രാജാജി മാത്യു തോമസ്

June 09, 2021, 3:55 am

മോഡി സര്‍വാധിപത്യത്തില്‍ വിള്ളല്‍ വീഴ്ത്തിയ നയംമാറ്റം

Janayugom Online

പ്രധാനമന്ത്രി നരേന്ദ്രമോഡി, ഏപ്രില്‍ 19നു പ്രഖ്യാപിച്ചതും മെയ് ഒന്നിനു നിലവില്‍ വന്നതുമായ, കോവിഡ് 19 പ്രതിരോധ വാക്സിന്‍ നയത്തില്‍നിന്നും പിന്മാറി. ജൂണ്‍ ഏഴിനു ചൊവ്വാഴ്ച രാജ്യത്തോടു നടത്തിയ അഭിസംബോധനയിലൂടെയാണ് വാക്സിന്‍ നയത്തിലെ ഭാഗികമായ തിരിച്ചുപോക്ക് മോഡി പ്രഖ്യാപിച്ചത്. കോവിഡ് മഹാമാരി രാജ്യത്തെമ്പാടും സൃഷ്ടിച്ച പതിനായിരക്കണക്കിനു പൗരന്മാരുടെ ദാരുണാന്ത്യമടക്കം ദുരിതത്തില്‍ മനംനൊന്ത മഹാമനസ്കനായ ഭരണാധികാരിയുടെ ശരീരഭാഷയായിരുന്നു പ്രഖ്യാപനത്തിലുടനീളം കാണാനായത്. എന്നാല്‍ സുപ്രീം കോടതിയുടെ കര്‍ക്കശ നിലപാടും സംസ്ഥാന സര്‍ക്കാരുകളുടെ കടുത്ത സമ്മര്‍ദ്ദവും രാജ്യത്താകെ വളര്‍ന്നുവന്ന ഭരണവിരുദ്ധ വികാരവും അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയിലെ കോവിഡ് വ്യാപനവും അതിനെ നേരിടുന്നതില്‍ മോഡി സര്‍ക്കാരിനുണ്ടായ പരാജയവും സൃഷ്ടിച്ച നയതന്ത്ര അമ്പരപ്പുമാണ് ‘തുഗ്ലക്’ നയങ്ങളില്‍ നിന്നുള്ള പിന്മാറ്റം നിര്‍ബന്ധിതമാക്കിയത്.

അനിവാര്യമായ നയംമാറ്റത്തിന് വഴങ്ങിയപ്പോഴും കച്ചവടതാല്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള ഭരണകൂട വ്യഗ്രത ഉപേക്ഷിക്കാന്‍ മോഡി തയ്യാറായില്ല. 18–44 പ്രായപരിധിയിലുള്ള ജനങ്ങള്‍ക്ക് സൗജന്യ വാക്സിന്‍ ലഭ്യമാക്കുമെന്ന് പറയുമ്പോഴും സ്വകാര്യ ലാഭതാല്പര്യങ്ങള്‍ക്ക് സൂപ്പര്‍ ലാഭം പ്രധാനമന്ത്രി ഉറപ്പുവരുത്തി. കേന്ദ്രസര്‍ക്കാര്‍ വാക്സിന്‍ സംഭരിക്കുമ്പോള്‍ നല്കുന്ന 150 രൂപ തന്നെ കമ്പനികള്‍ക്ക് മതിയായ ലാഭം ഉറപ്പുനല്കുന്നുണ്ട്. സ്വകാര്യ ആശുപത്രികള്‍ വഴി വാക്സിന്‍ ഗുണഭോക്താവില്‍ എത്തുമ്പോള്‍ 2000 മുതല്‍ 4000 ശതമാനം വരെ ലാഭം കമ്പനികള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും ലഭ്യമാകും. സ്വകാര്യ ആശുപത്രികള്‍ക്ക് ഇതുവരെ ലഭ്യമായ 25 ശതമാനം വാക്സിന്റെ 50 ശതമാനവും വന്‍കിട കോര്‍പ്പറേറ്റ് ആശുപത്രികള്‍ കെെവശപ്പെടുത്തിയെന്നും ബാക്കിയുള്ളത് രാജ്യത്തെ 300 സ്വകാര്യ ആശുപത്രികള്‍ക്കു മാത്രമാണ് ലഭ്യമായിട്ടുള്ളതെന്നുമുള്ള കണക്കുകള്‍ മോഡി ഭരണകൂടം ആര്‍ക്കൊപ്പം, ആരുടെ താല്പര്യങ്ങള്‍ക്കു വേണ്ടി നിലകൊള്ളുന്നുവെന്നത് വ്യക്തമാക്കും.
വാക്സിന്‍ നയം സംബന്ധിച്ച് സുപ്രീം കോടതി സ്വമേധയാ സ്വീകരിച്ച കേസില്‍ ആവശ്യപ്പെട്ട വസ്തുതകള്‍ രേഖാമൂലം ജൂണ്‍ 15നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിക്ക് നല്കേണ്ടത്. സുപ്രീം കോടതിയുടെ അന്ത്യശാസനം മറികടക്കാന്‍ ആവില്ലെന്ന യാഥാര്‍ത്ഥ്യമാണ് നയം മാറ്റം നിര്‍ബന്ധിതമാക്കിയത്. ജസ്റ്റിസ് ഡി വെെ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ച് മെയ് 31ന് പുറപ്പെടുവിച്ച ഉത്തരവ് മോഡി സര്‍ക്കാരിന്റെ വാക്സിന്‍ നയത്തിനെതിരെ അതിനിശിതമായ കുറ്റാരോപണമായിരുന്നു. മൂന്ന് മൗലിക പ്രശ്നങ്ങളാണ് കേന്ദ്രസര്‍ക്കാരിനെതിരെ സുപ്രീം കോടതി ഉന്നയിച്ചത്.

1. വാക്സിന്‍ നയത്തിലെ ഉദാരവല്‍ക്കരണം ഭരണഘടനയുടെ അനുഛേദം 14 ഉറപ്പുനല്കുന്ന തുല്യതയുടെ ലംഘനമാണ്. 50ശതമാനം വാക്സിന്‍ നേരിട്ടു വാങ്ങുന്ന കേന്ദ്രം സംസ്ഥാനങ്ങളെ വാക്സിനു വേണ്ടിയുള്ള അന്യായമായ മത്സരത്തിലേക്ക് തള്ളിവിടുന്നു. സംസ്ഥാനങ്ങള്‍ ഖജനാവില്‍ നിന്ന് പണം ചെലവഴിക്കുക എന്നാല്‍ ആത്യന്തികമായി നഷ്ടം സഹിക്കേണ്ടിവരിക നികുതിദായകരായ പൊതുജനങ്ങളാണ്.

2. വാക്സിന്‍ മൊത്തമായി വാങ്ങുന്നതാണ് കേന്ദ്രത്തിന് കുറഞ്ഞ വിലയ്ക്ക് (150 രൂപ) ലഭ്യത ഉറപ്പുനല്‍കുന്നത്. അങ്ങനെയെങ്കില്‍ മുഴുവന്‍ വാക്സിനും കേന്ദ്രം തന്നെ കുറഞ്ഞ വിലയ്ക്ക് എന്തുകൊണ്ട് വാങ്ങിനല്കുന്നില്ല. അതുവഴി പൊതുജനങ്ങളുടെ പണം വാക്സിന്‍ കമ്പനികള്‍ കൊള്ളയടിക്കുന്നത് തടയാനാവും.

3. അറുപത് വയസിനും 45 വയസിനും മുകളിലുള്ള വിഭാഗങ്ങള്‍ക്ക് സൗജന്യ വാക്സിന്‍ നല്‍കുന്ന കേന്ദ്രസര്‍ക്കാര്‍ 18–44 പ്രായപരിധിയിലുള്ളവര്‍ക്ക് വില ഈടാക്കി വാക്സിന്‍ നല്കുക എന്നത് പ്രഥമദൃഷ്ട്യാ സ്വേച്ഛാപരവും യുക്തിഹീനവും വിവേചനപരവുമാണ്.

സുപ്രീം കോടതിയുടെ ഈ കണ്ടെത്തലുകളെ പ്രതിരോധിക്കാനൊ മറികടക്കാനൊ നരേന്ദ്രമോഡി സര്‍ക്കാരിന് കഴിയുമായിരുന്നില്ല. അതാണ് വാക്സിന്‍ നയത്തില്‍ തിരിച്ചുപോക്ക് അനിവാര്യമാക്കിയത്.
മോഡി സര്‍ക്കാരിന്റെ വിവേചനപരവും സംസ്ഥാനങ്ങള്‍ക്കും ഗുണഭോക്താക്കള്‍ക്കും ഒരുപോലെ അധിക ബാധ്യത വരുത്തിവയ്ക്കുന്നതുമായ വാക്സിന്‍ നയത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം പരസ്യമായി രംഗത്തുവന്നിരുന്നു. മെയ് രണ്ടിന് ഗുരുതരമായ ഓക്സിജന്‍ ക്ഷാമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവന വാക്സിന്‍ നയത്തെ അപലപിക്കുകയും അവ ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. കോവിഡ് പ്രതിരോധത്തിനായി ബജറ്റില്‍ വകയിരുത്തിയ 35,000 കോടി രൂപ സൗജന്യ വാക്സിനേഷനായി ഉപയോഗിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. മെയ് മാസത്തില്‍ രണ്ടുതവണ പ്രതിപക്ഷം സംയുക്തമായി ഈ ആവശ്യം ഉന്നയിച്ച് പരസ്യമായി രംഗത്ത് വരികയുണ്ടായി.

കോവിഡ് മഹാമാരിയുടെ രണ്ടാം വരവ് രാജ്യത്ത് തീവ്രമായതോടെ അന്താരാഷ്ട്ര തലത്തില്‍ത്തന്നെ കേന്ദ്രസര്‍ക്കാരിന്റെ വാക്സിന്‍ നയം ചോദ്യം ചെയ്യപ്പെട്ടു. ദി ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടെെംസ് എന്നീ ആഗോള മാധ്യമങ്ങള്‍ വാക്സിന്‍ നയത്തെ അപലപിച്ചും കോവിഡ് മഹാമാരി തടയുന്നതില്‍ മോഡി സര്‍ക്കാരിന്റെ പരാജയവും ജനങ്ങളുടെ ദുരവസ്ഥ തുറന്നുകാട്ടിയും രംഗത്തുവന്നു. അപ്പോഴെല്ലാം അവയ്ക്കെതിരെ പ്രതിരോധം സൃഷ്ടിക്കാന്‍ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളോടും പ്രവാസി ഇന്ത്യക്കാരോടും നിര്‍ദ്ദേശിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാരും വിദേശകാര്യ മന്ത്രാലയവും. ലോകത്ത് കോവിഡ് പ്രതിരോധ വാക്സിന് ജനങ്ങളില്‍ നിന്നും വില ഈടാക്കുന്ന അപൂര്‍വങ്ങളില്‍ അപൂര്‍വ രാജ്യങ്ങളില്‍ ഒന്ന് എന്ന നിലയില്‍ ഇന്ത്യ ആഗോളരംഗത്ത് ഒറ്റപ്പെടുകയും പരിഹാസപാത്രം ആവുകയും ചെയ്തിരുന്നു.

പ്രധാനമന്ത്രി നയംമാറ്റം പ്രഖ്യാപിച്ചുകൊണ്ട് രാജ്യത്തോടു നടത്തിയ പ്രസംഗത്തില്‍ കോവിഡ് മഹാമാരി നൂറ്റാണ്ടിലെ അപൂര്‍വവും അപ്രതീക്ഷിതവുമായ സംഭവമായി ചിത്രീകരിക്കാന്‍ ഏറെ പണിപ്പെട്ടിരുന്നു. മഹാമാരിയുടെ രണ്ടാംവരവിനെ സംബന്ധിച്ച് ആഗോളതലത്തിലും രാജ്യത്തെതന്നെ ശാസ്ത്രവൃത്തങ്ങളില്‍ നിന്നും ലഭിച്ച മുന്നറിയിപ്പുകളെപറ്റി മോഡി ബോധപൂര്‍വം നിശബ്ദത പാലിച്ചു. കോവിഡ് മഹാമാരിയെപ്പറ്റി കേന്ദ്ര സര്‍ക്കാരിനെ ഉപദേശിക്കാന്‍ നിയുക്തമായ സമിതി രണ്ടാം തരംഗത്തിന്റെ വരവ് ആസന്നമായിട്ടും ഒരിക്കല്‍ പോലും യോഗം ചേര്‍ന്നിരുന്നില്ലെന്ന വസ്തുതയും അദ്ദേഹം സൗകര്യപൂര്‍വം മറച്ചുവച്ചു. മഹാമാരി സംബന്ധിച്ച ജനങ്ങളുടെ ഉത്കണ്ഠകള്‍ പങ്കുവെച്ച സാമൂഹ്യമാധ്യമങ്ങളില്‍ നിന്നും അത്തരം പോസ്റ്റുകള്‍ നീക്കം ചെയ്യുന്നതിലും അഭിപ്രായ പ്രകടനത്തിനു മുതിര്‍ന്നവരെ നിശബ്ദരാക്കുന്ന ഭരണകൂട നടപടികളിലുമായിരുന്നു മോഡിയും അനുചരന്മാരായ യു പി മുഖ്യന്‍ ആദിത്യനാഥ് അടക്കമുള്ളവരും. പ്രാണവായു കിട്ടാതെയുള്ള കൂട്ടമരണങ്ങളും സംസ്കാരം നടത്താനാവാതെ മൃതശരീരങ്ങള്‍ ഗംഗയടക്കം ഇന്ത്യന്‍ നദികളില്‍ ഒഴുകി നടക്കുന്നതിലുമുള്ള നാണക്കേടിനെപ്പറ്റിയായിരുന്നു അവരുടെയും ആര്‍ എസ് എസ് അടക്കം സംഘപരിവാറിന്റെയും ഉത്കണ്ഠകള്‍.

ഏറ്റവും അവസാനം വാക്സിന്‍ നയം തിരുത്തിയുള്ള പ്രഖ്യാപനം പുറത്തുവരുന്നതിന് തൊട്ടുമുമ്പ് ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപിയുടെ ‘ചിന്തന്‍ ബൈട്ടക്’ ആരോഗ്യസേവനത്തിന് ഒരു ലക്ഷം സന്നദ്ധപ്രവര്‍ത്തകരെ രംഗത്തിറക്കാന്‍ തീരുമാനിച്ചു. രാജ്യത്തെ ആരോഗ്യപരിപാലന രംഗത്തിന്റെ തകര്‍ച്ചക്ക് ഇതിനെക്കാള്‍ മറ്റെന്ത് സാക്ഷ്യപത്രമാണ് ഭരണകക്ഷി തന്നെ നല്‍കേണ്ടത്?ഹിന്ദുമതാചാരപ്രകാരം ശവസംസ്കാരത്തിനുപോലും കഴിയാതെ മൃതശരീരങ്ങള്‍ നദികളില്‍ ഒഴുക്കിവിടുന്ന രാജ്യത്ത് മൃതദേഹങ്ങള്‍ സംസ്കരിക്കുന്നതിനാണോ അതോ മുറിവൈദ്യന്മാര്‍ക്കാണോ മുന്‍ഗണന നല്‍കേണ്ടത്? ഗോമൂത്രവും ചാണകവുമുപയോഗിച്ചുള്ള ചികിത്സക്കുവേണ്ടി വാദിക്കുന്നവര്‍ രംഗത്തിറക്കുന്ന ആരോഗ്യസന്നദ്ധ പ്രവര്‍ത്തകരെപ്പറ്റി ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുന്നതായിരിക്കും ആരോഗ്യത്തിനും ആയുസിനും ഉത്തമം.

മോഡി രാജ്യത്തോടുള്ള അഭിസംബോധനയില്‍ പ്രതിരോധ വാക്സിനുകള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ തന്റെ ഭരണകൂടത്തിന്റെ ശുഷ്കാന്തിയും മുന്‍ഗാമികളുടെ അനാസ്ഥയും ചൂണ്ടിക്കാണിച്ച് പതിവ് വീമ്പുപറച്ചിലിന് അവസരം കണ്ടെത്തി. മോഡിയുടെ മുന്‍ഗാമികളുടെ വീഴ്ചകള്‍ മറച്ചുവയ്ക്കേണ്ടതോ ന്യായീകരിക്കപ്പെടേണ്ടതോ അല്ല. എന്നാല്‍ വസൂരി പോലുള്ള മാരക പകര്‍ച്ചവ്യാധികള്‍ ഭൂമുഖത്തുനിന്ന് തുടച്ചുമാറ്റപ്പെടേണ്ടതും എച്ച്ഐവി പ്രതിരോധമടക്കം മറ്റുപല പകര്‍ച്ചവ്യാധികളെയും തടഞ്ഞുനിര്‍ത്തിയതും മോഡി ഭരണത്തിനും ഏറെ മുമ്പാണെന്ന് വിസ്മരിക്കപ്പെട്ടുകൂട. എന്നാല്‍ ഇന്റര്‍നെറ്റടക്കം അത്യാധുനിക വാര്‍ത്താ-വിവര‑വിനിമയ വിപ്ലവ പൂര്‍വ ഇന്ത്യയിലാണ് കോവിഡ് മഹാമാരിയില്‍ പ്രാണവായുപോലും ലഭിക്കാതെ പതിനായിരങ്ങള്‍ പിടഞ്ഞുമരിച്ചതെന്നത് ഭരണകൂട പരാജയത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു.

മറ്റെല്ലാ വഴികളും അടച്ച ബഹുതല സമ്മര്‍ദ്ദത്തിനു വഴങ്ങുകയായിരുന്നു നരേന്ദ്രമോഡി. സുപ്രീം കോടതിയില്‍ വാക്സിന്‍ നയം ഭരണകൂടത്തിന്റെ പ്രത്യേകാവകാശമാണെന്നും കോടതി അതില്‍ ഇടപെടരുതെന്നും ശക്തിയുക്തം വാദിക്കാന്‍ മോഡി ഭരണകൂടം ശ്രമിച്ചിരുന്നു. എന്നാല്‍ പൗരന്മാര്‍ക്ക് ഭരണഘടന നല്കുന്ന അവകാശങ്ങള്‍ ഭരണാധികാരികളുടെ നയരൂപീകരണത്തിനുള്ള സവിശേഷാധികാരത്തിനും ഉപരിയാണെന്ന് സുപ്രീം കോടതി ഉത്തരവ് അസന്ദിഗ്ധമായി സ്ഥാപിച്ചു. കേരളവും ഒഡിഷയും പശ്ചിമബംഗാളുമടക്കം പ്രതിപക്ഷ സര്‍ക്കാരുകള്‍ കേന്ദ്രം സൗജന്യമായി വാക്സിന്‍ ലഭ്യമാക്കണമെന്ന് ശഠിച്ചു. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളും ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലവും പഞ്ചാബിലും ഹരിയാനയിലുമടക്കം ബിജെപി നേതാക്കള്‍ക്ക് സ്വതന്ത്രമായി പുറത്തിറങ്ങാന്‍ പോലും കഴിയാത്ത കര്‍ഷക പ്രക്ഷോഭ അന്തരീക്ഷവും നല്കിയ സന്ദേശങ്ങള്‍ അവഗണിക്കാനാവാതായി. മോഡിയുടെ സര്‍വാധിപത്യ ഭരണത്തിന്റെ അപ്രതിരോധ്യതയ്ക്കുമേല്‍ ആദ്യത്തെ വിള്ളല്‍ വീണിരിക്കുന്നു.