പുളിക്കല്‍ സനില്‍രാഘവന്‍

July 15, 2021, 11:09 am

ഗാർഹിക സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി

Janayugom Online

രാജ്യത്തെ ഗാർഹിക സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കി രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. ഒരു ലിറ്റർ പെട്രോളിന് 35 പൈസയും ഡീസലിന് 17 പൈസയുമാണ് കൂട്ടിയത്.തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 103 രൂപ 52 പൈസയും ഡീസലിന് 96 രൂപ 53 പൈസയുമാണ് ഇന്നത്തെ വില. കോഴിക്കോട് പെട്രോളിന് 101 രൂപ 96 പൈസയും ഡീസലിന് 95 രൂപ 03 പൈസയുമായി. കൊച്ചിയില്‍ 101.76 ആണ് പെട്രോള്‍ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ ഡീസലിന് 94.82 രൂപയാണ്.അടിക്കടി ഇന്ധന വിലകൂട്ടുന്നതോടെ അവശ്യസാധനങ്ങളുടെ വിലയും ഉയരുന്നത്‌ ജനജീവിതം ദുസ്സഹമാക്കുകയാണ്‌.വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് അടുപ്പിച്ച് ഇടക്കാലത്ത് നിർത്തിവെച്ചിരുന്ന ഇന്ധനവിലവർധന മേയ് നാലുമുതലാണ് വീണ്ടും തുടങ്ങിയത്. കോവിഡ് മഹാമാരി കാരണം ജനങ്ങൾ ദുരിതത്തില്‍ അലയുമ്പോള്‍ കണ്ണില്‍ചോരയില്ലാത്ത മനുഷ്യത്വരഹിതമായനടപടി എടുക്കാന്‍ മോഡി സർക്കാരിനല്ലാതെ ആര്‍ക്കും കഴയില്ല. ഇത്രയും ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാർ ലോകത്തൊരിടത്തും ഉണ്ടാകില്ല. തൊഴിൽ നഷ്ടപ്പെട്ടും ചെറുകിട–ഇടത്തരം കച്ചവടങ്ങൾ തകർന്നും ജനങ്ങളുടെ വരുമാനം ഇല്ലാതാവുകയോ നന്നേ കുറയുകയോ ചെയ്തു. ഈ ഘട്ടത്തിലാണ് ജനങ്ങൾക്ക് സർക്കാരിന്റെ കൈത്താങ്ങ് ഏറ്റവും ആവശ്യം. അത്‌ ചെയ്യാതെ പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില അടിക്കടി വർധിപ്പിച്ച് കോവിഡ് മഹാമാരിയുടെ ഭാരം മുഴുവൻ ജനങ്ങളുടെ തലയിൽ ഇടുകയാണ് കേന്ദ്ര സര്‍ക്കാര്‍ . ലിറ്ററിന് 50 രൂപയ്ക്ക് പെട്രോളും ഡീസലും നൽകുമെന്നായിരുന്നു 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നൽകിയ വാഗ്ദാനം. ഇപ്പോൾ പെട്രോളിന് വില നൂറുകഴിഞ്ഞിരിക്കുന്നു . ഒന്നാം മോഡി സർക്കാർ അധികാരത്തിൽ വരുമ്പോൾ 2014ൽ പാചകവാതകം സിലിണ്ടറിന് 300 രൂപയായിരുന്നു. ഇപ്പോൾ കേരളത്തിൽ ഒരു സിലിണ്ടറിന്റെ വില എത്ര് കൂടിയിരിക്കുന്നു.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില കൂടുമ്പോഴാണ് ഇവിടെ ഇന്ധനവില വർധിപ്പിക്കുന്നതെന്ന വാദത്തിന് സത്യവുമായി ഒരു ബന്ധവുമില്ല.

ജനങ്ങളെ ക്രൂരമായി കൊള്ളയടിക്കുകയും അതോടൊപ്പം നുണ പറഞ്ഞ് വഞ്ചിക്കുകയുമാണ് മോഡി സർക്കാർ ചെയ്യുന്നത്.തുടർച്ചയായ ഇന്ധനവിലക്കയറ്റം ജനങ്ങളുടെ വരുമാനം പിന്നെയും ചോർത്തുകയാണ്. ഇതിനിടയിലാണ് അവശ്യവസ്തുക്കളുടെയടക്കം വില നിത്യേന ഉയരുന്നത്. ഡീസൽ വിലക്കയറ്റം കാർഷികമേഖലയുടെ പ്രതിസന്ധി വർധിപ്പിച്ചിരിക്കയാണ്.ഡീസൽവില ഉയർന്നപ്പോൾ എല്ലാ ചരക്ക് വാഹനങ്ങളുടെയും വാടക ഗണ്യമായി വർധിച്ചു. ഇതിന്റെ ആഘാതം ഏൽക്കാത്ത ഒരു ഉൽപ്പന്നവുമില്ല. അത്യാവശ്യ സാധനങ്ങളുടെയെല്ലാം വില മേലോട്ട്‌ കുതിക്കുകയാണ്. കാർഷികരംഗത്താണെങ്കിൽ ജലസേചനത്തിനും നിലമൊരുക്കാനും കൊയ്യാനുമെല്ലാം യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഇവിടെയും ഡീസൽ അത്യാവശ്യം. ഇന്ധനവില ഉയർന്നപ്പോൾ, പൊതുഗതാഗതത്തിനും സ്വകാര്യ ഗതാഗതത്തിനും ചെലവ് കൂടി. ടാക്സി കാറുകളും ഓട്ടോറിക്ഷയും ഓടിക്കുന്ന പാവങ്ങളുടെ വരുമാനം ഇടിഞ്ഞു. രാഷ്ട്രീയ പ്രവർത്തനത്തിന് ഇടയിൽ ഒരു ഓട്ടോറിക്ഷ തൊഴിലാളിയോടെങ്കിലും സംസാരിച്ചിരുന്നെങ്കിൽ ബിജെപിക്കാർ ഇത്തരം പ്രചാരണം നടത്തുമായിരുന്നില്ല.അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ്‌ ഓയിലിന് വില കുറയുമ്പോൾ ഇവിടെ ഇന്ധനവില കുറയ്ക്കും എന്ന വാഗ്ദാനവും വെറും കബളിപ്പിക്കലാണെന്ന് തെളിഞ്ഞു. ഇന്ത്യ വാങ്ങുന്ന ക്രൂഡ്‌ ഓയിലിന് ഇപ്പോൾ ബാരലിന് 70 ഡോളറാണെങ്കിൽ 2020 ഏപ്രിലിൽ 20 ഡോളറും 2020 മെയിൽ 28 ഡോളറുമായിരുന്നു. എന്നാൽ, ഇതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടിയില്ല. വില കുറയാതിരിക്കാൻ നികുതി ഗണ്യമായി വർധിപ്പിച്ചു. കോവിഡ് മഹാമാരി കാരണം ഇന്ധന ഉപയോഗം ഒമ്പത് ശതമാനം കുറഞ്ഞിട്ടും സർക്കാരിന്റെ വരുമാനത്തിൽ വലിയ വളർച്ചയുണ്ടായി. 2020–-21 കേന്ദ്ര ബജറ്റിലെ കണക്ക്‌ പ്രകാരം മൊത്തം നികുതിവരുമാനം ലക്ഷ്യമിട്ടതിനേക്കാൾ 17.8 ശതമാനം കുറവായിരുന്നു. എന്നാൽ, എക്സ്സൈസ് തീരുവയിൽ ലക്ഷ്യമിട്ടതിനേക്കാൾ 35 ശതമാനം വർധന. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ ഇന്ത്യയുടെ ആഭ്യന്തരവരുമാനത്തിൽ 7.5 ശതമാനത്തിന്റെ ഇടിവുണ്ടായിട്ടുണ്ട്. 

പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ച് വരുമാന നഷ്ടം നികത്താനും സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.രാജ്യത്ത്‌ മൊത്തവില സൂചികയെ അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പം ഉയർന്ന നിരക്കിൽ തുടരുന്നു. ജൂണിലെ പണപ്പെരുപ്പ നിരക്ക്‌ 12.07 ശതമാനമാണ്‌. ജനുവരിമുതൽ വിലക്കയറ്റ തോത്‌ ഉയർന്നുതുടങ്ങിയിരുന്നു. 2011–-12 അടിസ്ഥാന വർഷമായി വിലക്കയറ്റ തോത്‌ കണക്കാക്കാൻ തുടങ്ങിയശേഷം കഴിഞ്ഞ ഏപ്രിലിലാണ്‌ പണപ്പെരുപ്പം ആദ്യമായി രണ്ടക്കം കടന്നത്‌. മൂന്ന്‌ മാസമായി പണപ്പെരുപ്പം രണ്ടക്കത്തിൽ തുടരുകയാണ്‌. അനിയന്ത്രിത ഇന്ധനവിലയാണ്‌ വിലക്കയറ്റ തോത്‌ കുത്തനെ ഉയർത്തിയത്‌. ഇന്ധന–- ഊർജ മേഖലയിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ ജൂണിലെ വിലക്കയറ്റം 32.83 ശതമാനമാണ്‌. ഭക്ഷ്യവസ്‌തുക്കളുടെ വിലക്കയറ്റം 3.1 ശതമാനവും നിർമിത ഉൽപ്പന്നങ്ങളുടേത്‌ 10.88ഉം പ്രാഥമിക ഉൽപ്പന്നങ്ങളുടേത്‌ 7.79 ശതമാനവുമാണ്‌. പെട്രോൾ വിലക്കയറ്റം 59.95 ശതമാനവും ഡീസൽ വിലക്കയറ്റം 59.92ഉം എൽപിജി വിലക്കയറ്റം 31.44ഉം ക്രൂഡ്‌ പെട്രോൾ വിലക്കയറ്റം 62.63 ശതമാനവുമാണ്‌. സവാളവിലയിൽ 64.32ഉം പരിപ്പുവർഗങ്ങളുടെ വിലയിൽ 11.49ഉം മുട്ട–- മാംസം–- മീൻ വിലയിൽ 8.59 ശതമാനവും വർധനയുണ്ട്‌.ക്രമാതീതമായി ഉയരുന്ന ഇന്ധനവില രാജ്യത്തെ ഗാർഹിക സമ്പദ്‌വ്യവസ്ഥയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് എസ്.ബി.ഐ. റിസർച്ചിന്റെ വിലയിരുത്തൽ. ഇന്ധനവിലയ്ക്കൊപ്പം പണപ്പെരുപ്പവും ഉയരുകയാണ്. ഇത് ആളുകളുടെ ഉപഭോഗശേഷിയെ ബാധിക്കുന്നു. ഉപഭോഗത്തെ കൂടുതലായി ആശ്രയിക്കുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവ് വൈകാനും ഇതു കാരണമാകും. പ്രശ്നപരിഹാരമായി എത്രയും വേഗം ഇന്ധനങ്ങളുടെ തീരുവയിൽ ഇളവു വരുത്തേണ്ടതുണ്ടെന്ന് എസ്.ബി.ഐ. ഗ്രൂപ്പിന്റെ മുഖ്യ സാമ്പത്തികോപദേഷ്ടാവ് സൗമ്യകാന്തി ഘോഷ് തയ്യാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇന്ധന വിലക്കയറ്റത്തിന്റെ കാര്യത്തിൽ ബിജെപി സർക്കാരിനെപ്പോലെ കോൺഗ്രസിനും ഉത്തരവാദിത്തമുണ്ട്. 

2010ൽ യുപിഎ സർക്കാരാണ് പെട്രോളിന്റെ വിലനിയന്ത്രണം നീക്കിയത്. 2014ൽ നരേന്ദ്ര മോഡി വന്നപ്പോൾ ഡീസലിന്റെ വിലനിയന്ത്രണവും ഒഴിവാക്കി. കാലക്രമത്തിൽ പെട്രോളിയം ഉൽപ്പന്നങ്ങളുടെ നികുതിനിരക്ക് പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു കേന്ദ്ര സർക്കാരുകൾ നൽകിയ വാഗ്‌ദാനം. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലവർധനയെ ന്യായീകരിച്ച്‌ ഒരു അസംബന്ധവാദം കേന്ദ്ര സർക്കാർ ഉയർത്തുന്നുണ്ട്. പെട്രോളും ഡീസലും ഉപയോഗിക്കുന്നവരിൽ ബഹുഭൂരിഭാഗവും സാമ്പത്തികശേഷിയുള്ളവരാണ്. അതിനാൽ, വിലക്കയറ്റം പാവങ്ങളെ അധികം ബാധിക്കില്ല. കേരളത്തിലെ ബിജെപി നേതാക്കളും ഈ രീതിയിൽ പ്രചാരണം നടത്തുന്നുണ്ട്. സാർവത്രികമായി നേരിട്ടോ പരോക്ഷമായോ സകല വസ്തുക്കളുടെയും ഉൽപ്പാദനത്തിന് ഇന്ധനമായി എണ്ണ വേണം. ഇതുപോലെ ഉൽപ്പാദനത്തിന് അത്യാവശ്യമുള്ള മറ്റു രണ്ട് വസ്തുക്കളാണ് വൈദ്യുതിയും കൽക്കരിയും.യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നേരെ കണ്ണടച്ച് കോര്‍പ്പറേറ്റുകളെ സഹായിക്കാനുള്ള മോഡി സര്‍ക്കാരിന്‍റെ പ്രഖ്യാപിത നയമാണ് അടിക്കടിയുള്ള ഇന്ധനവില വര്‍ദ്ധനവ് .
eng­lish sum­ma­ry; polit­i­cal analy­sis about fuel prie hike by cen­tral government
you may also like this video;