August 9, 2022 Tuesday

അയൽരാജ്യങ്ങളിൽനിന്നുള്ള പോളിയോ ഭീഷണി; തുള്ളിമരുന്നുവിതരണം വീണ്ടും തുടങ്ങുന്നു

Janayugom Webdesk
ഡൽഹി
January 15, 2020 10:44 am

രാജ്യത്ത് പോളിയോ നിർമാർജനംചെയ്തതിനുശേഷം നിർത്തിവെച്ച തുള്ളിമരുന്നുവിതരണം വീണ്ടും തുടങ്ങുന്നു. അയൽരാജ്യങ്ങളിൽനിന്നുള്ള പോളിയോ ഭീഷണിമൂലമാണിത്. ഈമാസം 19‑നാണ് രാജ്യംമുഴുവൻ ഒറ്റദിവസം വീണ്ടും പോളിയോ തുള്ളിമരുന്ന് നൽകുന്നത്. പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ പോളിയോരോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്.

2014‑മാർച്ച് 27‑ന് ലോകാരോഗ്യസംഘടന ഇന്ത്യയെ പോളിയോ വിമുക്തമായി പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജാഗ്രതയുടെ ഭാഗമായി മൂന്നുവർഷംകൂടി തുള്ളിമരുന്ന് നൽകി. കേരളത്തിൽ 2000‑ത്തിൽ മലപ്പുറം ജില്ലയിലാണ് അവസാന പോളിയോബാധ റിപ്പോർട്ട്ചെയ്തത്. 2014‑ന് ശേഷം കേരളം പോളിയോ തുള്ളിമരുന്നുവിതരണം ഒരു ഘട്ടമായികുറച്ചു. 2019ൽ ഇതരസംസ്ഥാനക്കാർക്ക് മാത്രമായി മരുന്നുനൽകി. എന്നാൽ കഴിഞ്ഞമാസം 28‑ന് ചേർന്ന കേന്ദ്ര ആരോഗ്യവകുപ്പിന്റെ പോളിയോ വിദഗ്ധ സമിതിയാണ് 2020, 21 വർഷങ്ങളിൽക്കൂടി തുള്ളിമരുന്ന് നൽകാൻ തീരുമാനമെടുത്തത്.

നൈജീരിയയിലും രോഗമുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്തിട്ടില്ല. 2018‑ൽ ഈ മൂന്നു രാജ്യങ്ങളിലുംകൂടി 33 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാൽ 2019 ൽ പാകിസ്താനിൽ 11 ഉം അഫ്ഗാനിസ്താൽ 26 ഉം കേസുകൾ റിപ്പോർട്ട്ചെയ്തു. ഇന്ത്യക്കാർ വലിയതോതിൽ ഗൾഫ് രാജ്യങ്ങളിൽവെച്ച് ഈ രാജ്യക്കാരുമായി ഇടകലരുന്നുണ്ട്. അതുകൊണ്ട് രോഗബാധയ്ക്ക് സാധ്യതയുണ്ടെന്നാണ് വിദഗ്ധസമിതിയുടെ വിലയിരുത്തൽ. പത്തുവർഷത്തോളം പോളിയോവിമുക്തമായിരുന്ന സിറിയ, ഇറാഖ് എന്നീരാജ്യങ്ങളിൽ പാകിസ്താനിൽനിന്ന് രോഗം പകർന്നതായി റിപ്പോർട്ടുണ്ടായിരുന്നു. 2000‑ത്തിൽ പോളിയോ വിമുക്തമായി പ്രഖ്യാപിച്ച ഫിലിപ്പീൻസിൽ കഴിഞ്ഞവർഷം മൂന്നുവയസ്സുള്ള പെൺകുട്ടിക്ക് പോളിയോ സ്ഥിരീകരിച്ചത് ലോകാരോഗ്യ സംഘടനയെ അമ്ബരപ്പിച്ചിട്ടുണ്ട്.

എന്താണ് പോളിയോ വൈറസ്. . ?

ഒരുകാലത്ത് ലോകമെമ്പാടും ലക്ഷക്കണക്കിന് പേർക്ക് അംഗവൈകല്യമുണ്ടാക്കിയ വൈറസ്. രോഗിയുടെ വിസർജ്യത്തിലൂടെയാണ് പകരുന്നത്. വയറ്റിലൂടെ ശരീരത്തിലെത്തി നാഡീവ്യൂഹത്തേയും തലച്ചോറിനേയും ബാധിക്കും. ചികിത്സകൊണ്ട് ഭേദമാക്കാനാവില്ല. പ്രതിരോധമാണ് ഫലപ്രദം. അഞ്ചുവയസ്സിന് താഴെയുള്ള കുട്ടികളേയാണ് കൂടുതൽ ബാധിക്കുന്നത്.

ടൈപ്പ് ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ പോളിയോ മൂന്നുതരമുണ്ട്. 2015-ഓടെ ടൈപ്പ് രണ്ടുംമൂന്നും വൈറസ് ലോകത്തുനിന്ന് നിർമാർജനംചെയ്തു. ഇപ്പോൾ രോഗം പകർത്തുന്ന വൈൽഡ് പോളിയോ വൈറസ് ടൈപ്പ് ഒന്നുമാത്രമാണ്. 1955‑ൽ ജോനാസ് സാൽക്ക് ആണ് പോളിയോ രോഗാണുക്കളെക്കൊന്ന് വാക്സിൻ ഉണ്ടാക്കിയത്. 1963‑ൽ ആൽബർട്ട് സാബിൻ വൈറസുകളുടെ രോഗശേഷി നശിപ്പിച്ച് ഓറൽ പോളിയോ വാക്സിൻ നിർമിച്ചു. ബൈവാലന്റ് ഓറൽ വാക്സിനാണ് ഇപ്പോൾ നൽകുന്നത്.

Eng­lish Sum­ma­ry: Polio threats from neigh­bor­ing countries

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.