്, മൗജ്പൂര്‍ ഗോഗുല്‍പുരി തുടങ്ങിയ മേഖലകളിലാണ് സി എ എ അനുകൂലികളും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. നിരവധി വീടുകള്‍ക്കും കടകള്‍ക്കും വാഹനങ്ങൾക്കും നാശനഷ്ടം സംഭവിച്ചു. ഭജന്‍പുരയില്‍ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്ക് തീവച്ചതോടെ തീ പമ്പിലേക്കും പടര്‍ന്നു. കല്ലേറില്‍ പരിക്കേറ്റാണ് പൊലീസ് കോണ്‍സ്റ്റബിള്‍ രത്തൻ ലാൽ മരിച്ചത്. ഷാഹ്ദ്ര ഡിസിപിക്കും പരിക്കുപറ്റി. നിരവധി പേര്‍ക്ക് കല്ലേറില്‍ പരിക്കേറ്റിട്ടുണ്ട്. ഇതിന് ശേഷമുണ്ടായ സംഘർഷത്തിലാണ് മുഹമ്മദ് ഫുർഖാൻ, ഷാഹിദ് അൽവി എന്നിവർ മരിച്ചത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ജാഫറാബാദ്, മൗജ്പൂര്‍ ഗോഗുല്‍പുരി, ജോഹ്‌റി എന്‍ക്ലേവ്, ശിവ് വിഹാര്‍, ബാബര്‍പൂര്‍ മെട്രോ സ്‌റ്റേഷനുകള്‍ അടച്ചിട്ടു. മേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ പൊലീസും ദ്രുതകര്‍മ്മ സേനയും ഈ മേഖലകളില്‍ നിലയുറപ്പിച്ചിട്ടുണ്ട്. പൊലീസ് കണ്ണീര്‍വാതകവും പ്രയോഗിച്ചിരുന്നു.

അക്രമികള്‍ ജയ് ശ്രീ രാം മുദ്രാവാക്യങ്ങളും മുഴക്കിയിരുന്നു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടു ആവശ്യപ്പെട്ടു. ആളുകളോടു അക്രമത്തില്‍നിന്നു വിട്ടുനില്‍ക്കാനും പ്രദേശത്തു സമാധാനം സ്ഥാപിക്കാന്‍ പൊലീസിനോടു നിര്‍ദ്ദേശിച്ചെന്നും സംഗതികള്‍ കൃത്യമായി നിരീക്ഷിച്ചുവരികയാണെന്നും ഡല്‍ഹി ലഫ്റ്റന്റ് ഗവര്‍ണ്ണര്‍ അനില്‍ ബെയ്ജാള്‍ ട്വീറ്റു ചെയ്തു. അലിഗഢിൽ പ്രക്ഷോഭകർക്കുനേരെ പൊലീസ് നടത്തിയ അതിക്രമത്തിനിടെ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു. കല്ലേറുണ്ടായതിനെ തുടർന്ന് പൊലീസ് വെടിവയ്പ് നടത്തുകയായിരുന്നു. വയറ്റിൽ വെടിയേറ്റ 22 വയസുള്ള താരിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സ്ഥിതി ഗുരുതരനിലയിലാണ്. വെള്ളിയാഴ്ച മഴ പെയ്തതിനെ തുടർന്ന് സമരപ്പന്തൽ കെട്ടുന്നതിന് അനുമതി നല്കാതിരുന്ന നടപടിയാണ് അലിഗഢ് അപ്പർകോട്ട് മേഖലയിൽ സംഘർഷാവസ്ഥയ്ക്കു കാരണമായത്. പൊലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന പ്രതിഷേധക്കാരെ ബലംപ്രയോഗത്തിലൂടെ നീക്കാൻ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോൾ പൊലീസ് ലാത്തിച്ചാർജ്ജ് നടത്തുകയായിരുന്നു. പൊലീസിന് നേരെ കല്ലേറുണ്ടായപ്പോൾ കണ്ണീർവാതകവും ഷെല്ലുകളും പ്രയോഗിച്ചതായി ജില്ലാ മജിസ്ട്രേറ്റ് ചന്ദ്രഭൂഷൺ സിങ് പറഞ്ഞു.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.