ജയിലുകളില്‍ റെയിഡ് സ്മാര്‍ട്ട് ഫോണ്‍ പിടിച്ചു

Web Desk
Posted on June 22, 2019, 10:52 am

തൃശ്ശൂര്‍: ജയില്‍പുള്ലികളുടെ കയ്യില്‍ സ്മാര്‍ട്ട്ഫോണ്‍.   വിയ്യൂര്‍ ജയിലില്‍ പുലര്‍ച്ചെ നടത്തിയ റെയ്‍ഡില്‍ ടിപി കേസ് പ്രതി ഷാഫിയില്‍ നിന്ന് പിടിച്ചെടുത്തത് രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ . തൃശ്ശൂര്‍ പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്രയാണ് ഷാഫിയില്‍ നിന്ന് മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്. ഇതിന് മുമ്ബ് രണ്ട് തവണ ജയിലില്‍ ഫോണുപയോഗിച്ചതിന് ഷാഫിയെ പിടികൂടിയിട്ടുണ്ട്.

പൊലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര അതി നാടകീയമായി പുലര്‍ച്ചെ ജയിലിലെത്തി റെയ്ഡ് നടത്തുകയായിരുന്നു.  വിയ്യൂര്‍ ജയിലില്‍ ഫോണുപയോഗിക്കുന്നതായി വിവരം കിട്ടിയതിനെത്തുടര്‍ന്ന് നടന്ന  റെയ്‍ഡില്‍ കണ്ടെത്തിയത് നാല് ഫോണുകളാണ്. ഇതില്‍ രണ്ടെണ്ണം ഷാഫിയുടേതാണ്. രണ്ടും സ്മാര്‍ട്ട് ഫോണുകളുമാണ്.

കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലാണ് ജയില്‍ വകുപ്പ് മിന്നല്‍ പരിശോധന നടത്തിയത്. കണ്ണൂരില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗും വിയ്യൂരില്‍ യതീഷ് ചന്ദ്രയുമാണ് റെയ്‍ഡ് നടത്തിയത്. പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു മിന്നല്‍ പരിശോധന.

കണ്ണൂരിലെ റെയ്‍ഡില്‍ നിന്ന് മൊബൈല്‍ഫോണ്‍, കഞ്ചാവ്, പുകയില, പണം, സിം കാര്‍ഡ്, ചിരവ, ബാറ്ററികള്‍, റേഡിയോ എന്നിവ കണ്ടെത്തി. റേഞ്ച് ഐജി അശോക് യാദവ്, എസ്‍പി പ്രതീഷ് കുമാര്‍ എന്നിവരും ഋഷിരാജ് സിംഗിനൊപ്പമുണ്ടായിരുന്നു. 150 പൊലീസുകാരുടെ സംഘവുമായാണ് ഇവരെത്തിയത്.