പൊൻവളയിട്ട് പൊക്കിയെങ്കിലും പൂവിന് സഹിക്കാനായില്ല …!

Web Desk

കഴക്കൂട്ടം

Posted on July 27, 2020, 10:55 pm

പൊലീസായാലും കൊതികേറി പെണ്ണൊരുമ്പെട്ടാൽ പൊല്ലാപ്പാവുമെന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. ഐ.ടി.നഗരത്തിലെ സ്റ്റേഷനിൽ പുതിയ ഓഫീസർ ട്രെയിനിയായി എത്തിയ വനിതാപൊലീസ് ഓഫീസർക്ക് ആ രാത്രി സമ്മാനിച്ച സുഗന്ധ ചിന്തകൾ മറക്കാനാവില്ല.

പൊന്നിനോടും പൂവിനോടും മീനിനോടും പെൺമനസിന് പണ്ടേ സ്നേഹം നൽകിയത് സൃഷ്ടികർത്താവാണെന്ന സത്യവും ഏവർക്കുമറിയാം. മനോഞ്ജമായി പൂത്തുലഞ്ഞു വീടിന്റെ മതിലിൽ ചെടിച്ചട്ടിയിൽ തലയാട്ടി നിന്നിരുന്ന ആ പുഷ്പവല്ലിയെ കണ്ടമാത്രയിൽ തന്നെ പൊക്കണമെന്ന് ഉദ്ദേശിച്ചതാണെങ്കിലും അവിവേകം അരുതെന്നതുകൊണ്ട് കാത്തിരുന്നു. അങ്ങനെ ആ ദിനം വന്നെത്തി.ഒരു രാത്രിയിൽ നൈറ്റ് പെട്രോളിങ് ഡ്യുട്ടി..!

ഡ്രൈവറുംഎമാനും മാത്രം വണ്ടിയിൽ. വെളുപ്പിന് നാലുമണിക്ക് കലിയുഗവരദനായ ധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിൽ പൊലീസ് ജീപ്പ് നിന്നു .കാക്കിയിട്ട ഒരാണും പെണ്ണും പുറത്തിറങ്ങി.മതിലിൽ നിന്നതിനെ ചട്ടിയോടെ പൊക്കി പ്രതികളെ ഇരുത്തുന്ന ജീപ്പിന്റെ പിന്നിലെ സീറ്റിൽ വെച്ച് ഓടിച്ചുപോയി.പിറ്റേന്ന് ചെടി മോഷണം നാട്ടിൽ പാട്ടായി. നാട്ടുകാർ അന്വേഷണം തുടരുന്നതിനിടയിൽ അയ്യപ്പന്റെ അമ്പലത്തിലെ സിസിടിവി നോക്കിയവർ ഞെട്ടി. പക്ഷെ ദൃശ്യം പൊലീസിനല്ലാതെ മറ്റാർക്കും നൽകില്ലെന്ന് സാമൂഹ്യ അകലം പാലിച്ച അമ്പലക്കമ്മറ്റി തീരുമാനിച്ചു. ദൃശ്യം നൽകരുതെന്നും കേസ് കൊടുപ്പിക്കരുതെന്നും ഭീഷണി രൂപത്തിലും അനുനയ രൂപത്തിലും ഓഫീസറുടെ അനുചരരുടെ ആവശ്യങ്ങളും എത്തി. പക്ഷെ എന്തുചെയ്യാം സ്വന്തം വകുപ്പിൽ സ്പെഷ്യൽ ബ്രാഞ്ച് എന്നൊരുവിഭാഗമുണ്ടെന്നും അവർ എല്ലാ വിവരവും അണുവിട തെറ്റാതെ എത്തിച്ചുവെന്നും അറിയുമ്പോൾ പൊക്കിയ ചെടിയും പൂവും കാറ്റിൽ തലയാട്ടി ചിരിക്കയാണത്രെ.

you may also like this video