Web Desk

November 26, 2020, 5:33 am

രാഷ്ട്രീയ, സാമ്പത്തിക അധികാരം കോർപ്പറേറ്റുകളുടെ കെെകളിലേക്ക്

Janayugom Online

ന്ത്യയുടെ ബാങ്കിങ് മേഖലയിൽ വൻകിട കോർപ്പറേറ്റുകളെ അനുവദിക്കുന്നത് സംബന്ധിച്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗാർഹിക കർമ്മസമിതി നൽകിയിരിക്കുന്ന ശുപാർശ രാഷ്ട്രീയ സാമ്പത്തിക വൃത്തങ്ങളിൽ അപായമണി ഉയർത്തിയിരിക്കുന്നു. രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയിലും സാമ്പത്തിക നീതി വലിയൊരളവ് ഉറപ്പുവരുത്തുന്നതിലും നിർണായക പങ്കുവഹിച്ചു പോന്നിരുന്ന പൊതുമേഖലാ ബാങ്കുകളുടെ മരണമണിയാണ് ശുപാർശ നടത്തിയിരിക്കുന്നത്. സ്വകാര്യ ബാങ്കുകൾ സ്വതന്ത്ര ഇന്ത്യയുടെ സാമൂഹിക സാമ്പത്തിക ലക്ഷ്യങ്ങളും സാർവത്രിക സാമ്പത്തിക നീതി കെെവരിക്കുന്നതിനും വിഘാതമാണെന്ന തിരിച്ചറിവാണ് ബാങ്ക് ദേശസാല്ക്കരണം സാധ്യമാക്കിയത്. ലക്ഷ്യങ്ങൾ പൂർണമായും കെെവരിക്കാനായില്ലെങ്കിൽ തന്നെയും രാജ്യത്തിന്റെ സമ്പദ്ഘടനയുടെ സുസ്ഥിരത വലിയ ഒരളവ് കാത്തുസൂക്ഷിക്കുന്നതിലും ജനസംഖ്യയിൽ വലിയൊരു വിഭാഗത്തെ ബാങ്കിങ് പാദമുദ്രയിൽ ഉൾക്കൊള്ളിക്കുന്നതിലും ബാങ്ക് ദേശസാല്ക്കരണം സഹായകമായി.

ബാങ്ക് ദേശസാല്ക്കരണ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിന് വിഘാതമായത് രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥ മേധാവിത്വത്തിന്റെയും വഴിവിട്ട കോർപ്പറേറ്റ് പ്രീണന നയങ്ങളായിരുന്നുവെന്നത് അനുഭവപാഠങ്ങൾ വ്യക്തമാക്കുന്നു. നാളിതുവരെ നിയമവിരുദ്ധമായി ചെയ്തുപോന്നിരുന്ന കോർപ്പറേറ്റ് ബാങ്ക് കൊള്ളകൾക്ക് നിയമസാധുത നല്കാനുള്ള നീക്കമാണ് ആർബിഐയുടെ പുതിയ നിർദ്ദേശത്തിന് പിന്നിലുള്ളത്. വിജയ് മല്യയും നീരവ് മോഡിയും ഉൾപ്പെടെ നിക്ഷേപകരുടെ ആയിരക്കണക്കിനു കോടി രൂപ കബളിപ്പിച്ച് നാടുവിട്ട കോർപ്പറേറ്റുകൾക്ക് രാജ്യത്തിന്റെ സമ്പത്ത് യഥേഷ്ടം കൊള്ളയടിക്കാനുള്ള അവസരമാണ് ബാങ്കിങ് രംഗത്തെ പുത്തൻ പരിഷ്കാരങ്ങൾ ലക്ഷ്യമിടുന്നത്. ബാങ്കിങ് മേഖലയുടെ സമ്പൂർണ്ണ നിയന്ത്രണം കോർപ്പറേറ്റുകൾക്ക് കെെമാറുകയാണ് പുതിയ ശുപാർശയിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

ഏതാനും ബിസിനസ് സ്ഥാപനങ്ങളുടെ കയ്യിൽ സാമ്പത്തിക, രാഷ്ട്രീയ അധികാരം കേന്ദ്രീകരിക്കാൻ സഹായകമായ പരിഷ്കാരങ്ങളാണ് റിസർവ് ബാങ്ക് മുന്നോട്ടുവയ്ക്കുന്നതെന്ന് ആർബിഐയുടെ മുൻ ഗവർണറും വിഖ്യാത സാമ്പത്തിക വിദഗ്ധനുമായ രഘുറാം രാജൻ, ആർബിഐയുടെ മുൻ ഡെപ്യൂട്ടി ഗവർണറായിരുന്ന വിരാൾ ആചാര്യ എന്നിവർ കേന്ദ്രബാങ്കിന്റെ നിർദ്ദേശത്തെ വിമർശിച്ചുകൊണ്ടുള്ള ഒരു കുറിപ്പിൽ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുൻ ചെയർമാൻ രജനീഷ് കുമാറും നിർദ്ദേശത്തിനെതിരെ പരസ്യമായി രംഗത്ത് വന്നുകഴിഞ്ഞു. വൻകിട കോർപ്പറേറ്റുകൾക്ക് ബാങ്കുകളുടെ നിയന്ത്രണാധികാരം ലഭ്യമാക്കുന്ന പരിഷ്കാരങ്ങളാണ് ആർബിഐ നിർദ്ദേശിക്കുന്നത്. തങ്ങളുടെ ബിസിനസ് സംരംഭങ്ങൾക്ക് യഥേഷ്ടം ഫണ്ട് ലഭ്യമാക്കാൻ ഉതകുന്ന ബാങ്കിങ് സംവിധാനമാണ് കോർപ്പറേറ്റുകളുടെ ആവശ്യവും.

ലോകത്തെ പ്രമുഖ ബാങ്കുകൾ എല്ലാം വായ്പ നിഷേധിച്ചപ്പോഴും ഓസ്ട്രേലിയയിലെ കൽക്കരി ഖനികളുടെ പ്രവർത്തനത്തിനായി അഡാനിക്ക് വായ്പ നല്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുതിർന്നത് അടുത്ത ദിവസങ്ങളിലാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡയറക്ടർ ബോർഡ് അഡാനിയുടെ പദ്ധതിക്ക് വായ്പ നല്കുന്നതിന് അനുകൂലമായിരുന്നില്ല. എസ്ബിഐ പദ്ധതിക്ക് വായ്പ നല്കുമെന്ന് ബാങ്ക് വായ്പാ പരിഗണിക്കും മുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോഡി തന്റെ പ്രഥമ ഓസ്ട്രേലിയ സന്ദർശന വേളയിൽ പ്രഖ്യാപിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. ഓസ്ട്രേലിയ സന്ദർശനത്തിൽ മോഡിയുടെ സംഘത്തിൽ ഗൗതം അഡാനിയും ഉൾപ്പെട്ടിരുന്നു.

സമാനമായ രീതിയിൽ റഫാൽ ഇടപാടിൽ അന്തിമ തീരുമാനമുണ്ടായത് മോഡിയുടെ ഫ്രാൻസ് സന്ദർശന വേളയിലാണ്. യുദ്ധവിമാനങ്ങളുമായോ ആയുധ നിർമ്മാണം അവയുടെ പരിചരണം എന്നിവയിൽ മുൻപരിചയമോ ഇല്ലാത്ത അനിൽ അംബാനി ഫ്രഞ്ച് സന്ദർശന വേളയിൽ മോഡിക്കൊപ്പം ഉണ്ടായിരുന്നുവെന്നത് യാദൃശ്ഛികമല്ല. സ്വയം പാപ്പരാണെന്ന് പ്രഖ്യാപിച്ച അനിൽ അംബാനിക്ക് റഫാൽ അനുബന്ധക്കരാറിൽ പങ്കാളിത്തവും അതിനാവശ്യമായ ധനസ്രോതസും ഉറപ്പുവരുത്തിയത് മോഡിയുടെ പ്രത്യേക താല്പര്യാനുസരണമായിരുന്നു.

രാജ്യത്തിന്റെ സമ്പദ്ഘടനയുടെയും സാമ്പത്തിക നയത്തിന്റെയും കേന്ദ്രസ്ഥാനത്ത് കോർപ്പറേറ്റുകളെ പ്രതിഷ്ഠിക്കുന്ന ആർബിഐയുടെ നയവ്യതിയാനം നഗ്നമായ രാഷ്ട്രീയമാണ്. സമ്പദ്ഘടനയുടെയും രാഷ്ട്രീയ അധികാരത്തിന്റെയും കടിഞ്ഞാൺ വമ്പൻ കോർപ്പറേറ്റുകൾക്ക് കെെമാറുന്നതിന്റെ മുന്നോടിയാണ് ഇത്. കവർന്നെടുക്കപ്പെട്ട ജനാധിപത്യത്തിലൂടെ കെെവന്ന രാഷ്ട്രീയ അധികാരവും അതിന് വഴിയൊരുക്കിയ കോർപ്പറേറ്റ് കുത്തകകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന് നിയമസാധുത നൽകുകയെന്നതാണ് ആർബിഐ ഗാർഹിക കർമ്മസമിതിയുടെ ശുപാർശക്ക് പിന്നിലുള്ള അജണ്ട.