കുടുംബവഴക്ക്: പൊലീസ് ഉദ്യോഗസ്ഥന്‍ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി

Web Desk
Posted on September 02, 2019, 1:14 pm

ഗാന്ധിഗനഗര്‍: കുടുംബവഴക്കിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഗുജറാത്തിലാണ് അതിക്രൂരമായ കൊലപാതകം നടന്നത്.
എട്ടു വയസ്സിനും 3 വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികളെയാണ് പിതാവും ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥനുമായ സുഖ് ദേവ് സിയാല്‍ കൊലപ്പെടുത്തിയത്.
ഞായറാഴ്ച ഭാര്യയുമായി വഴക്കിട്ട സുഖ്‌ദേവ് ഭാര്യയെ അവരുടെ സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സിലെ ഒരു മുറിയില്‍ പൂട്ടിയിട്ടാണ് മക്കളുടെ കഴുത്ത് അറുത്തത്. ഖുഷാല്‍ (8), ഉദ്ധവ് (5), മന്‍മീത് (3) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂവരും ആണ്‍കുട്ടികളാണ്.

കൊലപാതകം നടത്തിയ ശേഷം സുഖ്‌ദേവ് പോലീസ് സ്‌റ്റേഷനില്‍ വിളിച്ച് അറിയിക്കുകയും ചെയ്തു.പൊലീസ് എത്തിയപ്പോള്‍ കോണ്‍സ്റ്റബിള്‍ സിയാല്‍ വീടിന്റെ ഒരു കോണില്‍ ഇരിക്കുകയായിരുന്നു. പൂട്ടിയിട്ട മുറിയില്‍ നിന്ന് പോലീസുകാര്‍ ഭാര്യയെ വിട്ടയച്ചു.
മൂത്ത മകന്റെ ജന്മദിനം ആഘോഷിക്കുന്നതിനിടെ വെള്ളിയാഴ്ച ഭാര്യയുമായി വലിയ തര്‍ക്കമുണ്ടായതായി സിയാല്‍ പോലീസിനോട് പറഞ്ഞു. മുമ്പും ഇവര്‍ തമ്മില്‍ വഴക്കിട്ടിരുന്നു.
സുഖ്‌ദേവ് സിയാലിനെ അറസ്റ്റ് ചെയ്തു. പോലീസ് സൂപ്രണ്ട് ജയ്പാല്‍ സിംഗ് റാത്തോഡ് സംഭവം സ്ഥിരീകരിച്ചു.

YOU MAY LIKE THIS VIDEO ALSO