പ്രളയ ദുരന്തം: വീടു നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ കൈത്താങ്ങ്

Web Desk
Posted on August 29, 2018, 2:07 pm

തിരുവനന്തപുരം: പ്രളയത്തില്‍ വീടുകള്‍ തകര്‍ന്ന് താമസയോഗ്യമല്ലാതായി തീര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘത്തിന്റെ സഹായം. പൂര്‍ണമായും വീട് നഷ്ടപ്പെട്ടവര്‍ക്ക് പത്തു ലക്ഷം രൂപ പലിശരഹിത വായ്പയും ഭാഗികമായി തകര്‍ന്ന വീടുകള്‍ക്ക് രണ്ടു ലക്ഷം രൂപ പലിശരഹിത വായ്പയും നല്‍കും. കൂടാതെ ഇത്തരത്തില്‍ നഷ്ടപ്പെട്ടത് സംഘത്തില്‍ നിന്നും വായ്പയെടുത്തു നിര്‍മ്മിച്ച വീടുകളാണെങ്കില്‍ പ്രസ്തുത വായ്പകള്‍ക്കും പലിശയിളവ് നല്‍കും. വീടുകളുടെ കേടുപാടുകള്‍ സംബന്ധിച്ച ജില്ലാ പൊലീസ് മേധാവിമാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് വായ്പകള്‍ അനുവദിക്കുന്നത്. പ്രളയബാധിതരെ സഹായിക്കുന്നതിനായി നേരത്തെ കേരള പൊലീസ് ഹൗസിംഗ് സഹകരണ സംഘം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 25 ലക്ഷം രൂപ നല്‍കുകയും ഏഴ് വീടുകള്‍ നിര്‍മ്മിച്ചു നല്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.