ഘോരമായ വര്‍ത്തമാനവും നിറംമങ്ങിയ ഭാവിയും

Web Desk
Posted on June 30, 2019, 8:30 am

രു ആചാരം പോലെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പാര്‍ലമെന്റിന്റെ സംയുക്തസഭയെ ഈ മാസം 20ന് അഭിസംബോധന ചെയ്തു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിന്റെ ആദ്യ ദിവസമാണ് രാംനാഥ് കോവിന്ദ് ഇരുസഭകളേയും അഭിസംബോധന ചെയ്തത്. ശരവേഗത്തില്‍ കുതിക്കുന്ന വിലക്കയറ്റത്തില്‍ രാജ്യത്തെ ജനങ്ങള്‍ പൊറുതിമുട്ടി. അവശ്യസാധനങ്ങള്‍ പോലും വാങ്ങാന്‍ കഴിയുന്നില്ല, ജനങ്ങളുടെ ഉപഭോക്തൃശേഷി കുറയുന്നു. അവശ്യസാധനങ്ങള്‍ പോലും ലഭിക്കാതെ ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥയിലാണ് രാജ്യത്തെ ജനങ്ങള്‍. ഇങ്ങനെയുള്ള ജനങ്ങള്‍ക്ക് അവരുടെ ഭാവി എന്താണെന്ന് അറിയേണ്ട അവകാശമുണ്ട്. വന്‍ഭൂരിപക്ഷത്തോടെ പുതുതായി അധികാരത്തിലെത്തിയ സര്‍ക്കാരില്‍ നിന്നും ഇതിനുള്ള മറുപടികള്‍ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ ഇതിനുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതിക്കായില്ല.

ദീര്‍ഘവീക്ഷണം, നിശ്ചയദാര്‍ഢ്യം, അവസരത്തിനൊത്ത് ഉയരാനുള്ള ശേഷി, ഭരണഘടന വിഭാവനം ചെയ്യുന്നതുപോലെയുള്ള ഒരു ക്ഷേമരാഷ്ട്രം വാര്‍ത്തെടുക്കുക തുടങ്ങിയ ആശയങ്ങളൊന്നും രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തില്‍ ഇല്ലായിരുന്നു. എന്നാല്‍ അടിസ്ഥാന പ്രശ്‌നങ്ങളെ പാര്‍ശ്വവല്‍ക്കരിക്കുന്ന വാക്കുകളാണ് നയപ്രഖ്യാപനത്തില്‍ പ്രതിധ്വനിച്ചത്. തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിലെ വളര്‍ച്ച, കുറവ്, സാമ്പത്തിക രംഗത്തെ തകര്‍ച്ച എന്നിവയെക്കുറിച്ച് അവ്യക്തമായാണ് സൂചിപ്പിച്ചത്. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന പാവപ്പെട്ട ജനങ്ങള്‍, ദളിതര്‍, ന്യൂനപക്ഷങ്ങള്‍, സ്ത്രീകള്‍ എന്നിവരുടെ പ്രശ്‌നങ്ങള്‍ അവഗണിച്ചു. തൊഴില്‍ നിയമങ്ങളിലെ ഭേദഗതികള്‍, ഭൂമി ഏറ്റെടുക്കല്‍ നിയമങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട യാഥാര്‍ഥ്യങ്ങളുടെമേല്‍ അദ്ദേഹം കണ്ണടച്ചു. തൊഴില്‍, സമഗ്ര വികസനം, പ്രശ്‌ന രഹിതമായ ഒരു സമ്പദ്‌വ്യവസ്ഥ എന്നിവ നേടിയെടുക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ സംബന്ധിച്ചും ദുര്‍ബലമായ പരാമര്‍ശങ്ങളാണ് ഉണ്ടായത്.

രാജ്യത്തെ സംഘടിത‑അസംഘടിത മേഖലകള്‍ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ചെറുകിട ഇടത്തരം വ്യവസായ സംരംഭങ്ങളും പ്രതിസന്ധി നേരിടുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം തൊഴിലില്ലായ്മ അങ്ങേയറ്റം രൂക്ഷമായി. രാജ്യത്തെ 30 കോടി ജനങ്ങള്‍ക്കുകൂടി പ്രയോജനം ലഭിക്കുന്ന വിധത്തില്‍ പ്രധാനമന്ത്രി മുദ്രാ യോജന വ്യാപിപ്പിക്കുമെന്നാണ് മറ്റൊരു സ്വപ്‌ന പ്രഖ്യാപനം. ഇനിയും യാഥാര്‍ഥ്യമാകാത്ത മറ്റൊരു പ്രഖ്യാപനവും നടത്തി. സംരംഭകര്‍ക്ക് 50 ലക്ഷം രൂപവരെ ഈട് വാങ്ങാതെ വായ്പ നല്‍കുന്ന പദ്ധതി. കഴിഞ്ഞ തവണയും ഇത്തരത്തിലുള്ള സ്വപ്‌ന തുല്യമായ പ്രഖ്യാപനങ്ങള്‍ ഉണ്ടായെങ്കിലും അതൊന്നും യാഥാര്‍ഥ്യമായില്ല.

ഈ പ്രഖ്യാപനങ്ങളൊക്കെ യഥാര്‍ഥ പ്രശ്‌നങ്ങളില്‍ നിന്നും ഒളിച്ചോടാനുള്ള സര്‍ക്കാരിന്റെ കുറുക്കുവഴികളാണ്. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ കഴിയില്ല. വളര്‍ച്ചാ നിരക്ക് നിര്‍ണയിക്കുന്ന മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിവാദങ്ങള്‍ ഇപ്പോഴും തുടരുന്നു. മൊത്തം ആഭ്യന്തര വളര്‍ച്ചാ നിരക്കുമായി ബന്ധപ്പെട്ട കണക്കുകള്‍ തെറ്റാണെന്ന് തെളിയുന്നു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തില്‍ ഗണ്യമായ കുറവുണ്ടായി എന്നത് ഒരു വസ്തുതയാണ്. ഉപഭോഗക്ഷമത മൂക്കിടിച്ച് വീണു. ബാങ്കിങ് മേഖലയിലെ പ്രതിസന്ധി രൂക്ഷമായി തുടരുന്നു. ആര്‍ബിഐയുടെ കരുതല്‍ ശേഖരത്തില്‍ നിന്നും കൂടുതല്‍ പണം എടുക്കാനുള്ള നീക്കങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നു. 9.6 ലക്ഷം കോടി രൂപയാണ് കരുതല്‍ ധനമായി ആര്‍ബിഐയുടെ പക്കലുള്ളത്. അധിക ധനം കൈമാറുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരും ആര്‍ബിഐയും തമ്മിലുള്ള ഉരസല്‍ ഇപ്പോഴും തുടരുന്നു. ഇതിന്റെ ഫലമായി ആര്‍ബിഐ ഡെപ്യൂട്ടി വിരല്‍ ആചാര്യ രാജിവച്ചു. രാജിവച്ചവരുടെ നിരയില്‍ മൂന്നാമനാണ് വിരല്‍ ആചാര്യ. ആദ്യം രഘുറാം രാജന്‍, രണ്ടാമത് ഊര്‍ജ്ജിത് പട്ടേല്‍, മൂന്നാമത് ഇപ്പോള്‍ വിരല്‍ ആചാര്യയും. റിസര്‍വ് ബാങ്കുകളുടെ സ്വതന്ത്ര അധികാരത്തെ സംരക്ഷിക്കാത്ത സര്‍ക്കാരുകള്‍ക്ക് കമ്പോളം ഉയര്‍ത്തുന്ന രൂക്ഷമായ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുമെന്ന് കഴിഞ്ഞ വര്‍ഷം പൊതുവേദിയില്‍ വിരല്‍ ആചാര്യ വ്യക്തമാക്കിയിരുന്നു.

പൊതുമേഖല ഗുരുതരമായ പ്രതിസന്ധി നേരിടുമ്പോള്‍ സ്വകാര്യ മേഖലയിലെ നിക്ഷേപം ഗണ്യമായി കുറയുന്നു. ഉല്‍പാദന മേഖല ആകെ തകര്‍ന്ന അവസ്ഥയിലും. കര്‍ഷകരുടെ പ്രശ്‌നങ്ങളും കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയും അറുതിയില്ലാതെ തുടരുന്നു. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വരുമാനം ഗണ്യമായി കുറയുന്നു. ഇതിന് ആനുപാതികമായി മൊത്തം ആഭ്യന്തര ഉല്‍പാദനത്തില്‍ കാര്‍ഷിക മേഖലയില്‍ നിന്നുള്ള വിഹിതം തുലോം കുറവാകുന്നു. ഓരോ ദിവസവും രാജ്യത്ത് ശരാശരി 808 കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്നു. എല്ലായിടത്തും ഈ ഭീതി വ്യാപകമാകുന്നു.

രാജ്യത്ത് വളര്‍ന്നുവരുന്ന സങ്കുചിതമായ ദേശീയത, രാജ്യത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ക്ക് വിഘാതം വരുത്തുന്ന വിധത്തിലുള്ള ഹിന്ദു വര്‍ഗീയവാദികളുടെ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് രാഷ്ട്രപതി നിശബ്ദത പാലിക്കുന്നു. സത്യങ്ങളെ മറച്ചുവയ്ക്കുന്നു. ദളിതന്‍, മുസ്‌ലിം, സ്ത്രീ എന്ന പേരില്‍ നിഷ്‌കളങ്കരായ ജനങ്ങളെ തല്ലിക്കൊല്ലുന്നു. ഇവര്‍ക്ക് ഭരണാധികാരികളില്‍ നിന്നോ പൊലീസില്‍ നിന്നോ നീതി ലഭിക്കുന്നില്ല. ഈ ഭീതി രാജ്യത്താകമാനം വളരുന്നു. ഒരു വര്‍ഗം എന്ന അമിത് ഷായുടെ ആശയത്തിലേക്കുള്ള പോക്കാണിതെന്ന് ജനങ്ങള്‍ ആശങ്കപ്പെടുന്നു. അസമിലെ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ച പരാമര്‍ശവും രാഷ്ട്രപതിയുടെ പ്രസംഗത്തിലുണ്ട്.

ഭൂതകാലത്തെ സ്പര്‍ശിച്ചുള്ള ഒരു പുതിയ ഇന്ത്യ എന്ന പരാമര്‍ശവും നയപ്രഖ്യാപനത്തിലുണ്ട്. സര്‍ദാര്‍ പട്ടേല്‍, ബാബാ സാഹിബ് അംബേദ്ക്കര്‍, മഹാത്മാ ഗാന്ധി എന്നിവരുടെ പേരുകള്‍ പ്രസംഗത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ രാജ്യത്തെ പ്രഥമ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേര് പരാമര്‍ശിച്ചില്ല.

ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള പുതിയ ഇന്ത്യയല്ല രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ളത്. മതേതര സോഷ്യലിസ്റ്റ് രാജ്യം എന്നാണ് ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുള്ളത്. കഴിഞ്ഞകാല ചരിത്ര സത്യങ്ങളെ മൂടിവയ്ക്കുക, ഭുതകാല നേട്ടങ്ങളെ വിലകുറച്ച് കാണുക തുടങ്ങിയ കാര്യങ്ങളാണ് ഇനി വര്‍ത്തമാന കാലത്തിലേയ്ക്ക് നയിക്കുന്നത്. ചരിത്രത്തിന്റെ മൂല്യം ഇല്ലാതെയുള്ള വര്‍ത്തമാനകാലം അര്‍ഥശൂന്യമായ ഭാവിയിലേക്കായിരിക്കും നയിക്കുന്നത്.