September 28, 2022 Wednesday

Related news

February 15, 2022
November 28, 2021
October 11, 2021
August 22, 2021
June 28, 2021
June 23, 2021
June 14, 2021
June 13, 2021
April 12, 2021
October 2, 2020

മുസ്‍ലിമാണെന്ന് തെറ്റിധരിച്ച് അഭിഭാഷകനെ തല്ലിച്ചതച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി പൊലീസ്

Janayugom Webdesk
ഭോപ്പാല്‍
July 2, 2020 2:00 pm

മധ്യപ്രദേശില്‍ മുസ്‍ലിമാണെന്ന് തെറ്റിധരിച്ച് അഭിഭാഷകനെ തല്ലിച്ചതച്ച സംഭവത്തില്‍ പ്രതികാര നടപടിയുമായി പൊലീസ്. ബെദുലില്‍ മൂന്ന് മാസം മുന്‍പ് നടന്ന സംഭവത്തില്‍ പൊലീസിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അഭിഭാഷകനായ ദീപക് ബുംദേല നീക്കം നടത്തവെ ഇയാള്‍ക്കെതിരെ വീണ്ടും മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍, ഉത്തരവാദിത്വപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഉത്തരവ് ലംഘിക്കുകയോ അവരുടെ കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുകയൊ ചെയ്യുകയാണെങ്കിലോ ചേര്‍ക്കുന്ന വകുപ്പുകളായ സെക്ഷന്‍ 188, 353 എന്നിവ പ്രകാരവും സെക്ഷന്‍ 294 (പൊതുസ്ഥലത്ത് അശ്ലീല പ്രവൃത്തികളില്‍ ഏര്‍പ്പെടുത്തവര്‍ക്കെതിരെ) പ്രകാരവുമാണ് ദീപക് ബുംദേലക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മാര്‍ച്ച് 23ന് ആശുപത്രിയിലേക്ക് ചികിത്സക്കായി പോകും വഴിയാണ് അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചത്. ഇയാള്‍ ലോക്ഡൗണ്‍ ലംഘിച്ച് കാരണമില്ലാതെ പുറത്തിറങ്ങിയെന്നും മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ആണെന്നു പറഞ്ഞ് പൊലീസിനോട് കയര്‍ത്ത് സംസാരിച്ചു എന്നുമാണ് എഫ്ഐആറില്‍ പൊലീസ് ആരോപിക്കുന്നത്. ബുംദേലയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിൽ വലതുപക്ഷ ഗ്രൂപ്പായ ഹിന്ദു സേനയിൽ നിന്നുള്ള മൂന്ന് സാക്ഷികളെ കൂടി പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇയാളുടെ ശരീരത്തില്‍ ഉണ്ടായിരുന്ന മുറിവുകള്‍ പൊലീസുമായി തര്‍ക്കം നടന്ന സമയത്ത് ഇയാള്‍ തന്നെ ഉണ്ടാക്കിയതാണെന്ന് എഫ്ഐആറില്‍ പറയുന്നു.
എന്നാല്‍ പൊലീസ് തനിക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നാണ് ദീപക് ബുംദേല പറയുന്നത്. 23-ാം തിയതി വൈകിട്ട് അഞ്ച് മണിയോടെ ആശുപത്രിയിലേക്ക് പോയ തന്നെ പൊലീസ് തടയുകയായിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സ തേടുന്ന ആളാണ് താനെന്നും ഇയാള്‍ പറഞ്ഞു. അസുഖമാണെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നും പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ അവര്‍ തന്നെ മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് അഭിഭാഷകന്‍ ആരോപിക്കുന്നത്.
ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും തെറ്റുകാരനാണെങ്കില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം തടങ്കലില്‍ കഴിയാന്‍ തയ്യാറാണെന്നും ബുംദേല പറഞ്ഞതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രകോപിതരായി ഇയാളെ മര്‍ദ്ദിക്കുകയായിരുന്നു. താനൊരു അഭിഭാഷകനാണെന്ന് ദീപക് പറഞ്ഞതിന് ശേഷം മാത്രമാണ് അവര്‍ മര്‍ദ്ദനം അവസാനിപ്പിച്ചത്. സംഭവത്തില്‍ മാര്‍ച്ച് 24 ന് ജില്ലാപൊലീസ് സൂപ്രണ്ട് ഡി എസ് ഭഡോറിയയ്ക്കും സംസ്ഥാന ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്രിക്കും പരാതി നല്‍കി. മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരാതിയുടെ കോപ്പി നല്‍കി.
മാര്‍ച്ച് 23 ലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്കായി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചെങ്കിലും അവര്‍ അത് തന്നില്ലെന്നും ദീപക് പറഞ്ഞു. വിവരാവകാശ അഭ്യര്‍ത്ഥന നടത്തിയതിന്റെ കാരണം ഞാന്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന മറുപടിയായിരുന്നു അവര്‍ തന്നത്. സിസി ടിവി ദൃശ്യങ്ങള്‍ അവര്‍ മായ്ച്ചുകളഞ്ഞിരിക്കാമെന്നാണ് ദീപക് ആരോപിക്കുന്നത്. പിന്നീട് പരാതി പിന്‍വലിക്കാനുള്ള വലിയ സമ്മര്‍ദ്ദം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായി.
പരാതി പിന്‍വലിക്കുകയാണെങ്കില്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രസ്താവന ഇറക്കാന്‍ പൊലീസ് തയ്യാറാണെന്നായിരുന്നു ആദ്യം അവര്‍ അറിയിച്ചത്. പിന്നീട് അവര്‍ തന്നെയും അഭിഭാഷകനായ സഹോദരനെയും സമാധാനത്തോടെ ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും ദീപക് പറഞ്ഞു.
സംഭവത്തില്‍ എഫ്ഐആര്‍ ഇട്ട് കേസെടുക്കണമെന്ന് മാര്‍ച്ച് 24 ന് എസ്പിക്ക് നല്‍കിയ പരാതിയില്‍ ബുംദേല ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ മെയ് 17 ന് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ആളുമാറി സംഭവിച്ചതാണെന്നും മുസ്‌ലീമാണെന്ന് കരുതിയാണ് മര്‍ദ്ദിച്ചതെന്നുമായിരുന്നു മൊഴിയെടുക്കാനായി വീട്ടിലെത്തിയ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ബി എസ് പട്ടേൽ പറഞ്ഞത്. മൊഴി എടുക്കേണ്ടതിന് പകരം പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍ എന്ന് ബുംദേല പറഞ്ഞു. താടി കാരണം മുസ്‌ലീമാണെന്ന് കരുതിയാണ് ഏതാനും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇപ്പറയുന്നതിന്റെ ഓഡിയോ റെക്കോർഡിംഗ് വൈറലായതോടെ മധ്യപ്രദേശ് പൊലീസ് പട്ടേലിനെ സസ്പെൻഡ് ചെയ്യുകയും അദ്ദേഹത്തിന്റെ പരാമർശത്തിന് ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു.
പരാതി നൽകിയിട്ടും എഫ്ഐആർ സമർപ്പിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടതിനെത്തുടർന്ന് ജൂൺ 9 ന് ബുംദേല മധ്യപ്രദേശ് ഹൈക്കോടതിയുടെ ജബൽപൂർ ബെഞ്ചിനെ സമീപിച്ചു. കോടതി വിളിച്ചുവരുത്തിയപ്പോൾ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 144 ൽ ബുണ്ടെലെ മാസ്ക് ധരിക്കാതെ പുറത്തിറങ്ങി എന്നാണ് പൊലീസ് നല്‍കിയ വിശദീകരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടപ്പോള്‍ ഒരു മാസത്തെ ഫൂട്ടേജുകളുടെ രേഖകൾ മാത്രമാണ് പൊലീസ് സൂക്ഷിച്ചിരിക്കുന്നതെന്നും സംഭവം നടന്ന് മൂന്ന് മാസമായിട്ടുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. കേസില്‍ ഈ മാസം ഒന്‍പതിന് കോടതി വീണ്ടും വാദം കേള്‍ക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.