വിഷമിപ്പിച്ചെങ്കിൽ മാപ്പ‌്: മാറി നിൽക്കാനുണ്ടായ സാഹചര്യം പിന്നീട‌് പറയാം

Web Desk

കൊച്ചി

Posted on June 15, 2019, 9:55 pm

രണ്ട‌് ദിവസമായി കാണാതായ എറണാകുളം സെൻട്രൽ പൊലീസ‌്  സിഐ വി എസ‌് നവാസിനെ തമിഴ്‌നാട്ടിലെ കാരൂരില്‍ നിന്ന് കണ്ടെത്തി കൊച്ചിയിലെത്തിച്ചു. നാഗർകോ വിലിൽ നിന്നും കോയമ്പത്തൂരിലേക്കുള്ള യാത്രാമധ്യേ കാരൂരിൽ വച്ചാണ‌് റെയിൽവേ പൊലീസ‌് ഇദ്ദേഹത്തെ കണ്ടെത്തിയത‌്. വ്യാഴാഴ്ച രാവിലെ കാണാതായ നവാസിനെ ശനിയാഴ്ച പുലര്‍ച്ചെ മൂന്നിന‌് കാരൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും പാലക്കാട് എസ‌്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സിഐയെ പാലക്കാട് എത്തിച്ചു. പിന്നീട‌് കൊച്ചി സിറ്റി പൊലീസ് നവാസുമായി കൊച്ചിയിലേക്ക് തിരിച്ചു. വൈകിട്ട് അഞ്ചോടെ കളമശ്ശേരി ഗവണ്‍മെന്റ് റസ്റ്റ് ഹൗസിലെത്തിച്ച നവാസില്‍ നിന്ന് ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ മൊഴിയെടുത്ത ശേഷം മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി. രണ്ട് മണിക്കൂറോളം മൊഴിയെടുപ്പ് നീണ്ടു നിന്നു.

കാണാതായതിനെ തുടര്‍ന്ന് സ്വിച്ച് ഓഫായ നവാസിന്റെ ഫോണ്‍ ഓണായത‌് നിര്‍ണ്ണായക വഴിത്തിരിവായി. നാഗര്‍കോവില്‍-–-കോയയമ്പത്തൂര്‍ എക‌്സ‌്പ്രസിൽ യാത്രചെയ്യുകയായിരുന്ന നവാസിന്റെ മൊബൈല്‍ ഫോണ്‍ ശനിയാഴ‌്ച പുലര്‍ച്ചെ ഒന്നോടെയാണ് ഓണാക്കിയത്. ഇതോടെ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ കേരളാ പൊലീസ് തമിഴ്‌നാട് ആര്‍പിഎഫിന്റെ സഹായം തേടി. നവാസിന്റെ ഫോട്ടോയും തമിഴ്‌നാട് ആര്‍പിഎഫിന് അയച്ചു കൊടുത്തു. പുലർച്ചെ മൂന്നിന‌് മധുര റെയിൽവേ സ‌്റ്റേഷനിൽ മലയാളി ആർപിഎഫ് ഉദ്യോഗസ്ഥൻ നെടുങ്കണ്ടം തൂക്കുപാലം സ്വദേശി  സുനിൽകുമാറാണ‌് നവാസിനെ തിരിച്ചറിഞ്ഞ‌് വിവരം കൈമാറിയത‌്.

ആര്‍പിഎഫ് തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് കാരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വിശ്രമിച്ച നവാസ് രാമേശ്വരത്തേക്ക‌് പോകുകയാണെന്ന‌് ഉദ്യോഗസ്ഥരോട് പറഞ്ഞു.  ഇതിനിടെ നവാസ് വീട്ടുകാരുമായും ബന്ധുക്കളുമായും ഫോണില്‍ സംസാരിച്ചു. ഇവിടെ നടന്ന കാര്യങ്ങളൊന്നും താന്‍ അറിഞ്ഞില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ കൊച്ചിയിലെത്തിയിട്ട് വെളിപ്പെടുത്താമെന്നുമാണ് അദ്ദേഹം ബന്ധുവിനോട് പറഞ്ഞത്. രാമേശ്വരത്തിനടുത്ത് രാമനാഥപുരത്തുള്ള അധ്യാപകനെ കണ്ടപ്പോൾ ഏറെ ആശ്വാസമായെന്ന് അദ്ദേഹം പ്രതികരിച്ചുവെന്ന് സുഹൃത്തുക്കളും വ്യക്തമാക്കി.  നവാസിനെ കണ്ടെത്താനായതില്‍ ആശ്വാസമുണ്ടെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
നവാസിനെ കണ്ടെത്തണമെന്ന് കാണിച്ച‌് ഭാര്യ വെള്ളിയാഴ്ച മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരുന്നു. ഉന്നത ഉദ്യോഗസ്ഥന്‍ മാനസികമായി പീഡിപ്പിച്ചുവെന്നാണ് പരാതിയിലുണ്ടായിരുന്നത‌്. ബുധനാഴ്ച രാത്രി മേലുദ്യോഗസ്ഥനായ എസിപി പി എസ് സുരേഷുമായി നവാസ് വയര്‍ലെസില്‍ വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലെത്തിയ നവാസ് നാടുവിടുകയായിരുന്നു. രാവിലെയാണ് സിഐയെ കാണുന്നില്ലെന്ന് കാണിച്ച് എറണാകുളം സൗത്ത് സ്‌റ്റേഷനില്‍ നവാസിന്റെ ഭാര്യ പരാതി നല്‍കിയത്.

തേവരയിലെ ക്വാർട്ടേഴ‌്സിൽ നിന്ന് ഇറങ്ങി കൊല്ലത്തേക്ക് ബസ്സില്‍ തിരിച്ച നവാസ് പിന്നീട‌് ട്രെയിനിൽ മധുരയ്ക്ക് പോയെന്നാണ‌് വിവരം. ഇവിടെയെത്തിയ ശേഷം കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കാനായി ടിക്കറ്റെടുത്തിരുന്നു നവാസ്. എന്നാൽ ഇത് കൺഫേം ആകാതിരുന്നതിനെ തുടർന്ന് സ്റ്റേഷനിലെത്തി അന്വേഷിക്കുന്നതിനിടെയാണ‌് ആർപിഎഫ‌് ഉദ്യോഗസ്ഥൻ സുനിൽകുമാർ കാണുന്നത‌്. ഉടൻ ഇദ്ദേഹം മേലുദ്യോഗസ്ഥരെ വിവരം ധരിപ്പിച്ചു. ടിക്കറ്റ് ഉറപ്പാകാത്തതിനെ തുടർന്ന് നാഗർകോവിൽ–– കോയമ്പത്തൂർ ട്രെയിനിലെ ലോക്കൽ കമ്പാർട്ടുമെൻറിൽ നവാസ് കയറി യാത്ര തുടങ്ങി. കാരൂരിൽ വച്ചാണ‌് നവാസിനെ കണ്ടെത്തി ആർപിഎഫ‌് ഓഫീസിലെത്തിച്ചത‌്.  എറണാകുളത്ത് നിന്നും ചേർത്തലയിലെത്തിയ നവാസ‌്, സുഹൃത്തായ പൊലിസുകാരന്റെ കാറിൽ കായംകുളത്ത് എത്തി. അവിടെ നിന്ന് കെഎസ്ആർടിസി ബസിൽ കൊല്ലത്തെത്തി. പിന്നീട് പുനലൂർ–- തെങ്കാശിവഴി രാമേശ്വരത്തേക്ക് പോയി. അവിടെ നിന്ന് മധുരയിലേക്ക് യാത്ര തിരിച്ചു. തുടർന്നാണ‌് കോയമ്പത്തൂരിലേക്കുള്ള ട്രെയിനിൽ കയറിയത്. മാറി നിൽക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച‌് പിന്നീട‌് പറയാമെന്നും ഭാര്യ പറഞ്ഞതിനെക്കുറിച്ച‌് അറിയില്ലെന്നും വി എസ‌് നവാസ‌് മാധ്യമങ്ങളോട‌് പറഞ്ഞു. മേലുദ്യോഗസ്ഥന്റെ പീഡനത്തെതുടർന്നാണോ മാറി നിന്നതെന്ന ചോദ്യത്തിന‌് വ്യക്തമായ മറുപടിയുണ്ടായില്ല. ഉച്ചയോടെ നവാസിന്റെ ഫേസ‌് ബുക്ക‌് പോസ‌്റ്റിലും നാട്ടിലേക്ക‌് തിരിച്ച‌് പോരുകയാണെന്നും വിഷമിപ്പിച്ചതിന‌് മാപ്പ‌് ചോദിക്കുന്നുവെന്നും കുറിപ്പിട്ടു. പോസ‌്റ്റ‌് ഇങ്ങനെ: മാപ്പ‌്, വിഷപ്പിച്ചതിന‌്. മനസ‌് നഷ‌്ടപ്പെടുന്നായപ്പോൾ ശാന്തി തേടി ഒരു യാത്ര പോയതാണ‌്. ഇപ്പോൾ തിരികെ യാത്ര. ഫേസ‌് ബുക്ക‌് പോസ‌്റ്റിൽ നവാസിന്റെ കുറിപ്പ‌് പ്രത്യക്ഷപ്പെട്ടതോടെയാണ‌് കുടുംബാംഗങ്ങളും പൊലീസ‌് സേനയ‌്ക്കും ആശ്വാസമായത‌്. എറണാകുളം ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ 20 അംഗ പൊലീസ‌് സംഘമാണ‌് സിഐ നവാസിനെ കണ്ടെത്താനായി അന്വേഷണം നടത്തിയത‌്.