Web Desk

ന്യുഡല്‍ഹി

January 10, 2021, 3:12 pm

ഹരിയാനയിൽ കർഷകർക്കുനേരെ ലാത്തിചാർജ്

Janayugom Online

ഹരിയാനയില്‍ കര്‍ഷകര്‍ക്കുനേരെ പൊലീസിന്റെ ലാത്തിചാര്‍ജ്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ ഗ്രാമ സന്ദർശനത്തിന് മുന്നോടിയായി ഹരിയാനയിലെ കർണാലിനടുത്തുള്ള ടോൾ പ്ലാസയിൽ പ്രതിഷേധിച്ച കർഷകരെ ഹരിയാന പൊലീസ് തടഞ്ഞു. കൈംല ഗ്രാമത്തിൽ പ്രവേശിക്കാൻ ശ്രമിച്ച കർഷകർക്ക് നേരെ പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ, ജല പീരങ്കികൾ എന്നിവ പ്രയോഗിച്ചു. ബാരിക്കേഡുകൾ‌ സ്ഥാപിക്കുകയും ലാത്തിവീശുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് കര്‍ഷക നിയമങ്ങളുടെ പ്രയോജനങ്ങളെ അനുകൂലിച്ച് മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിന്റെ നേതൃത്വത്തിൽ ഹരിയാനയിലെ കൈംല ഗ്രാമത്തിൽ നടത്താനിരുന്ന മഹാപഞ്ചായത്ത് പരിപാടി റദ്ദാക്കി.

കര്‍ഷക സമരവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതി നാളെ പരിഗണിക്കും. കര്‍ഷക സമരം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരും കര്‍ഷക പ്രക്ഷോഭകരും തമ്മില്‍ എട്ടുവട്ടം നടന്ന ചര്‍ച്ചകളും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഇനിയെന്ത് എന്നതറിയാന്‍ എല്ലാവരുടെയും ശ്രദ്ധ സുപ്രീം കോടതിയിലേക്ക് തിരിയുന്നത്. നിയമങ്ങള്‍ പിന്‍വലിക്കാനാകില്ല, പകരം ഭേദഗതികള്‍ക്ക് സന്നദ്ധമെന്ന സൂചന സര്‍ക്കാര്‍ നല്‍കുമ്പോള്‍ നിയമങ്ങള്‍ പിന്‍വലിക്കുക എന്നതില്‍ കുറഞ്ഞൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് കര്‍ഷകരുടെ നിലപാട്. രണ്ടു തവണയാണ് കർഷക സമരവുമായി ബന്ധപ്പെട്ട കേസുകള്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ആദ്യ തവണ കര്‍ഷകര്‍ക്ക് സമാധാനപരമായി സമരം ചെയ്യാന്‍ അവകാശമുണ്ടെന്ന് കോടതി പരാമര്‍ശിച്ചു.

രണ്ടാം തവണ കേസ് പരിഗണനയ്ക്ക് എത്തിയപ്പോള്‍ ചര്‍ച്ചകളിലൂടെ പരിഹാരം കാണാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു. തര്‍ക്ക പരിഹാരത്തിനായി സമിതി രൂപീകരണം, തല്‍ക്കാലത്തേക്ക് നിയമം മരവിപ്പിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ കോടതിയുടെ ഭാഗത്തു നിന്നുണ്ടായി. എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ സമിതിയെന്ന നിര്‍ദ്ദേശം കര്‍ഷകര്‍ക്കു മുന്നില്‍ വയ്ക്കുന്നുണ്ടെങ്കിലും അത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറല്ല. തിങ്കളാഴ്ച സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടും കോടതിയുടെ പ്രതികരണവുമാണ് രാജ്യം ഉറ്റുനോക്കുന്നത്.

Eng­lish sum­ma­ry: Farm­ers protest followup

You may also like this video: