കാഴ്ചയുടെ (രാഷ്ട്രീയ) പൊതുബോധ രൂപീകരണങ്ങള്‍

Web Desk
Posted on September 01, 2019, 3:40 pm

സൂര്യ എസ്

ആള്‍ക്കൂട്ടത്തിന്റെ ആഘോഷ താല്പര്യങ്ങളെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജനപ്രിയ ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നത്. ഫ്യൂഡല്‍ ആണ്‍ അധികാര — പൊതുബോധങ്ങളെ അന്ധമായി പിന്തുടരുന്ന കേരളീയ സമൂഹത്തില്‍ നിര്‍മ്മിക്കപ്പെടുന്ന ചലച്ചിത്രങ്ങള്‍ അതേ നിലപാടുകളെ കടുംചായക്കൂട്ടുകളിലൂടെ ആവിഷ്‌കരിച്ചെടുക്കുന്നു. അതുകൊണ്ടാണ് ഇത്രമേല്‍ ജനപ്രിയമാകുമ്പോഴും കടുതല്‍ സ്ത്രീ — ദളിത്/ആദിവാസി വിരുദ്ധതകളും ചലച്ചിത്രങ്ങളില്‍ നിറയുന്നത്. ജനപ്രിയ ചലച്ചിത്രങ്ങള്‍ അവയ്ക്കുള്ളില്‍ നിര്‍മ്മിച്ചെടുക്കുന്ന ജനവിരുദ്ധ കമ്പോള അജണ്ടകള്‍ വിമര്‍ശിക്കപ്പെടേണ്ടതുണ്ട്. ഇത്തരമൊരു നിലപാടു സ്വീകരിച്ച ചലച്ചിത്ര പഠനഗ്രന്ഥമാണ് വെള്ളിത്തിരയുടെ രാഷ്ട്രീയം. ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഡോ. രശ്മി ജിയും അനില്‍കുമാര്‍ കെ എസും ചേര്‍ന്നാണ്.

നാടുവാഴിത്വ — ജന്മിത്വ ഫ്യൂഡല്‍ വ്യവസ്ഥിതികളുടെ കെട്ടുമാറാപ്പുകളെ ഏറ്റിക്കെട്ടിക്കൊണ്ടാണ് കേരള സംസ്ഥാനം രൂപപ്പെടുന്നതും ജനാധിപത്യ ഭരണസംവിധാനങ്ങള്‍ നടപ്പിലാക്കപ്പെടുന്നതും. അന്നു മുതലിന്നോളം കേരളീയ സമൂഹത്തിന്റെ പൊതുബോധം സവര്‍ണ്ണ ഫ്യൂഡല്‍ സൗന്ദര്യശാസ്ത്രത്തെ അന്ധമായി പിന്തുടര്‍ന്നു പോരുന്നു. അതുവഴി വര്‍ഗ്ഗ ബഹുജന രാഷ്ട്രീയ മുന്നേറ്റങ്ങളെ നിരാകരിക്കുന്ന നിലപാടുകളും അന്ധമായ മത ജാതി വിവേചനങ്ങളും പ്രബലമായി നില്‍ക്കുന്നു. ഇത്തരമൊരു പശ്ചാത്തലത്തെ ചലച്ചിത്രങ്ങളെ മുന്‍നിറുത്തി വിശകലനം ചെയ്യുന്ന വെള്ളിത്തിരയുടെ രാഷ്ട്രീയം, ചലച്ചിത്രത്തിന്റെ രാഷ്ട്രീയത്തെക്കൂടി സമഗ്രമായി അപഗ്രഥിക്കുന്നുണ്ട്. മൂന്നാംലോക സിനിമകള്‍ സുവ്യക്തമായ രാഷ്ട്രീയ നിലപാടുകള്‍ പ്രഖ്യാപിച്ചുകൊണ്ടാണ് ആഗോളീയതലങ്ങളില്‍ അംഗീകാരങ്ങള്‍ നേടിയെടുക്കുന്നത്. മലയാള സിനിമ അന്തര്‍ദേശീയ തലങ്ങളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടുമ്പോഴും സാംസ്‌കാരികമായി സിനിമയെ അടയാളപ്പെടുത്തിയത് വരേണ്യപക്ഷപാതിത്വത്തിലൂന്നിക്കൊണ്ടായിരുന്നു. സിനിമ ഉയര്‍ത്തുന്ന നിഗൂഢമായ അജണ്ടകളെ അന്ധമായി സ്വീകരിക്കുന്ന പ്രേക്ഷകസമൂഹം ജനാധിപത്യ വിരുദ്ധ നിലപാടുകള്‍ സമൂഹത്തില്‍ ബോധപൂര്‍വ്വമായിത്തന്നെ നടപ്പിലാക്കാറുണ്ട്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സിനിമയുടെ നിലപാടുകള്‍ പ്രശ്‌നവല്ക്കരിക്കപ്പെടുന്നത്.

വെള്ളിത്തിരയുടെ പ്രതിനിധാനം മുതല്‍ തിരശീലയിലെ ചുവപ്പന്‍ വിപ്ലവങ്ങള്‍ വരെയുള്ള പന്ത്രണ്ട് അദ്ധ്യായങ്ങളിലൂടെ വെള്ളിത്തിരയുടെ രാഷ്ട്രീയം മലയാള സിനിമയുടെ ചരിത്ര വര്‍ത്തമാനകാലങ്ങളെ വിമര്‍ശനാത്മകമായി വിശകലനം ചെയ്യുന്നു. ചലച്ചിത്രത്തില്‍നിന്നും സമൂഹത്തിലേയ്ക്കും സമൂഹത്തില്‍നിന്നു ചലച്ചിത്രത്തിലേയ്ക്കുമുള്ള കൊടുക്കല്‍ വാങ്ങലുകള്‍ സ്വാഭാവികമായി മാറുന്നത് ചലച്ചിത്രബോധവും സാമൂഹ്യബോധവും ഒന്നായിട്ടുതന്നെ കാണുന്ന പ്രേക്ഷകരിലാണ്. കമ്പോള സിനിമയെന്ന ബ്ലോക്ബസ്റ്ററുകള്‍ തീര്‍ക്കുന്ന ആരവങ്ങളും തരംഗങ്ങളും ഓളങ്ങളുമെല്ലാം അരാഷ്ട്രീയ പാഠങ്ങളെയാണ് നിരന്തരമായി സൃഷ്ടിച്ചെടുക്കുന്നത് എന്ന രാഷ്ട്രീയ യാഥാര്‍ത്ഥ്യത്തെയാണ് വെള്ളിത്തിരയുടെ രാഷ്ട്രീയമെന്ന ഗ്രന്ഥം അവതരിപ്പിക്കുന്നത്.

ചലച്ചിത്ര ചലച്ചിത്രേതര സമൂഹത്തിനുള്ളിലെ ആണത്തബോധ്യങ്ങളും അവയുടെ അശ്ലീല സങ്കല്‍പ്പനങ്ങളും കൂടി അമാന്യവല്ക്കരിച്ചു വേര്‍തിരിച്ചു മാറ്റിനിറുത്തിയ ആര്‍ത്തവം, നഗ്നത, ലൈംഗികത, സ്വവര്‍ഗ്ഗ ലൈംഗികത എന്നിവയുടെ രാഷ്ട്രീയ നിലപാടുകളെ ഇന്ത്യന്‍ ഭാഷാ സിനിമകളെ മുന്‍നിറുത്തി വെള്ളിത്തിരയുടെ രാഷ്ട്രീയം വിശകലന വിധേയമാക്കുന്നു. അശ്ലീല സങ്കല്പമെന്നത് ഒരു സമൂഹത്തിന്റെ മിഥ്യാധാരണകളുടെ ആകെത്തുകയാണ്. അതിനെ പൊളിച്ചെഴുതുന്ന പഠനരീതിയാണ് ഈ സംസ്‌കാര പഠനഗ്രന്ഥത്തിലുള്ളത്. ചലച്ചിത്രത്തിനുള്ളിലെ ദൃശ്യവിന്യാസങ്ങള്‍, അവയ്ക്കുള്ളിലെ ബിംബങ്ങള്‍ എന്നിവ അധികാരത്തിന്റെ പ്രയോഗരൂപങ്ങളായാണ് പ്രത്യക്ഷപ്പെടുന്നത്. കീഴാള സംസ്‌കാരത്തിന്റെ സാംസ്‌കാരിക മുദ്രകളെ പാടേ മായ്ച്ചുകൊണ്ടാണ് അധീശത്വ സംസ്‌കാരം വേരുറപ്പിച്ചത്. അവയെ സാധൂകരിക്കുന്ന ദൃശ്യഭാഷയാണ് ചലച്ചിത്രങ്ങള്‍ ക്രമപ്പെടുത്തിയിരിക്കുന്നത്. അവയില്‍ സാരമായ പരിവര്‍ത്തനങ്ങള്‍ സാധ്യമാകേണ്ടതുണ്ട്.

ചലച്ചിത്രത്തിന്റെ പൊതുബോധവും പ്രതിനിധാനവും കമ്പോള മൂലധനത്തിന്റെയും സവര്‍ണ്ണ പ്രത്യയശാസ്ത്രത്തിന്റെയും ഉല്പാദനമായതു കൊണ്ടുതന്നെ അവ തികച്ചും ജനാധിപത്യവിരുദ്ധമായ കാഴ്ചപ്പാടുകളെയാണ് പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നത്. ഇത്തരം രസക്കൂട്ടുകളെ ഘട്ടം ഘട്ടമായി ഒഴിവാക്കിക്കൊണ്ട് തികഞ്ഞ രാഷ്ട്രീയ ബോധ്യത്തോടെയുള്ള ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കപ്പെടുകയും അവ ബൗദ്ധിക സംവാദങ്ങള്‍ സാധ്യമാക്കുകയും ചെയ്യേണ്ടതുണ്ടെന്നു വെള്ളിത്തിരയുടെ രാഷ്ട്രീയം സമര്‍ത്ഥിക്കുന്നു. ചലച്ചിത്രാസ്വാദനക്കുറിപ്പുകളുടെയും താരനായകര്‍ക്കുള്ള സ്തുതി പാഠങ്ങളുടെയും കോളമെഴുത്തുകളുടെയും ധാരാളിത്ത കാലത്ത് ചലച്ചിത്ര സംസ്‌കാര പഠനശാഖയ്ക്കു കരുത്തു പകരുന്ന ഗ്രന്ഥങ്ങളിലൊന്നാണ് വെള്ളിത്തിരയുടെ രാഷ്ട്രീയം.