മാണിയുടെ കാര്യത്തിലും നയം മുഖ്യമാകണം: ബിനോയ് വിശ്വം

Web Desk
Posted on February 12, 2018, 4:32 pm
സി പി ഐകാസര്‍കോട് ജില്ലാ സമ്മേളനം പെരുമ്പളയിലെ കെ കെ കോടോത്ത് നഗറില്‍ സി പി ഐ ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പള(കാസര്‍കോട്): ഫാഷിസത്തിനെതിരെ കോണ്‍ഗ്രസുമായി വിശാല വേദിയുണ്ടാക്കുന്നതില്‍ മാത്രമല്ല കേരളത്തില്‍ എല്‍.ഡി.എഫ് അടിത്തറ വികസിപ്പിക്കുന്നകാര്യത്തിലും നയം മുഖ്യമാകണമെന്ന് സി പി ഐ ദേശീയ എക്‌സിക്യൂട്ടീവംഗം ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ കാസര്‍കോട് ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ചട്ടഞ്ചാലില്‍ കെ കെ കോടോത്ത് നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ അടിത്തറ വികസിപ്പിക്കണമെന്ന നിലപാടാണ് സിപിഐക്കുള്ളത്. ജനതാദള്‍-യു എല്‍ഡിഎഫിലേയ്ക്ക് തിരിച്ചുവന്നതിനെ തങ്ങള്‍ സ്വാഗതം ചെയ്യുന്നു. ജനതാദള്‍ എല്‍ഡിഎഫില്‍ നിന്നു വിട്ടുപോയപ്പോള്‍ അവരെ തിരികെകൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടത് സിപിഐയാണ്. എന്നാല്‍ കെ.എം.മാണിയെപ്പോലുള്ള അഴിമതിക്കാരനായ ഒരാളെ എന്തു നയത്തിന്റെ അടിസ്ഥാനത്തിലാണ് എല്‍ഡിഎഫില്‍ ചേര്‍ക്കണമെന്ന് പറയുന്നത്. എല്‍ഡിഎഫിന് കെ എം മാണിയെ ഉള്‍ക്കൊള്ളാനാകുമോ. സംസ്ഥാനത്തെ ഏറ്റവും വലിയ അഴിമതിക്കാരന്‍ മാണിയെന്ന് പറഞ്ഞത് എല്‍.ഡി.എഫാണ്. മാണിയുടെ വീട്ടില്‍ നോട്ടെണ്ണുന്ന യന്ത്രമുണ്ടെന്ന് പറഞ്ഞത് എല്‍.ഡി.എഫാണ്. ബാര്‍ മുതലാളിമാരില്‍ നിന്നും കോഴ വാങ്ങിയെന്ന് പറഞ്ഞത് എല്‍.ഡി.എഫ്. വന്‍കിടക്കാര്‍ക്ക് ബജറ്റ് വിറ്റുവെന്ന് പറഞ്ഞു.

കോഴിക്കച്ചവടക്കാരില്‍ നിന്നും കോഴവാങ്ങി ബജറ്റില്‍ ഇളവ് നല്‍കിയയെന്ന് പറഞ്ഞു. ഇപ്പോഴെങ്ങനെ മാണി വിശുദ്ധനാകും. എപ്പോഴാണ് മാണി എല്‍.ഡി.എഫ് നയത്തിലെത്തിയത്. മാണിക്കെതിരെയുള്ള വിജിലന്‍സ് കേസ് തേച്ചുമാച്ചു കളഞ്ഞുവെന്നാണ് ഇപ്പോള്‍ കേട്ടത്. ഇത് എല്‍.ഡി.എഫ് നയമാണോ. ബിനോയ്‌വിശ്വം ചോദിച്ചു. ഇടതുപക്ഷ എല്‍ഡിഎഫ് എത്രമാത്രം സിപിഎമ്മിന്റേതാണോ അത്രമാത്രമോ അതില്‍കൂടുതലോ സിപിഐയുടേതും കൂടെയാണ്. അഞ്ചുവര്‍ഷം എങ്ങനെയെങ്കിലും ഭരിച്ചുപോകേണ്ടവരല്ല ഇടതുപക്ഷം. ഇന്ത്യയ്‌ക്കൊരു ബദല്‍നയം കാണിച്ചുകൊടുക്കാന്‍ നമുക്കു കഴിയണം. ഇടതുപക്ഷമൂല്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന എല്ലാവരുമായി സഹകരിച്ചുകൊണ്ട് ഇടതുപക്ഷത്തെ ശക്തിപപ്പെടുത്തണം. ഇടതുപക്ഷനയങ്ങളെ ദുര്‍ബലപ്പെടുത്താനല്ല, ശക്തിപ്പെടുത്താനാണ് സിപിഐയുടെ വിമര്‍ശനം. കോണ്‍ഗ്രസുമായി ഐക്യമുന്നണി സാധ്യമല്ല. അവരുടെ സാമ്പത്തിക നയവുമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് യോജിച്ചുപോകാനാവില്ല. ആ നയമാണ് കോണ്‍ഗ്രസിന്റെ വിനാശത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ആര്‍.എസ്.എസിനെതിരെ ഇടത് ഐക്യം മാത്രം പറഞ്ഞാല്‍ എല്ലാവരെയും ഫാഷിസം വിഴുങ്ങും. ഫാസിസം ഡെമോക്ലസിന്റെ വാളുപോലെ നമ്മുടെ തലയ്ക്കു മുകളില്‍ തൂങ്ങിക്കിടക്കുമ്പോള്‍ മുഖ്യശത്രുവിനെ എതിര്‍ക്കാന്‍ മതേതരകക്ഷികളുടെ വിശാലമായ പ്ലാറ്റ്‌ഫോം വേണം. ഇതിനര്‍ഥം കോണ്‍ഗ്രസുമായി ഒരു രാഷ്ട്രീയസഖ്യമുണ്ടാക്കലല്ല. ഫാഷിസത്തിനെതിരെ യോജിക്കാവുന്നവരെ ചേര്‍ത്ത് ദേശീയതലത്തില്‍ വിശാലസഖ്യം സാധ്യമാക്കണം. ഇക്കാര്യം ഒരു വര്‍ഷംമുമ്പ് സി.പി.ഐ പറഞ്ഞതാണ്. ഇപ്പോള്‍ എല്ലാവരും ചര്‍ച്ചചെയ്യുകയാണ്. ഐക്യമുന്നണി, സഖ്യം, ധാരണ, അഡ്ജസ്റ്റ്‌മെന്റ് എന്നീ വാക്കുകളെക്കുറിച്ച് നന്നായി അറിയുന്നവരാണ് ഞങ്ങള്‍. വിയോജിപ്പുകള്‍ മാറ്റിവെച്ച് യോജിക്കാവുന്ന ഇടങ്ങളില്‍ യോജിച്ചുപ്രവര്‍ത്തിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം അതിന്റെ ഗുണം മുഖ്യശത്രുവിനാണ് ലഭിക്കുക.
ഫാസിസം ജനിക്കുന്നതും വളരുന്നതും നുണകളിലൂടെയാണ്. എന്നാല്‍ അന്തിമവിജയം സത്യത്തിനു തന്നെയായിരിക്കും. ഹിറ്റ്‌ലറും മുസോളിനിയുടെയും പതനം ഇതിനു തെളിവാണ്. സ്വാതന്ത്ര്യസമരകാലത്ത് കാഴ്ചക്കാരായി പോലും ഇല്ലാത്തവരായിരുന്നു ആര്‍എസ്എസുകാര്‍. ഹിറ്റ്‌ലറിന്റെയും മുസോളിനിയുയൈും സ്‌കൂളില്‍ നിന്ന് ഫാസിസം പഠിച്ചുവന്ന ആര്‍എസ്എസുകാര്‍ ഇന്ത്യക്കാരെ രാജ്യസ്‌നേഹം പഠിപ്പിക്കേണ്ടതില്ല. മോദിഭരണത്തില്‍ പ്രവീണ്‍ തൊഗാഡിയക്കു വരെ രക്ഷയില്ലാത്ത സ്ഥിതിയാണ്. ഫാസിസം അതിന്റഎ അധികാരം സ്ഥാപിക്കാന്‍ ആരെക്കൊല്ലാനും മടിക്കുന്നില്ല. ഓരോ തെരഞ്ഞെടുപ്പിലും വോട്ടുനേടാനുള്ള തന്ത്രമാണ് ബിജെപിക്ക് അയോധ്യവിഷയം. ശ്രീരാമനെ കേവലമൊരു വോട്ടുപിടുത്തക്കാരനായാണ് അവര്‍ കാണുന്നത്. ജനങ്ങളെ കഴുതകളായി കാണുന്ന പ്രധാനമന്ത്രിയാണ് രാജ്യം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരകൊറിയയാണ് സോഷ്യലിസത്തിന്റെ ഏറ്റവും വലിയ മാതൃകയെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഉത്തര-ദക്ഷിണകൊറിയകള്‍ തമ്മില്‍ യോജിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുണ്ട്. ചൈനീസ് മാതൃകയോ റഷ്യന്‍ മാതൃകയോ അല്ല ഇന്ത്യയിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിക്കേണ്ടത്. ഇന്ത്യയിലെ രാഷ്ട്രീയ‑സാമൂഹ്യസാഹചര്യങ്ങള്‍ക്ക് അനുസരിച്ചുള്ള ഇന്ത്യന്‍ നയമാണ് സ്വീകരിക്കേണ്ടത്.
സി.പി.എമ്മുമായി ചിലകാര്യങ്ങളില്‍ തര്‍ക്കമുണ്ടെങ്കിലും ഇഴയടുപ്പവും ബന്ധവും കൂടുതലാണ്. ചെറിയ വ്യത്യാസങ്ങള്‍ മാധ്യമങ്ങള്‍ പര്‍വതീകരിക്കുയാണ് ചെയ്യുന്നത്. കോണ്‍ഗ്രസുമായുള്ള വിശാലവേദി സംബന്ധിച്ച് സി.പി.എമ്മില്‍ അഭിപ്രായ വിത്യാസമുണ്ട്. അത് ആരോഗ്യകരമാണെന്നാണ് കരുതുന്നത്. സി.പി.ഐ എന്തിനാണ് എല്‍.ഡി.എഫില്‍ നിന്നുകൊണ്ട് ഇങ്ങനെ പറയുന്നത് എന്ന് ചോദിച്ചാല്‍ അത് എല്‍.ഡി.എഫ്? നയങ്ങള്‍ ഉയര്‍ത്തിപിടിക്കാനാണെന്നാണ് മറുപടിയെന്നും അദ്ദേഹം പറഞ്ഞു.