എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമി വിൽപനയുമായി ബന്ധപ്പെട്ട് വ്യാജ പട്ടയം നിർമിച്ചെന്ന പരാതിയിൽ കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കാട്ടി പോലിസ് കോടതിയിൽ റിപോർട് നൽകി. ഇത് സംബന്ധിച്ച് അഡ്വ. പോളച്ചൻ പുതുപ്പാറ നൽകിയ ഹരജി പരിഗണിച്ച് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി നേരത്തെ അന്വേഷണം നടത്തി റിപോർട്ട് സമർപ്പിക്കാൻ പോലിന് നിർദേശം നൽകിയിരുന്നു. തുടർന്ന് എറണാകുളം സെൻട്രൽ പോലിസാണ് അന്വേഷണം നടത്തി കോടതിയിൽ റിപോർട്ട് നൽകിയത്.
എറണാകുളം ലാൻഡ് ട്രൈബൂണൽ 1976 ൽ നൽകിയത് എന്ന രീതിയിൽ എറണാകുളം-അങ്കമാലി അതിരൂപത മെത്രാൻ ആയിരുന്ന മാർ ജോസഫ് പാറേക്കാട്ടിൽ മെത്രാപ്പോലീത്തയുടെ പേരിൽ വ്യജ പട്ടയം നിർമിച്ചുവെന്നായിരുന്നു പരാതി. എറണാകുളം-അങ്കമാലി അതിരൂപത എന്ന പേര് നിലവിൽ വന്നത് 1992 ഡിസംബർ 16 നു മാത്രമാണെന്നും എറണാകുളം ലാന്റ് ട്രൈബ്യൂണലിൽ നിന്നും ഒ. എ 392/1975 എന്ന ക്രയ സർട്ടഫിക്കറ്റ് നൽകിയിട്ടുള്ളത് കുമ്പളം വില്ലേജ് ചേപ്പനം കര, ചെമ്മാഴത്ത് താമസം കുഞ്ഞിത്താത്ത എന്നയാളുടെ പേരിലാണെന്നും പരാതിയിൽ പറയുന്നു. സഭാ വസ്തുക്കൾ ക്രയിവിക്രയം നടത്തുന്നതിന് ഈ വസ്തുവിന്റെ ആധാരങ്ങളോ പട്ടയങ്ങളോ ഇല്ലാതിരുന്നതിനാൽ 1976 ലെ 157 നമ്പർ പതിച്ചുകൊടുക്കൽ സർട്ടിഫിക്കറ്റ് 1975 ലെ 392ാം നമ്പർ സ്വമേധയായുള്ള നടപടി എന്ന നിലയിൽ ഭൂമിയിലെ നടപ്പുകുടിയാനായ മാർ ജോസഫ് പാറേക്കാട്ടിൽ മെത്രാപ്പോലീത്ത എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് പതിച്ചു കൊടുത്തതായി 06/03/1976 തിയതിവെച്ചുള്ള ക്രയ സർട്ടിഫിക്ക് ചമച്ച് ഭൂമി വിൽപനയാക്കായി ഉപയോഗപ്പെടുത്തിയെന്നുമാണ് പരാതി. 1896 നിൽവിൽ വന്ന എറണാകുളം വികാരിയാത്ത്(രൂപത)1923 ൽ അതിരൂപതയായി ഉയർത്തപ്പെട്ടു. 1992 ൽ എറണാകുളം-അങ്കമാലി എന്ന പേരിൽ മേജർ അതിരൂപതയായും സീറോ മലബാർ സഭയുടെ ആസ്ഥാന അതിരൂപതയായും ജോൺപോൾ രണ്ടാമൻ മാർപാപ്പ ഉയർത്തി.
2011 മുതൽ മാർ ജോർജ് ആലഞ്ചേരിയാണ് എറണാകുളം-അങ്കമാലി അതിരൂപത അധ്യക്ഷനും സീറോ മലബാർ തലവനും എന്നും പരാതിയിൽ പറയുന്നു. പരാതി പ്രകാരം ഫയൽ പരിശോധിച്ച് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയ കാര്യങ്ങളുടെ നിജ സ്ഥിതി കണ്ടെത്തുന്നതിനായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടത് അനിവാര്യമാണെന്നും സെൻട്രൽ പോലിസ് കോടതിയിൽ നൽകിയ റിപോർടിൽ ചൂണ്ടിക്കാട്ടുന്നു.
ENGLISH SUMMARY: police report on ernakulam angamali diocese land fraud case
YOU MAY ALSO LIKE THIS VIDEO