കഴിഞ്ഞ ദിവസമാണ് നാട്ടുകാരായ ഇരുപതോളം സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കിയ കൊലക്കേസ് പ്രതിയെ പൊലീസ് വെടിവെച്ച് കൊന്നത്. ഇതോടെ ഒറ്റപ്പെട്ടുപോയ പ്രതിയുടെ മകളെ ഏറ്റെടുക്കാൻ സന്നദ്ധത അറിയിച്ചിരിക്കുകയാണ് യുപിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ. ഉത്തർപ്രദേശിലെ കതാരിയ ഗ്രാമത്തിലാണ് നാടിനെ മണിക്കൂറുകളോളം മുൾമുനയിൽ നിർത്തി സുഭാഷ് ബദ്ദാം സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കിയത്. കൊലക്കേസിൽ പ്രതിയായ സുഭാഷ് ബദ്ദാം കുട്ടികളെയും സ്ത്രീകളെയും മകളുടെ പിറന്നാൾ ആഘോഷത്തിനായി ക്ഷണിച്ചുവരുത്തി വീടിന്റെ നിലവറയിൽ തടവിലാക്കുകയായിരുന്നു. 6 മാസം മുതൽ 15 വയസ്സു വരെയുള്ള കുട്ടികളാണ് തടവിലാക്കപ്പെട്ടത്. സംഭവം നടന്നയുടൻ സ്ഥലത്ത് യുപി ഭീകര വിരുദ്ധ സേന എത്തി രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പിന്നീട് പൊലീസിന്റെയും കമാൻഡോകളുടെയും നേതൃത്വത്തിൽ നടന്ന രക്ഷാശ്രമത്തിനൊടുവിലാണ് ഇയാളെ വധിച്ച് ബന്ധികളെ മോചിപ്പിച്ചത്.
എന്നാൽ സുഭാഷ് ബദ്ദാമിനെ കൊലചെയ്ത ശേഷം ക്ഷുഭിതരായ നാട്ടുകാർ ഇയാളുടെ ഭാര്യയെയും തല്ലിക്കൊല്ലുകയായിരുന്നു. ഇതോടെയാണ് ഇയാളുടെ ഒരു വയസുള്ള ഗൗരി അനാഥയായത്. ഗൗരിയുടെ വിദ്യാഭ്യാസ ചെലവുകൾ ഉൾപ്പെടെ എല്ലാ ഉത്തരവാദിത്വവും ഏറ്റെടുക്കാൻ തയ്യാറായി ഉത്തർ പ്രദേശിലെ മോഹിത് അഗർവാളെന്ന ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് രംഗത്തെത്തിയിരിക്കുന്നത്. അച്ചനമ്മമാരെ നഷ്ടപ്പെട്ടതറിയാതെ ഗൗരി ഫാറൂഖാബാദിലെ ഒരു ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നിയമ നടപടികളെല്ലാം പൂർത്തിയാകുന്നതോടെ ഗൗരിയെ ഏറ്റെടുക്കുമെന്നും നല്ല രീതിയിൽ വിദ്യാഭ്യാസം നൽകുമെന്നും മോഹിത് അഗർവാൾ പറഞ്ഞു.
English Summary: police set to adopt uttarpradesh hostage takers daughter
You may also like this video