13 April 2024, Saturday

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പൊതുമേഖല ബോർഡുകളിലെയും നിയമനങ്ങള്‍ക്ക് ഇനി പൊലീസ് വെരിഫിക്കേഷൻ നിര്‍ബന്ധം

Janayugom Webdesk
തിരുവനന്തപുരം
September 29, 2021 1:31 pm

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ക്ഷേമനിധി ബോര്‍ഡുകള്‍, വികസന അതോറിറ്റികള്‍, സഹകരണ സ്ഥാപനങ്ങള്‍, ദേവസ്വംബോര്‍ഡുകള്‍ എന്നിവിടങ്ങിളിലെ നിയമനങ്ങളില്‍ പോലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചു. ജീവനക്കാരന്‍ ജോലിയില്‍ പ്രവേശിച്ച് ഒരു മാസത്തിനുള്ളില്‍ ഇത് പൂര്‍ത്തിയാക്കണം. ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ നിയമങ്ങള്‍/സ്റ്റാറ്റ്യൂട്ടുകള്‍/ചട്ടങ്ങള്‍/ബൈലോ എന്നിവയില്‍ മൂന്നുമാസത്തിനുള്ളില്‍ ഭേദഗതി വരുത്തണം.

ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ടിന് ഭൂമി കൈമാറ്റം

ഇരിട്ടി, കല്യാട് വില്ലേജില്‍ 41.7633 ഹെക്ടര്‍ അന്യം നില്‍പ്പ് ഭൂമിയും ലാന്‍റ് ബോര്‍ഡ് പൊതു ആവശ്യത്തിന് നീക്കിവച്ച 4.8608 ഹെക്ടര്‍ മിച്ചഭൂമിയും ഉള്‍പ്പെടെ 46.6241 ഹെക്ടര്‍ ഭൂമി അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ട് സ്ഥാപിക്കുന്നതിന് കൈമാറി നല്‍കാന്‍ തീരുമാനിച്ചു. രണ്ട് സേവന വകുപ്പുകള്‍ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകള്‍ പ്രകാരമാണിത്. നിബന്ധനകള്‍ക്ക് വിധേയമായി ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തി കൈവശാവകാശം ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഭൂമി അനുവദിക്കുന്ന തിയതി മുതല്‍ ഒരുവര്‍ഷത്തിനകം നിര്‍ദ്ദിഷ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണം.

സ്റ്റാഫ് പാറ്റേണ്‍ പുതുക്കും

വിനോദസഞ്ചാര വകുപ്പിനു കീഴില്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്‍റിലെ സ്റ്റാഫ് പാറ്റേണ്‍ നാഷണല്‍ കൗണ്‍സില്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റ് ആന്‍റ് കാറ്ററിംഗ് ടെക്നോളജി മാര്‍ഗരേഖ പ്രകാരം പുതുക്കാന്‍ തീരുമാനിച്ചു.

സാമൂഹിക സാമ്പത്തിക സര്‍വ്വേക്ക് അനുമതി

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്തുന്നതിനുള്ള സംസ്ഥാന കമ്മിഷന്‍റെ സാമൂഹിക സാമ്പത്തിക സര്‍വ്വേ കുടുംബശ്രീ മുഖേന നടത്തുന്നതിന് അനുമതി നല്‍കി. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ വാര്‍ഡുകളിലെ സാമ്പത്തികമായി ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന അഞ്ചുവീതം കുടുംബങ്ങളെ കണ്ടെത്തി വിവരശേഖരം നടത്തുന്നതിന് 75,67,090 രൂപ വിനിയോഗിക്കുന്നതിനും അനുമതി നല്‍കി.

അഭിഭാഷക പാനൽ

സുപ്രീം കോടതിയില്‍ സംസ്ഥാനത്തിന്‍റെ കേസുകള്‍ നടത്തുന്നതിനുള്ള സീനിയര്‍ അഭിഭാഷകരുടെ പാനലില്‍ രഞ്ജിത്ത് തമ്പാനെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു.

ENGLISH SUMMARY:Police ver­i­fi­ca­tion for appoint­ments to aid­ed edu­ca­tion­al insti­tu­tions and pub­lic sec­tor boards
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.