പൊലീസ് സ്റ്റേഷനിൽ നിന്നും ഇനി ‘കടി‘മാത്രമല്ല ചിലപ്പോൾ ചായയും കിട്ടും

Web Desk
Posted on November 08, 2018, 9:53 am

ന്യൂഡല്‍ഹി: പരാതിയുമായി പോലീസ് സ്റ്റേഷനില്‍ എത്തുമ്പോൾ ചായയും കടിയും കിട്ടിയാൽ എന്താല്ലേ, പൊലീസ്  സ്റ്റേഷനിൽ എത്തുന്നവരോട് മാന്യമായ രീതിയില്‍ പെരുമാറണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. ദീപാവലിയുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡല്‍ഹി പൊലീസിനോടായിരുന്നു ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശം. രാജ്യത്തിന് മുഴുവനും മാതൃകയായിരിക്കണം ഡല്‍ഹി പോലീസെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.പോലീസുകാര്‍ അവനവന് തന്നെ മാതൃകയാകണമെന്നും പോലീസിനെ പറ്റി പൊതുജനങ്ങള്‍ക്കിടയിലുള്ള തെറ്റായ ധാരണകള്‍ മാറ്റി എടുക്കണമെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

‘പരാതിക്കാരോട് കാര്യങ്ങള്‍ സാവകാശം ചോദിച്ച്‌ മനസിലാക്കണം. പരാതിക്കാരോട് പോലീസിന് താഴ്മയോടെ സംസാരിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്? എന്തിന് വേണ്ടിയാണ് പരാതിക്കാരെ മണിക്കൂറുകളോളം പോലീസ് സ്റ്റേഷനില്‍ പിടിച്ചിരുത്തുന്നത്? അത്തരത്തില്‍ കാത്തു നില്‍ക്കേണ്ട സാഹചര്യമുണ്ടെങ്കില്‍ അത് മുന്‍ കൂട്ടിതന്നെ പരാതിക്കാരോട് പറയേണ്ട കടമ ഉദ്യോ​ഗസ്ഥര്‍ക്കില്ലെ?’ — രാജ്‌നാഥ് സിങ് ചോദിച്ചു. തലസ്ഥാനത്ത് പോലീസ് പെട്രോളിങ്ങിനായി 300 പുതിയ ‘റഫ്താര്‍’ മോട്ടോര്‍ബൈക്കുകളും ചടങ്ങില്‍ അദ്ദേഹം കൈമാറി.

പോലീസ് സ്റ്റേഷനുകളില്‍ എത്തുന്നവര്‍ക്ക് വേണ്ടി ടീ സ്റ്റാള്‍ സൗകര്യം ഒരുക്കാന്‍ സാധിക്കുമോ എന്ന് പോലീസ് കമ്മീഷണറോട് രാജ്‌നാഥ് സിങ് ചോദിച്ചു. അതിന് സാധിക്കുമെങ്കില്‍ ആഭ്യന്തരമന്ത്രാലയം ഫണ്ട് അനുവദിക്കുമെന്നും  രാജ്‌നാഥ് സിങ് പറഞ്ഞു.