തിരുവനന്തപുരം വഞ്ചിയൂര്‍ സബ് ട്രഷറി കേസിലെ മുഖ്യപ്രതി ബിജുലാലിന്റെ കരമനയിലുളള വാടക വീട്ടില്‍ പൊലീസ് പരിശോധന. ബിജുലാലിനെ കസ്റ്റഡിയില്‍ വാങ്ങാൻ തിങ്കളാഴ്ച പൊലീസ് അപേക്ഷ നല്‍കും. ബുധനാഴ്ചയായിരുന്നു പൊലീസ് ബിജുലാലിനെ കസ്റ്റഡിയിലെടുത്തത്.
തട്ടിയെടുത്ത പണം ബിജുലാൽ സ്വകാര്യ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകളിലേക്ക് കൈമാറിയെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. സബ്ട്രഷറി ഓഫിസറുടെ ലോഗിനും പാസ് വേഡും ഉപയോഗിച്ച് പണം തട്ടിയ സാഹചര്യത്തിലാണ് വിപുലമായ അന്വേഷണത്തിന് ട്രഷറി വകുപ്പ് തീരുമാനിച്ചിരുന്നു. ബിജുലാൽ മുമ്പ് ജോലി ചെയ്ത ട്രഷറികളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കും. ഇതിനായി ട്രഷറിയുടെ സോഫ്റ്റ് വെയർ തയ്യാറാക്കിയ നാഷണൽ ഇൻഫൊർമാറ്റിക്സ് സെൻ്ററിൻ്റെയും സഹായം തേടും.
ട്രഷറിയിലെ ഇൻഫർമേഷൻ സിസ്റ്റം മാനേജ്മെൻ്റ് സെൽ വിരമിച്ച ഉദ്യോഗസ്ഥൻ്റെ പാസ് വേഡ് റദ്ദാക്കിയിരുന്നെങ്കിൽ ബിജുലാലിന് പണം തട്ടാൻ അവസരം ലഭിക്കില്ലായിരുന്നു എന്നാണ് നിഗമനം. തട്ടിയെടുത്ത രണ്ടു കോടിയിൽ 61 ലക്ഷം രൂപ ബിജുലാൽ തൻ്റെ രണ്ട് ട്രഷറി അക്കൗണ്ടുകളിൽ നിന്ന് അഞ്ച് ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരിക്കുന്നത്.
ഭാര്യയുടെയും സഹോദരിയുടെയും ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം മാറ്റിയത്. ബാക്കി ഒരു കോടി മുപ്പതു ലക്ഷത്തിലേറെ രൂപ ബിജുലാലിൻ്റെ ട്രഷറി അക്കൗണ്ടുകളിൽ തന്നെ കണ്ടെത്തി. ഇതസമയം പണം തട്ടിപ്പിൽ വഞ്ചിയൂർ പൊലീസ് എടുത്ത കേസിൽ ട്രഷറി ജീവനക്കാരുടെ മൊഴി ഇന്നെടുക്കും. മറ്റ് അക്കൗണ്ടുകളിലേക്കും പണം നിക്ഷേപിച്ചോ എന്നും പരിശോധിക്കും. ബിജുലാലിനും ഭാര്യ സിമിക്കും എതിരെ വഞ്ചനാകുറ്റത്തിനും രേഖകളിൽ തിരിമറി നടത്തിയതിനുമാണ് പൊലീസ് കേസ്. ഐ.ടി ആക്ട് പ്രകാരവും കേസെടുത്തു. സംഭവത്തില്‍ ബിജുലാലിന് പങ്കില്ലെന്നും നിരപരാധിയാണെന്നും ഭാര്യ പറഞ്ഞു.
ENGLISH SUMMARY: police search in bijulal’s home
YOU MAY ALSO LIKE THIS VIDEO