പിരിഞ്ഞേ പറ്റൂ, വരുന്നത് ഭൂത് ജൊലോകിയ

Web Desk
Posted on July 04, 2019, 5:17 pm

പോലീസ് നേരിടുന്ന ആഗോളപ്രശ്‌നമാണ് സമരക്കാരെ പ്രതിരോധിക്കല്‍ . പ്രശ്‌നക്കാരെ പിരിച്ചുവിടുകയാണ് വേണ്ടത്. അതിനുള്ള ശ്രമം അടിയിലും വെടിയിലും കലാശിക്കുന്നത് പതിവ്. എന്നാലത് കൂടുതല്‍ പ്രശ്‌നങ്ങളിലേക്കു നീങ്ങും. അതായത് ചെറിയ പ്രശ്‌നം ഒതുക്കാന്‍ ശ്രമിക്കുമ്പോള്‍ പലപ്പോഴും വലിയ അപകടമാകും. ലാത്തിച്ചാര്‍ജ് മുതല്‍ ഗ്രനേഡ് പ്രയോഗം വരെ പോലീസ് നടത്താറുണ്ട്. ഇതൊക്കെ പലപ്പോഴും സമരക്കാര്‍ക്ക് ശാരീരിക  പരുക്കും ജീവാപായവും ഏല്‍പ്പിക്കാറുണ്ട്.

എന്നാല്‍, അസം പോലീസ് ഒരു പുതിയ പ്രതിരോധിക്കല്‍ തന്ത്രവുമായി രംഗത്തെത്തിയിരിക്കുകയാണ്. മുളക് പ്രയോഗം. അതും ലോകത്തിലെ ഏറ്റവും ചൂടന്‍ മുളകുകൊണ്ട്.

ഇന്ത്യയുടെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ധാരാളമായി കാണുന്ന ഭൂത് ജൊലോകിയ എന്ന ചൂടന്‍ മുളകിന്റെ സത്തുപയോഗിച്ച് പ്രത്യേക ആയുധം നിര്‍മ്മിച്ചിരിക്കുകയാണ് ഡി.ആര്‍.ഡി.ഒ. സാധാരണ നമ്മള്‍ ഉപയോഗിക്കുന്ന മുളകിനെക്കാള്‍ 20 മടങ്ങ് എരിവ് കൂടുതലാണ് ഭൂത് ജൊലോകിയ എന്ന മുളകിന്.

സമരങ്ങളും കലാപങ്ങളും നിയന്ത്രണാതീതമാകുമ്പോള്‍ പ്രയോഗിക്കാനുള്ള ചില്ലി ഗ്രനേഡാണ് ഭൂത് ജൊലോകിയയുടെ സത്തുകൊണ്ട് ഡിആര്‍ഡിഒ വികസിപ്പിച്ചിരിക്കുന്നത്.

അസം നാഗാലാന്‍ഡ് മേഖലയില്‍ കൃഷിചെയ്യുന്ന ഈ മുളക് തദ്ദേശീയരുടെ അഭിമാനപ്രതീകമാണ്. നമുക്ക് കഴിക്കാന്‍ ഭയം തോന്നുമെങ്കിലും ഈ മുളക് ചേര്‍ത്ത് അസമിലെ ജനങ്ങള്‍ അച്ചാര്‍, ചട്‌നി എന്നിവയൊക്കെ ഉണ്ടാക്കാറുണ്ട്. എരിവ് കൂടുതലായതുകൊണ്ട് അധികം ഉപയോഗിക്കേണ്ടതില്ലെന്നു മാത്രം. ഭൂഗോളത്തിലെ ഏറ്റവും എരിവുള്ള മുളകെന്ന പേരില്‍ 2007ല്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയിട്ടുണ്ട് ഇത്. എരിയും ചൂടുമാണ് പ്രത്യേകത. ഇത് രുചിച്ചാല്‍ എരിയും കണ്ണും മൂക്കും നിറഞ്ഞ് ഒഴുകും എക്കിളുണ്ടാവും ശ്വാസം ബുദ്ധിമുട്ടാകും.

2009 ലാണ് ഇത്തരത്തില്‍ ചില്ലി ഗ്രനേഡ് നിര്‍മ്മിക്കാന്‍ ഡിആര്‍ഡിഒ പദ്ധതി ഇട്ടത്. 2015 ഓഗസ്റ്റ് മുതല്‍ ഭീകര വിരുദ്ധ നടപടികളില്‍ സുരക്ഷാ സേന ഇത് ഉപയോഗിക്കുന്നുണ്ട്.

എന്തായാലും, ഈ ചൂടന്‍ മുളക് ഇനി കലാപകാരികളുടെ കണ്ണും മൂക്കുമൊക്കെ നന്നായി പുകയ്ക്കും. അക്രമികളും പ്രക്ഷോഭകരും പിരിഞ്ഞുപോവുകയല്ല, ജീവനും കൊണ്ട് പാഞ്ഞ് ഒളിക്കുമെന്നാണ് പൊലീസിന്റെ വിശ്വാസം.
പ്രധാനമായും കെട്ടിടങ്ങള്‍ക്ക് ഉള്ളിലും മറ്റും മറഞ്ഞിരിക്കുന്ന ഭീകരവാദികളെ പുകച്ച് പുറത്തുചാടിക്കാന്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാറുണ്ട്. എന്നാല്‍, പോലീസിന് ക്രമസമാധാന പാലനത്തിനായി ഇവ കൈമാറുന്നത് ഇതാദ്യമാണ്. ചോരച്ചാലുകള്‍ നീന്തിക്കയറാന്‍ ബാരിക്കേഡ് തകര്‍ത്ത് പൊലീസിനോട് ഏറ്റുമുട്ടുന്ന നമ്മുടെ നാട്ടിലും സംഭവം വൈകാതെ എത്തുമെന്ന് പ്രതീക്ഷിക്കാം.