December 5, 2022 Monday

Related news

December 4, 2022
December 3, 2022
December 3, 2022
December 2, 2022
December 2, 2022
December 2, 2022
December 1, 2022
December 1, 2022
November 30, 2022
November 30, 2022

പൊലീസുകാരനായ സുഗുണൻ ചൂർണിക്കര ഗാനരചയിതാവായി സിനിമയിലേക്കും

ഷാജി ഇടപ്പള്ളി
കൊച്ചി
May 12, 2021 3:05 pm

സീനിയർ സിവിൽ പൊലീസ് ഓഫീസറുടെ ജോലിത്തിരക്കുകൾക്കിടയിലും സുഗുണൻ ചൂർണിക്കരയെന്ന എഴുത്തുകാരൻ ഗാനരചയിതാവായി സിനിമയിലേക്കും. ബാലസാഹിത്യ രചനയിലൂടെ സാഹിത്യ രംഗത്ത് സജീവമായിരുന്ന സുഗുണൻ അറിയപ്പെടുന്ന കവിയുമാണ്. ആനുകാലിക വിഷയങ്ങളെ കവിതകളാക്കി കവിയരങ്ങുകളിൽ സംഗീതാൽമകമായി അവതരിപ്പിക്കുന്നതിലും ശ്രദ്ധേയനാണ്. ഈ കോവിഡ് കാലങ്ങളവിൽ രണ്ടു സിനിമകൾക്കാണ് സുഗുണൻ പാട്ടെഴുതിയിട്ടുള്ളത്. കഴിഞ്ഞ മാസം 23 ന് തീയറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന കുമാർ നന്ദ സംവിധാനം ചെയ്ത വെള്ളാരംകുന്നിലെ വെള്ളിമീനുകൾ, കൂടാതെ ബിജു മുട്ടത്ത് സംവിധാനം ചെയ്ത പാടം പൂത്തകാലം എന്നീ സിനിമകൾക്ക് വേണ്ടിയാണ് ഗാനങ്ങൾ രചിച്ചിട്ടുള്ളത്. വെള്ളാരംകുന്നിലെ വെള്ളിമീനുകൾ എന്ന കുടുംബ ചിത്രത്തിൽ രാജീവ് ശിവയുടെ സംഗീതത്തിൽ വിധു പ്രതാപ് പാടിയ മഴമുകിലാൽ നിറയും മനസ്സിൻ. തമിഴ് മ്യൂസിക് ഡയറക്ടർ എസ് ആർ റാംന്റെ സംഗീതത്തിൽ ആവണി സത്യൻ പാടിയ കൈതൊഴുന്നേ നാഥാ.. എന്നീ ഗാനങ്ങളുടെ ഓഡിയോ റിലീസിങ് കഴിഞ്ഞു.നല്ല പ്രതികരണമാണ് സംഗീതാസ്വാദകരിൽ നിന്നും ഗാനങ്ങൾക്ക് ലഭിച്ചിട്ടുള്ളത്. കോവിഡ് വ്യാപനം കുറയുന്ന മുറക്ക് സിനിമയുടെ റിലീസിങ്ങ് നടക്കും.

ബിജു മുട്ടത്ത് സംവിധാനം ചെയ്ത പാടം പൂത്ത കാലം മോഹൻലാൽ ആരാധകരുടെ കഥ പറയുന്ന ഒരു ചിത്രമാണ്. രാഗേഷ് സ്വാമിനാഥൻ സംഗീതം നൽകിയ മിഴിയിളകണ ചെറുകിളിയുടെ.. എന്നു തുടങ്ങുന്ന ഒരു ന്യൂജൻ ഗാനമാണ് ചിത്രത്തിനു വേണ്ടി എഴുതിയിട്ടുള്ളത്. സിനിമക്ക് പാട്ടെഴുതണമെന്നുള്ളത് വർഷങ്ങളായി മനസ്സിൽ കൊണ്ടുനടന്ന ഒരാഗ്രഹമായിരുന്നുവെന്നും അത് പൂർത്തിയായതിന്റെ സന്തോഷത്തിലാണ് ഈ പൊലീസുകാരൻ. വെള്ളാരം കുന്നിലെ വെള്ളിമീനുകൾ എന്ന സിനിമയിൽ വയലാർ ശരത് ചന്ദ്ര വർമ്മ, രാജീവ് ആലുങ്കൽ എന്നിവരുടെ ഗാനങ്ങൾക്കൊപ്പം രണ്ടു പാട്ടെഴുതാൻ അവസരം കിട്ടിയത് ഭാഗ്യമായാണ് കരുതുന്നത്. സർവീസിൽ നിന്നും വിരമിച്ചാൽ മുഴുവൻ സമയവും ഗാനരചനയിലും സാഹിത്യരംഗത്തും സജീവമാകാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും ആലുവ ചൂർണിക്കര സ്വദേശിയും കൊച്ചി സിറ്റി പോലീസിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറായി സേവനം അനുഷ്ഠിക്കുന്ന സുഗുണൻ പറഞ്ഞു. നിരവധി ആൽബങ്ങൾക്കും ആകാശവാണിക്കുമായി ഇതിനോടകം ഗാനങ്ങളും ഭക്തിഗാനങ്ങളും മാപ്പിളപ്പാട്ടുകളും കൂടാതെ കുട്ടിക്കവിതകളും ചെറുകഥകളും ഇദ്ദേഹം എഴുതിയിട്ടുണ്ട്.

പുറം കാഴ്ചകൾ, കുങ്കുമക്കിണ്ണം എന്നീ രണ്ടു കവിതാ സമാഹാരങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതക്ക്
ദുബൈ ആർട്ട് ലവേഴ്സ് അസോസിയേഷന്റെ ദല പുരസ്കാരം, മഹാകവി വൈലോപ്പിള്ളി ജന്മശതാബ്ദി പുരസ്കാരം, ഓൾ കേരളാ ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പുരസ്കാരം, നീലീശ്വരം സഹൃദയ വേദി പുരസ്കാരം,പരസ്പരം വായനക്കൂട്ടം അവാർഡ്, എം ടി ജൂസ മെമ്മോറിയൽ കവിത പുരസ്കാരം ‚വാഗ്ഭടാനന്ദപുരസ്കാരം ഉൾപ്പെടെ ധാരാളം ബഹുമതികൾ സുഗുണൻ ചൂർണിക്കരക്ക് ലഭിച്ചിട്ടുണ്ട്. ജില്ലക്ക് അകത്തും പുറത്തുമുള്ള പ്രധാന കവിയരങ്ങുകളിലും സാഹിത്യ സമ്മേളനങ്ങളിലും സുഗുണൻ പങ്കെടുക്കാറുണ്ട്. ഭാര്യ. ജിൻസി, ബിരുദപഠനത്തിന് ശേഷം തുടർപഠനത്തിലാണ് മകൻ ശ്രാവൺ. 

ENGLISH SUMMARY:Policeman Sug­u­nan Churnikkara enters the film as a lyricist
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.