Monday
23 Sep 2019

പൊലീസ് സേനയ്ക്ക് മജിസ്റ്റീരിയല്‍ അധികാരം സമവായത്തിലൂടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

By: Web Desk | Tuesday 18 June 2019 6:17 PM IST


തിരുവനന്തപുരം: സംസ്ഥാനത്ത് കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ കമ്മിഷണറേറ്റുകള്‍ രൂപീകരിച്ച് പൊലീസ് സേനയ്ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്ന തീരുമാനം സമവായത്തിലൂടെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ചര്‍ച്ചകളിലെ അഭിപ്രായ സമന്വയത്തിലെത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളൂവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പൊലീസ് സേനയ്ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതു സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പൊലീസ് സേനയ്ക്ക് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതു സംബന്ധിച്ച നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരവിറക്കിയത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ 2012 നവംബര്‍ 28ലെ മന്ത്രിസഭാ യോഗം വിഷയം പരിഗണിച്ചു. തുടര്‍ന്ന് ധന, നിയമ വകുപ്പുകളുടെ പരിശോധനയും അഭിപ്രായവും ആരാഞ്ഞു. മറുപടി ലഭിച്ചശേഷം 2013 ജനുവരി 23ന് ചേര്‍ന്ന മന്ത്രിസഭ തിരുവനന്തപുരം, കൊച്ചി നഗരങ്ങളില്‍ മെട്രോ പൊളിറ്റിയന്‍ പൊലീസ് സമ്പ്രദായം ഏര്‍പ്പെടുത്താന്‍ അംഗീകാരം നല്‍കുകയും ജനുവരി 29ന് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു. വിശദമായ ചര്‍ച്ചകള്‍ക്കും പരിശോധനകള്‍ക്കുശേഷമാണ് യുഡിഎഫ് മന്ത്രിസഭ തീരുമാനമെടുത്തതെന്ന് വ്യക്തമെന്ന് രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു.
എല്‍ഡിഎഫ് സര്‍ക്കാര്‍ പുതുതായി ഒരു തീരുമാനവും ഇക്കാര്യത്തില്‍ എടുത്തിട്ടില്ല. 1977ല്‍ നിയമിച്ച ദേശീയ പൊലീസ് കമ്മിഷന്റെ പ്രധാന ശുപാര്‍ശകളിലൊന്നായിരുന്നു അഞ്ചുലക്ഷത്തിലധികം ജനസംഖ്യയുള്ള നഗരങ്ങളിലെ പൊലീസ് കമ്മിഷണറേറ്റ് രൂപീകരണമെന്നത്. ജസ്റ്റിസ് കെ ടി തോമസ് ചെയര്‍മാനായ കേരള പൊലീസ് പെര്‍ഫോമന്‍സ് ആന്‍ഡ് അക്കൗണ്ടബിലിറ്റി കമ്മിഷന്‍ കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളില്‍ കമ്മിഷണറേറ്റ് രൂപീകരിക്കാനും, ഡിഐജിമാരെ കമ്മിഷണര്‍മാരാക്കാനും ശുപാര്‍ശ ചെയ്തു. നഗര വളര്‍ച്ചയുടെ പ്രശ്‌നങ്ങള്‍ പരിഗണിക്കുമ്പോഴാണ് കമ്മിഷണറേറ്റ് രൂപീകരണത്തിന്റെ  പ്രാധാന്യം ഉയരുന്നത്. ഇന്ത്യയില്‍ 44 നഗരങ്ങളില്‍ നിലവില്‍ കമ്മിഷണറേറ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. കോണ്‍ഗ്രസ് ഭരിക്കുന്നതും ഭരിച്ചിരുന്നതുമായ സംസ്ഥാനങ്ങളിലെ നഗരങ്ങളും ഉള്‍പ്പെടുന്നു. തിരുവനന്തപുരത്ത് 21 ലക്ഷവും, കൊച്ചിയില്‍ 18 ലക്ഷവും ജനസംഖ്യയാണ് നിലവിലുള്ളത്.
മജസ്റ്റീരിയല്‍ അധികാരം നല്‍കുമ്പോള്‍ നിലവില്‍ ജില്ല കളക്ടര്‍മാരുടെ കൈവശമുള്ള മജിസ്റ്റീരിയല്‍ അധികാരങ്ങളില്‍ ചിലത് പൊലീസ് കമ്മിഷണര്‍ക്ക് കൈമാറേണ്ടതായി വരും.  ഇത് അടക്കമുള്ള കാര്യങ്ങള്‍ കൂട്ടായി ആലോചിച്ച് മാത്രമേ തീര്‍പ്പുണ്ടാക്കാനാകു. വാദിയും വിധികര്‍ത്താവും ഒരാളാകണമെന്ന് സര്‍ക്കാര്‍ കാണുന്നില്ല. ഉദ്യോഗസ്ഥന്മാരെ വിവിധ ലോബികളായി കാണുന്ന പ്രതിപക്ഷത്തിന്റെ അഭിപ്രായത്തോട് യോജിക്കാന്‍ ആകില്ല.
പൊലീസ് സേനയില്‍ അച്ചടക്കരാഹിത്യമുണ്ടെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രമസമാധാനപാലനത്തില്‍ മുന്‍പന്തിയിലാണ് കേരളം. കുറ്റാന്വേഷണത്തില്‍ ആധുനിക രീതികള്‍ സ്വയത്തമാക്കി, വിജയകരമായി പ്രായോഗികമാക്കുന്നു. പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിഹത്യ നടത്താന്‍ ചില ഭാഗങ്ങളില്‍നിന്ന് ശ്രമങ്ങളുണ്ടാകുന്നതായും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയെത്തുടര്‍ന്ന് വി ടി ബലറാം നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Related News