23 April 2024, Tuesday

രാജസ്ഥാനിലും, ഛത്തീസ്ഖഡ്ഡിലും വിമതര്‍ രംഗത്ത്; അമരീന്ദര്‍സിംഗിന്റെ രാജിക്ക് പിന്നില്‍ ഹൈക്കമാന്‍ഡ്, 23ജി നേതാക്കള്‍ക്കുള്ള മുന്നറിയിപ്പ്

പുളിക്കല്‍ സനില്‍രാഘവന്‍
September 20, 2021 11:43 am

പഞ്ചാബില്‍ അമരിന്ദര്‍ രാജിവെതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ വിമതര്‍ക്ക് കൂടുതല്‍ പ്രചോദനമായിരിക്കുന്നു . രാജസ്ഥാന്‍, ഛത്തീസ് ഖഡ് എന്നീ സംസ്ഥാനങ്ങളിലാണ് വിമതര്‍ രംഗത്തു വന്നിരിക്കുന്നത്. എന്നാല്‍ പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്തുനിന്നു ക്യാപ്റ്റൻ അമരിന്ദർ സിങ്ങിനെ നീക്കിയ തീരുമാനം ജി–23 നേതാക്കൾക്കുള്ള മുന്നറിയിപ്പാണെന്നു വാര്‍ത്തകളും പുറത്തുവ രുന്നു. ‘ദുർബലം’ എന്നു വിലയിരുത്തപ്പെടുന്ന ഹൈക്കമാൻഡ് ചില കടുത്ത തീരുമാനങ്ങൾ എടുക്കാൻ മടിക്കില്ലെന്നു ബോധ്യപ്പെടുത്താനാണ് അമരിന്ദറിന്റെ രാജി ചോദിച്ചു വാങ്ങിയതെന്നാണു പറയപ്പെടുന്നു, ഹൈക്കമാൻഡിന്റെ അറിവോടെ തന്നെയാണ് അമരിന്ദറിനെ നീക്കണമെന്ന് ആവശ്യപ്പെട്ട് എംഎൽഎമാർ കത്തെഴുതിയതെന്നാണ് ഇവർ കരുതുന്നത്. കത്ത് ലഭിച്ചതിനു തൊട്ടുപിന്നാലെ നിയമസഭാ കക്ഷി യോഗം വിളിക്കാൻ നേതൃത്വം അനുമതി നൽകുകയും ചെയ്തു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു സോണിയ ഗാന്ധിയാണെങ്കിലും രാഹുലും പ്രിയങ്കയും ചേർന്നാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്ന വ്യക്തമായ സൂചനയും അമരിന്ദറിന്റെ രാജി നൽകുന്നു. അമരിന്ദറിന്റെ പ്രതിഛായ ഇടിഞ്ഞുവെന്നും മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയാൽ തിരിച്ചടിയുണ്ടാകുമെന്നും സർവേ റിപ്പോർട്ട് ലഭിച്ചിരുന്നു. ഇതിനു പിന്നാലെ രാഹുലും പ്രിയങ്കയും നവ്ജ്യോത് സിദ്ദുവിനോട് അനുകൂല നിലപാടാണ് സ്വീകരിച്ചത്. അമരിന്ദറിനെ മാറ്റണമെന്ന ഇവരുടെ തീരുമാനത്തെ സോണിയെ എതിർത്തുമില്ല. 

എന്നാൽ മുഖ്യമന്ത്രിയെ മാറ്റുന്ന ബിജെപി ‘തന്ത്രം’ കോൺഗ്രസ് കടം വാങ്ങിയെന്നാണ് ജി–23 നേതാക്കളിൽ പലരുടെയും വിമർശനം. അമരിന്ദറിനെ ഒറ്റപ്പെടുത്തി പുറത്താക്കിയത് തിരിച്ചടിയാകുമെന്നാണ് ഇവരുടെ വാദം. നേതാക്കൾ പലരും അമരിന്ദറിനെ നേരിൽ കാണുകയും ചെയ്തു. ‘പഞ്ചാബ് മോഡൽ’ ഛത്തീസ്ഡിലും രാജസ്ഥാനിലും ആവർത്തിക്കുമോ എന്നും എല്ലാവരും ഉറ്റുനോക്കുന്നു. മൂന്നു സംസ്ഥാനങ്ങളില്‍ മുഖ്യമന്ത്രിമാരുടെ പെട്ടെന്നുള്ള മാറ്റത്തിൽ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. കാത്തിരിക്കുന്നതിനേക്കാൾ, ഒരു പ്രശ്നം ചെറുതായിരിക്കുമ്പോൾ പരിഹരിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരെ മാറ്റുന്നത് പാർട്ടികൾക്ക് ഉപയോഗപ്രദമാകുമോയെന്നും അദ്ദേഹം ചോദിച്ചു. ബിജെപി ഭരിക്കുന്ന ഉത്തരാഖണ്ഡിലും ഗുജറാത്തിലും കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബിലും മുഖ്യമന്ത്രിമാരുടെ പെട്ടെന്നുള്ള രാജിയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഉത്തരാഖണ്ഡിൽ ത്രിവേന്ദ്ര സിങ് റാവത്തിനു പകരംവന്ന തീരഥ് സിങ് റാവത്ത് നാലു മാസത്തിന് ശേഷം രാജിവച്ചിരുന്നു. പുഷ്കർ സിങ് ധാമിയാണ് പുതിയ മുഖ്യമന്ത്രി. ഗുജറാത്തിൽ വിജയ് രൂപാണി മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. അദ്ദേഹത്തിന് പകരം ഭൂപേന്ദ്ര പട്ടേലിനെ നിയമിച്ചു. 

കർണാടകയിൽ ബി.എസ്.യെഡിയൂരപ്പയ്ക്ക് പകരം ബസവരാജ് ബൊമ്മെയെ നിയമിച്ചു. പഞ്ചാബിൽ ക്യാപ്റ്റൻ അമരിന്ദർ സിങ് കഴിഞ്ഞ ദിവസം രാജിവച്ചു; ചരൺജിത് സിങ് ചന്നിയാണു പുതിയ മുഖ്യമന്ത്രി.2018ൽ ഭരണത്തിലേറിയപ്പോൾ, രണ്ടര വർഷത്തിനുശേഷം ഭൂപേഷ് ബാഗേൽ, മുഖ്യമന്ത്രി സ്ഥാനം ആരോഗ്യമന്ത്രി ടി.എസ്.സിങ് ഡിയോയ്ക്കു വേണ്ടി ഒഴിയണമെന്ന് അലിഖിത വ്യവസ്ഥയുണ്ടായിരുന്നു. രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രി സ്ഥാനം നൽകാമെന്ന് രാഹുൽ ഗാന്ധി ഉറപ്പു നൽകിയിരുന്നതായി ഡിയോയും വ്യക്തമാക്കിയിരുന്നു. എന്നാൽ എംഎൽഎമാരുടെ പിന്തുണയുമാണ് അദ്ദേഹത്തെ ഇപ്പോഴും മുഖ്യമന്ത്രി കസേരയിൽ ഉറപ്പിച്ചിരിക്കുന്നത്. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുൻ ഉപമുഖ്യമന്ത്രി സച്ചിൽ പൈലറ്റും തമ്മിലുള്ള ഭിന്നത പരസ്യമാണ്. കാലാവധി പൂർത്തിയാക്കുന്നതിന് മുൻപ്, ഒരു വർഷമെങ്കിലും സച്ചിൻ പൈലറ്റിന് മുഖ്യമന്ത്രി സ്ഥാനം നൽകുമെന്നായിരുന്നു 2018ൽ രാഹുൽ ഉൾപ്പെടെയുള്ളവരുടെ വാഗ്ദാനം. എന്നാൽ ഗെലോട്ടിനെതിരെ കലാപക്കൊടി ഉയർത്തിയതോടെ ഉപമുഖ്യമന്ത്രി സ്ഥാനവും പിസിസി പ്രസിഡന്റ് സ്ഥാനവും പൈലറ്റിന് നഷ്ടമായി. പൈലറ്റ് ‘അതിരു കടന്നപ്പോൾ’ കടുത്ത തീരുമാനമെടുക്കാൻ ഹൈക്കമാൻഡ് അന്നും മടിച്ചില്ലെന്നാണ് നേതാക്കളുടെ അവകാശവാദം. ഭൂരിപക്ഷം എംഎൽഎമാർ ഒപ്പമുണ്ടെന്നതാണ് ഗെലോട്ടിനും തുണയാകുന്നത്.പഞ്ചാബിന്റെ അതേ പാതയില്‍ കോൺഗ്രസ്‌ ഭരണ സംസ്ഥാനങ്ങളായ രാജസ്ഥാനും ഛത്തീസ്‌ഗഢും. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിനെതിരെ യുവനേതാവ്‌ സച്ചിൻ പൈലറ്റിന്റെ നേതൃത്വത്തിലാണ്‌ പടയൊരുക്കം. 

ഛത്തീസ്‌ഗഢിൽ മുഖ്യമന്ത്രി ഭൂപേഷ്‌ ഭാഗെലിനെ മാറ്റണമെന്ന ആവശ്യവുമായി മുതിർന്ന നേതാവും സംസ്ഥാന മന്ത്രിയുമായ ടി എസ്‌ സിങ്‌ ദേവും രംഗത്തുണ്ട്‌. പഞ്ചാബിൽ സിദ്ദു നയിച്ച വിമത നീക്കം വിജയിച്ചത് രാജസ്ഥാനിലെയും ഛത്തീസ്‌ഗഢിലെയും വിമതർക്ക്‌ ആവേശം പകരും. 2017ൽ ബിജെപി വിട്ട്‌ കോൺഗ്രസിലെത്തിയ സിദ്ദു മന്ത്രിസ്ഥാനം രാജിവച്ചാണ്‌ അമരീന്ദറിനെതിരായി ഗ്രൂപ്പു യുദ്ധത്തിന്‌ തുടക്കമിട്ടത്‌. രണ്ടു വർഷത്തെ പരിശ്രമത്തിനൊടുവിലാണ്‌ ലക്ഷ്യം കണ്ടത്‌.രാജസ്ഥാനിലും ഛത്തീസ്‌ഗഢിലും കോൺഗ്രസ്‌ സർക്കാരുകൾ മൂന്നാം വർഷത്തിലേക്ക്‌ അടുക്കുന്നു. രാജസ്ഥാനിൽ പ്രതിപക്ഷ നേതാവായിരുന്ന സച്ചിൻ പൈലറ്റിന്റെ അധ്വാനത്തിലാണ്‌ 2018 ഡിസംബറിൽ കോൺഗ്രസ്‌ അധികാരത്തിൽ വന്നത്‌. എന്നാൽ, പൈലറ്റിനെ തഴഞ്ഞ്‌ ഹൈക്കമാൻഡിന്‌ കൂടുതൽ വിശ്വാസമുള്ള ഗെലോട്ടിനെ മുഖ്യമന്ത്രിയാക്കി. 2020 ജൂലൈയിൽ രാജസ്ഥാനിൽ 18 എംഎൽഎമാരെ ഒപ്പംകൂട്ടി ഉപമുഖ്യമന്ത്രിയായ പൈലറ്റ്‌ അട്ടിമറിക്ക്‌ ശ്രമിച്ചു. 200 അംഗ സഭയിൽ സർക്കാരിന്‌ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങി. 

ബിജെപിയാണ്‌ അട്ടിമറി നീക്കത്തിന്‌ പിന്നിലെന്ന്‌ ഗെലോട്ട്‌ ആക്ഷേപിച്ചു. അനിശ്‌ചിതത്വത്തിനൊടുവിൽ ഹൈക്കമാൻഡ്‌ പൈലറ്റിനെ പിന്തിരിപ്പിച്ചു. ഉപമുഖ്യമന്ത്രിസ്ഥാനവും പിസിസി അധ്യക്ഷ സ്ഥാനവും പൈലറ്റിന്‌ നഷ്ടമായി. എന്നാൽ, ഒപ്പം നിൽക്കുന്നവർക്ക്‌ പരിഗണന നൽകാമെന്ന്‌ ഹൈക്കമാൻഡ്‌ ഉറപ്പുനൽകി. ഒരു വർഷത്തിന്‌ ഇപ്പുറവും പൈലറ്റിന് അവ​ഗണന തുടരുന്നു.ഛത്തീസ്‌ഗഢിൽ രണ്ടര വർഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം നൽകാമെന്ന ധാരണയുണ്ടെന്ന്‌ അവകാശപ്പെട്ടാണ്‌ മുതിർന്ന നേതാവ്‌ സിങ്‌ ദേവ്‌ കലാപക്കൊടി ഉയർത്തിയത്‌.ഇത്തരം ധാരണയൊന്നുമില്ലെന്ന നിലപാടിലാണ്‌ മുഖ്യമന്ത്രി ഭാഗെൽ. പരാതിയുമായി ദേവ്‌ ഹൈക്കമാൻഡിനെ സമീപിച്ചു. തുടർന്ന്‌ എംഎൽഎമാരെ ഡൽഹിയിലേക്ക്‌ വിളിച്ചുവരുത്തി. ഇപ്പോഴും കൂടുതൽ എംഎൽഎമാരുടെ പിന്തുണ ഭാഗെലിനാണ്‌. എന്നാൽ, അവസരം കാത്തിരിക്കയാണ്‌ ദേവ്‌.പഞ്ചാബ് കോൺ​ഗ്രസിലെ ​ഗ്രൂപ്പ് പോരിൽ പ്രതിഷേധിച്ച് രാജസ്ഥാൻ മുഖ്യമന്ത്രി അശോക്‌ ഗെലോട്ടിന്റെ ഒഎസ്ഡി (സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ) ലോകേഷ് ശർമ രാജിവച്ചു. ഗെലോട്ടിന്റെ വിശ്വസ്തനായ ലോകേഷ് 2018 മുതൽ ഒഎസ്ഡിയായി പ്രവർത്തിക്കുന്നു. അമരീന്ദർ സിങ്ങിനെ മാറ്റിയ കോൺ​ഗ്രസ് തീരുമാനത്തെ എതിർത്ത് ലോകേഷ് ശർമ ട്വീറ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജി.

Eng­lish Sum­ma­ry : polit­i­cal analy­sis of pun­jab pol­i­tics by pulikkal sanal raghavan

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.