July 2, 2022 Saturday

Latest News

July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022
July 1, 2022

ജെഎൻയു വിദ്യാര്‍ത്ഥി മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം

By Janayugom Webdesk
January 9, 2020

റെജി കുര്യന്‍

ന്യൂഡല്‍ഹി: ജെഎൻയു വിദ്യാര്‍ത്ഥി സമരം കൂടുതല്‍ ശക്തമാകുന്നു. ഇന്ന് മണ്ഡി ഹൗസില്‍നിന്നും രാഷ്ട്രപതി ഭവനിലേക്കു നടന്ന മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം. ജെഎന്‍യു അക്രമത്തിലെ കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യുക, വൈസ് ചാന്‍സിലര്‍ രാജിവയ്ക്കുക, ഫീസ് വര്‍ദ്ധന പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജെഎൻയു വിദ്യാര്‍ത്ഥികള്‍ മാനവ വിഭവശേഷി മന്ത്രാലയത്തിലേക്ക് മാര്‍ച്ചു നടത്തിയത് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി, കനയ്യ കുമാര്‍, സിപിഐ (എം) ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി, ബൃന്ദാ കാരാട്ട്, എല്‍ ജെ ഡി നേതാവ് ശരത് യാദവ് കോണ്‍ഗ്രസ് നേതാവ് മുകുള്‍ വാസ്‌നിക് തുടങ്ങിയ നേതാക്കള്‍ മാര്‍ച്ചിനെ അഭിസംബോധന ചെയ്തു. ജെ എന്‍യു, ജാമിയ, ഡൽഹി യൂണിവേഴ്‌സിറ്റിയിലെ അദ്ധ്യാപക സംഘടനകളും മാര്‍ച്ചില്‍ പങ്കെടുത്തു. ഇതിനു പുറമെ സിവില്‍ സൊസൈറ്റിയും മാര്‍ച്ചിന് പിന്തുണയുമായി മണ്ഡി ഹൗസില്‍ എത്തിയിരുന്നു. മണ്ഡി ഹൗസില്‍നിന്നും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രാലയത്തിലേക്കായിരുന്നു മാര്‍ച്ചിന്റെ ആദ്യഘട്ടം. മന്ത്രാലയത്തില്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചകൊണ്ടുള്ള മെമ്മോറാണ്ടം സമര്‍പ്പിച്ചശേഷം നടന്ന ചര്‍ച്ചകള്‍ പരാജയപ്പെട്ടതായി വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ് വിദ്യാര്‍ത്ഥികളെ അഭിസംബോധന ചെയ്തുകൊണ്ട് അറിയിച്ചതിനെ തുടര്‍ന്നാണ് മാര്‍ച്ചിന്റെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഐഷി ഘോഷും അധ്യാപക അസോസിയേഷന്‍ പ്രസിഡന്റ് ഡി കെ ലോബിയാലിന്റെയും നേതൃത്വത്തിലുള്ള പ്രതിനിധിസംഘമാണ് മന്ത്രാലയം ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയത്. തുടര്‍ന്നാണ് രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടന്നത്. ബാരിക്കേഡുപയോഗിച്ച് മാര്‍ച്ച് തടയാന്‍ പോലീസ് ശ്രമിച്ചു. ബാരിക്കേഡുകള്‍ മറികടന്നു മുന്നേറാന്‍ വിദ്യാര്‍ത്ഥികള്‍ ശ്രമിച്ചതോടെ പോലീസ് ബലപ്രയോഗം ആരംഭിച്ചു. വിദ്യാര്‍ഥികളെ വലിച്ചിഴച്ചും മര്‍ദ്ദിച്ചും പൊലീസ് കസ്റ്റഡിയിലെടുത്തു. ജെഎൻയു ക്യാമ്പസ് ഇന്നലെ രാവിലെ മുതല്‍ സംഘര്‍ഷഭരിതമായിരുന്നു. മുഖംമൂടി ധാരികള്‍ ക്യാമ്പസില്‍ നടത്തിയ അക്രമത്തിനെതിരെ ജെഎന്‍യു ക്യാമ്പസില്‍ രാവിലെ പ്രതിഷേധസമരം നടന്നു. യൂണിവേഴ്‌സിറ്റി അധികൃതര്‍ക്കെതിരെ ബാനറുകളും മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ സമരം ചെയ്തത്. ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയനു പുറമെ സിവില്‍ സംഘടനകളും വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണയുമായെത്തി.

അന്വേഷണത്തിന് അഞ്ചംഗസമിതി

ജനുവരി അഞ്ചിന് ക്യാമ്പസില്‍ ഉണ്ടായ അക്രമം സംബന്ധിച്ച് അന്വേഷണം നടത്താന്‍ വി സി അഞ്ചംഗ സമിതിയെ നിയോഗിച്ചു. ക്യാമ്പസിന്റെ സമാധാന അന്തരീക്ഷം പുനഃസ്ഥാപിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് എം എച്ച് ആര്‍ ഡി ഇന്നലെ വി സിയെ മന്ത്രാലയത്തിലേക്കു വിളിച്ചു വരുത്തി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സമിതി രൂപീകരിച്ചത്. പ്രൊഫസര്‍മാരായ സുശാന്ത് മിശ്ര, മസഹര്‍ ആസിഫ്, സുധീര്‍ പ്രതാപ് സിംഗ്, സന്തോഷ് ശുക്ല, ഭാസ്വതി ദാസ് എന്നിവരാണ് സമിതി അംഗങ്ങള്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.