കൊച്ചിയിലെ ലാത്തിച്ചാര്‍ജ്ജ്: പൊലീസിന് വീഴ്ച സംഭവിച്ചെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

Web Desk
Posted on July 29, 2019, 10:30 pm

കൊച്ചി: സിപിഐ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്കുനേരെ പൊലീസ് നടത്തിയ അതിക്രമങ്ങള്‍ ജില്ലാ കളക്ടറുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ അക്കമിട്ട് വിവരിക്കുന്നു. കൃത്യമായ തെളിവുകള്‍ അടക്കമാണ് പൊലീസ് ഭീകരത തെളിയിക്കുന്ന റിപ്പോര്‍ട്ട് കളക്ടര്‍ എസ് സുഹാസ് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചത്.

എല്‍ദോ എബ്രഹാം എംഎല്‍എ ഹാജരാക്കിയ ഫോട്ടോയ്ക്ക് പുറമെ ലാത്തിച്ചാര്‍ജ് നടന്ന സ്ഥലത്തിന്റെ സമീപമുള്ള സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളും കളക്ടര്‍ ശേഖരിച്ചിരുന്നു. ഈ ദൃശ്യങ്ങളില്‍ സ്ഥാപന ത്തിന്റെ പരിസരത്തു കൂടി നടക്കുന്നയാളുകളെ പൊലീസ് തിരിച്ചുവിടുന്നുണ്ട്. സംഘര്‍ഷത്തിന് മുന്‍പാണിത്.

എംഎല്‍എയെ പൊലീസ് മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടതിനുശേഷമാണ് കളക്ടര്‍ ജനറല്‍ ആശുപത്രിയിലുള്ള പൊലീസുകാരെയും സ്വകാര്യ ആശുപത്രിയിലുള്ള സിപിഐ നേതാക്കളെയും കണ്ടത്. ജനറല്‍ ആശുപത്രിയില്‍ എംഎല്‍എയെ ചികിത്സിച്ച ഡോക്ടര്‍ പൊട്ടല്‍ സംബന്ധിച്ചു പറഞ്ഞിരുന്നതായി റിപ്പോര്‍ട്ടില്‍ സൂചന നല്‍കുന്നുണ്ട്. പൊലീസുകാരുടെയും നേതാക്കളുടെയും പരിക്ക് സംബന്ധിച്ചുള്ള ചിത്രങ്ങളും കളക്ടര്‍ ശേഖരിച്ചു.

പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞുവെന്ന ആരോപണത്തിനും ആവശ്യമായ തെളിവ് നല്‍കാന്‍ പൊലീസിനായില്ല. ഇത്തരം വസ്തുതകളുടെ അടിസ്ഥാനത്തില്‍ എംഎല്‍എയ്ക്കടക്കം മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എംഎല്‍എയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ടില്‍ സിപിഐ മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നും പരാമര്‍ശിച്ചതായാണ് സൂചന.

മാര്‍ച്ചിന് നേരെ ലാത്തിച്ചാര്‍ജ് നടത്തിയ സംഭവത്തില്‍ പൊലീസിന് വീഴ്ചപറ്റി. ലാത്തിച്ചാര്‍ജ് നടത്തുമ്പോള്‍ പാലിക്കേണ്ട നടപടിക്രമങ്ങള്‍ പാലിച്ചില്ല. സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് അറിയാമായിരുന്നിട്ടും മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനെ പൊലീസ് വിളിച്ചു വരുത്തിയില്ലെന്നും എംഎല്‍എയെയും നേതാക്കളെയും തിരിച്ചറിയുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയെന്നും കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന് നേരത്തെ പൊലീസ് അനുമതി വാങ്ങിയിരുന്നില്ല എന്ന ആരോപണം പൊലീസ് ഉന്നയിക്കുമ്പോള്‍ മാര്‍ച്ച് ആരംഭിക്കുന്നതിന് വളരെ മുന്‍പ് സ്റ്റേഷന്‍ ഓഫീസറുടെ സാന്നിധ്യം ഉണ്ടായിരുന്നതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

മാര്‍ച്ച് സംബന്ധിച്ച വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വന്നിരുന്നതിന്റെ വിശദാംശങ്ങളും നല്‍കിയിട്ടുണ്ട് . മാര്‍ച്ച് നടത്തിയ അന്നേ ദിവസംമാത്രമാണ് ഇക്കാര്യം അറിയിച്ചതെന്ന വാദം സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കമുള്ള വിഭാഗങ്ങളുടെ പരാജയമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞതായി സൂചനയുണ്ട്.

എല്‍ദോ എബ്രഹാം എംഎല്‍എ അടക്കമുള്ള നേതാക്കള്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റത് സംബന്ധിച്ച് വിശദമായ അന്വേഷണമാണ് എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ് നടത്തിയത്. ഒരാഴ്ചയ്ക്കകം തന്നെ അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു. അതേസമയം, പൊലീസ് ലാത്തിച്ചാര്‍ജിനിടെ കൈക്ക് പറ്റിയ പരുക്കിനെ കുറിച്ചുള്ള കൂടുതല്‍ മെഡിക്കല്‍ രേഖകള്‍ എല്‍ദോ എബ്രഹാം എംഎല്‍എ എറണാകുളം ജില്ലാ കലക്ടര്‍ക്ക് കൈമാറി. മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററില്‍ സിടി സ്‌കാന്‍ നടത്തിയതിന്റെ റിപ്പോര്‍ട്ടനുസരിച്ച്, എംഎല്‍എയുടെ കൈയില്‍ പൊട്ടലുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്.