ജാഫർ നിലമ്പൂർ

നിലമ്പൂർ:

January 03, 2021, 9:00 pm

കാടിന്റെ മക്കൾക്ക് പൊലിസിൽ നിയമനം: കൂട്ടത്തിൽ കാക്കിയണിയാൻ ചോലനായ്ക്കരിലെ ആദ്യ ജനപ്രതിനിധിയും

Janayugom Online

ജാഫർ നിലമ്പൂർ

പ്രാക്തന ഗോത്രവർഗ യുവാക്കൾക്ക് നേരിട്ട് പൊലിസിലേക്ക് നിയമനം. ഉൾവനത്തിലും വനത്തോട് ചേർന്നും താമസിക്കുന്ന ചോലനായ്ക്കർ ഉൾപ്പെടെയുള്ള 9 പേർക്കാണ് നിയമനം ലഭിച്ചത്. അഞ്ച് യുവാക്കൾക്കും നാല് വനിതകൾക്കുമാണ് നിയമനം നൽകിയത്. കൂട്ടത്തിൽ ആദിവാസി ഗോത്ര വിഭാഗമായ ചോലനായ്ക്കരിൽനിന്ന് ആദ്യ ജനപ്രതിനിധിയായി ചരിത്രത്തിൽ ഇടംപിടിച്ച നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തംഗം സി സുധീഷിനും (21) ജോലി ലഭിച്ചു.

ചോലനായ്ക്കരിൽ നിന്നുള്ള ആദ്യ ജനപ്രതിനിധി എന്നതിന് പുറമെ ആദ്യ പൊലിസുകാരനും എന്ന ബഹുമതി സുധീഷിന് മാത്രം അവകാശപ്പെട്ടതാണ്. നിലമ്പൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് വഴിക്കടവ് ഡിവിഷനിൽനിന്നു എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച് ജയിച്ച സുധീഷിന് സ്ഥാനമേറ്റ് രണ്ടാഴ്ച പിന്നിടും മുൻപേയാണ് പൊലിസിൽ നിയമനവും ലഭിച്ചിരിക്കുന്നത്. റാങ്ക് ലിസ്റ്റിൽ രണ്ടാമത് സുധീഷാണ്. വഴിക്കടവ് ഉൾവനത്തിൽ അളയ്ക്കൽ കോളനിയിലെ മുപ്പന്റെയും ബീനയുടെയും മകനാണ്.

സുധീഷിന് പുറമെ ഉച്ചക്കുളം കോളനിയിലെ ഉമേഷ്, പാട്ടകരിമ്പ് കോളനിയിലെ സുനിൽകുമാർ, തണ്ടൻകല്ല് കോളനിയിലെ സുഭാഷ്, മുണ്ടക്കടവ് കോളനിയിലെ രാധിക, പുഞ്ചകൊല്ലി കോളനിയിലെ സിന്ധു, അപ്പൻകാപ്പ് കോളനിയിലെ വസന്ത, നെല്ലികലാടിയിലെ ചിഞ്ചു, വെറ്റിലകൊല്ലി കോളനിയിലെ ബിന്ദു എന്നിവർക്കാണ് പൊലിസിൽ ജോലി കിട്ടിയത്. വനത്തിനകത്തും വനത്തിനോട് ചേർന്നും താമസിക്കുന്ന കാട്ടുനായ്ക്കർ, ചോലനായ്ക്കർ, പണിയർ വിഭാഗത്തിൽപെട്ട ഉദ്യോഗാർഥികൾക്കു വേണ്ടി പൊലിസ് നടത്തിയ പ്രത്യേക നിയമനം വഴിയാണ് ജോലി ലഭിച്ചത്.

ENGLISH SUMMARY: police selec­tion for trib­al people

YOU MAY ALSO LIKE THIS VIDEO