November 27, 2022 Sunday

കിഫ്ബിക്ക് എതിരായ രാഷ്ട്രീയ ഗൂഢാലോചന

Janayugom Webdesk
November 15, 2020 4:26 am

(ധനമന്ത്രി ഡോ. തോമസ് ഐസക് പുറപ്പെടുവിച്ച വാർത്താ കുറിപ്പിന്റെ പ്രസക്തഭാഗങ്ങൾ)

കിഫ്ബിക്ക് എതിരായി കേന്ദ്രസർക്കാരിന്റെ ഒത്താശയോടെ ബിജെപിയും കോൺഗ്രസും വലിയൊരു രാഷ്ട്രീയ ഗൂഢാലോചനയിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതിന്റെ പ്രത്യക്ഷ തെളിവാണ് കെപിസിസി ജനറൽ സെക്ര‍ട്ടറി മാത്യു കുഴൽനാടൻ വക്കീലായി കേരള ഹൈക്കോടതിയിൽ സ്വദേശി ജാഗരൺ മഞ്ച് നേതാവ് രഞ്ജിത്ത് കാർത്തിക് നൽകിയിട്ടുള്ള റിട്ട് ഹർജി. കിഫ്ബിയുടെ വായ്പ എടുക്കൽ ഭരണഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നതാണ് ഹർജിക്കാരുടെ ആവശ്യം. 2019ൽ രണ്ടുതവണ ഇതുപോലെ ഹർജി നൽകിയതാണ്. രണ്ടുതവണയും പ്രാഥമിക വാദങ്ങൾക്കുശേഷം കോടതിയുടെ അനുവാദത്തോടെ ഹർജി പിൻവലിക്കുകയാണ് ചെയ്തത്. ഈ ഫെബ്രുവരി മാസത്തിൽ നൽകിയ ഹർജി മൂന്നാമത്തേതാണ്. കോടതി കേസ് അതിന്റെ മെറിറ്റിൽ തീർപ്പാക്കട്ടെ. പക്ഷേ, ഈ കേസ് ഉയർത്തുന്ന ഗൗരവമായ രാഷ്ട്രീയ പ്രശ്നങ്ങളുണ്ട്. അതിനു പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും മറുപടി നൽകിയേ തീരൂ.

കിഫ്ബി മസാലബോണ്ട് അടക്കം വായ്പയെടുക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കോൺഗ്രസും യുഡിഎഫും കരുതുന്നുണ്ടോ? പ്രതിപക്ഷ നേതാവാണ് ഈ വാദം നിയമസഭയിൽ ഉന്നയിച്ചത്. എന്നാൽ പിന്നീട് അദ്ദേഹം അത് ഉന്നയിച്ചു കണ്ടിട്ടില്ല. പക്ഷെ, കേസിന് ആധാരം പ്രതിപക്ഷ നേതാവിന്റെ വാദമാണ്. അതുകൊണ്ട് പലവട്ടം ഞാൻ ഉന്നയിച്ചിട്ടുള്ളതും എന്നാൽ അദ്ദേഹം മറുപടി പറയാതെ ഒഴിഞ്ഞു മാറിയിട്ടുമുള്ള ചോദ്യം വീണ്ടും ആവർത്തിക്കുകയാണ്. കിഫ്ബി വായ്പ എടുക്കുന്നത് ഭരണഘടനാവിരുദ്ധമായി നിങ്ങൾ കരുതുന്നുണ്ടോ?

സംസ്ഥാനങ്ങളുടെ അധികാരങ്ങളെ കവർന്നു ഫെഡറൽ സംവിധാനം തന്നെ ഇല്ലാതാക്കാൻ ബിജെപി കച്ചകെട്ടി ഇറങ്ങിയിരിക്കുകയാണ്. കശ്മീർ പോലുള്ള ഒരു സംസ്ഥാനത്തെത്തന്നെ മൂന്നായി തിരിച്ച് ഇല്ലാതാക്കി. എൻഡിഎ ഭരണത്തിനുകീഴിൽ പാസ്സാക്കുന്ന ഏതാണ്ട് എല്ലാ നിയമങ്ങളുടെയും ഒരു പൊതുഘടകം സംസ്ഥാന അധികാരങ്ങളുടെ കവർച്ചയാണ്. ഇപ്പോൾ ഏറ്റവും അവസാനം ജിഎസ്‌ടി നഷ്ടപരിഹാരം പൂർണമായും നൽകാൻ വിസമ്മതിക്കുന്നതിനെതിരെ കോൺഗ്രസ് സംസ്ഥാനങ്ങളടക്കം ശക്തമായി പ്രതിഷേധം ഉയർത്തുകയാണ്. ഈയൊരു ഘട്ടത്തിലാണ് ബജറ്റിനു പുറത്ത് അർധസർക്കാർ ധനകാര്യ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും വായ്പയെടുക്കാനുള്ള സംസ്ഥാനങ്ങളുടെ അധികാരത്തെ ചോദ്യം ചെയ്തുകൊണ്ട് കെപിസിസി സെക്രട്ടറി തന്നെ വക്കാലത്ത് എടുത്തിരിക്കുന്നത്.

സി ആന്റ് എജി ഇപ്പോൾ തയ്യാറാക്കിയിരിക്കുന്ന കിഫ്ബി സംബന്ധിച്ച കരട് റിപ്പോർട്ട് ഇതുമായി ബന്ധപ്പെടുത്തി വിലയിരുത്തേണ്ടതുണ്ട്. കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകളാണെന്നു മാത്രമല്ല, ഭരണഘടനാ വിരുദ്ധമാണെന്നുകൂടി വ്യാഖ്യാനിക്കാനുള്ള ശ്രമമാണ് ഈ റിപ്പോർട്ട്. ഭരണഘടനാ സ്ഥാപനങ്ങളെ തങ്ങളുടെ ചൊൽപ്പടിക്കു നിർത്തി സ്വേച്ഛാപരമായ ഭരണത്തിനു കളമൊരുക്കുന്നതിന്റെ എത്രയോ ഉദാഹരണങ്ങൾ ബിജെപി ഭരണത്തിൽ കാണാം. സി ആന്റ് എജിയെ കേരളത്തിന്റെ വികസന പദ്ധതികളെ തുരങ്കം വയ്ക്കുന്നതിന് ഒരു ആയുധമായി തല്പരകക്ഷികൾ ഉപയോഗപ്പെടുത്തുകയാണ്. ഇന്നിപ്പോൾ ലൈഫ് മിഷൻ പാർപ്പിട പദ്ധതി, കെ-ഫോൺ ഇന്റർനെറ്റ് പദ്ധതി, ടോറസ് ഐടി പാർക്ക് പദ്ധതി, ഇ‑മൊബിലിറ്റി ഇലക്ട്രിക് ബസ് നിർമ്മാണ പദ്ധതി തുടങ്ങിയവയെ അട്ടിമറിക്കുന്നതിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനോടു ചേർത്തുവായിക്കണം കിഫ്ബിയെ തകർക്കാനുള്ള നീക്കവും.

1999ൽ ശിവദാസമേനോൻ മന്ത്രിയായിരിക്കുമ്പോഴാണ് കിഫ്ബി നിയമം പാസ്സാക്കിയത്. 2016ൽ ഈ നിയമം സമഗ്രമായി ഭേദഗതി ചെയ്തപ്പോൾ ഈ ഉദ്ദേശലക്ഷ്യത്തിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല.

2016ലെ കിഫ്ബി നിയമഭേദഗതിക്കുമുമ്പ് 5 തവണ സി ആന്റ് എജി പരിശോധന നടന്നു. ചില പരിശോധനകളിൽ കിഫ്ബിക്കുണ്ടായ വീഴ്ചകളും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പക്ഷെ ഒരിക്കൽപ്പോലും വായ്പയെടുക്കുന്നത് അനധികൃതമാണെന്നോ ഭരണഘടനാ വിരുദ്ധമാണെന്നോ നിലപാട് എടുത്തിട്ടില്ല. പിന്നെ നിലപാട് മാറ്റാൻ ഇപ്പോൾ എന്തുണ്ടായി?

2017ലെ സി ആന്റ് എജി റിപ്പോർട്ടിൽ കിഫ്ബി ബജറ്റ് പ്രസംഗത്തിൽ ലക്ഷ്യമിട്ട ചെലവ് കൈവരിച്ചില്ല എന്ന പരാമർശമേയുള്ളൂ. 2018ലെ ഓഡിറ്റ് റിപ്പോർട്ടിൽ കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകളാണെന്ന പരാമർശമേയുള്ളൂ. ഇവിടെയെങ്ങും കിഫ്ബി ഭരണഘടനാ വിരുദ്ധമാണെന്ന വാദമില്ല. പിന്നെ എങ്ങനെ 2020ലെ റിപ്പോർട്ടിൽ കടന്നുവന്നു? എജിയുടെ സമഗ്രമായ ഓഡിറ്റ് ജനുവരി മാസത്തിലാണ് ആരംഭിച്ചത്. കിഫ്ബിയുടെ ഭരണഘടനാ സാധുതയെക്കുറിച്ച് ഓഡിറ്റ് വേളയിലോ എക്സിറ്റ് വേളയിലോ ഒരു ചോദ്യംപോലും ഉന്നയിക്കാതിരുന്ന എജി കരട് റിപ്പോർട്ട് തയ്യാറാക്കിയപ്പോൾ അത് മുഖ്യവിഷയമായി ഉയർത്തിയിരിക്കുകയാണ്.

കിഫ്ബി വായ്പകൾ ഓഫ് ബജറ്റ് വായ്പകളാണെന്നത് അടിസ്ഥാനരഹിതമാണ്. ബജറ്റ് കണക്കിൽ ഉൾപ്പെടുത്തിയിരിക്കുന്ന സ്കീമുകൾ നടപ്പാക്കുന്നതിനുവേണ്ടി ബജറ്റിനു പുറത്ത് വായ്പയെടുത്ത് ചെലവാക്കുന്നതിനെയാണ് ഓഫ് ബജറ്റ് വായ്പകളെന്നു പറയുന്നത്. കിഫ്ബി ഫിനാൻസ് ചെയ്യുന്ന സ്കീമുകൾ ബജറ്റ് കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളവയല്ല. അവ ഓഫ് ബജറ്റ് വായ്പകൾപോലെ സംസ്ഥാന സർക്കാരിനുമേൽ ഭാവിയിൽ ഒരു ബാധ്യതയും വരുത്തുന്നില്ല. കാരണം എല്ലാവർഷവും ബജറ്റ് കണക്കിൽ ഉൾപ്പെടുത്തി നിയമത്തിൽ വ്യവസ്ഥ ചെയ്തപോലെ പെട്രോൾ സെസും മോട്ടോർ വാഹന നികുതിയുടെ പകുതിയും നൽകുന്നതോടെ സർക്കാരിന്റെ ബാധ്യത തീർന്നു. യുഡിഎഫുകൂടി അംഗീകരിച്ചു പാസ്സാക്കിയ നിയമത്തിൽ വ്യവസ്ഥ ചെയ്തപോലെ നികുതി വിഹിതം നൽകേണ്ട ബാധ്യത മാത്രമേ സർക്കാരിനുള്ളൂ.

പക്ഷെ കിഫ്ബി വായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത അവസ്ഥ വന്നാൽ ബാധ്യത മുഴുവൻ സർക്കാരിനുമേൽ വരില്ലേ? അങ്ങനെ വരില്ലായെന്ന് ഉറപ്പുവരുത്തുന്ന രീതിയിലാണ് കിഫ്ബിയുടെ പ്രവർത്തനം. വളരെ വിശദവും സങ്കീർണ്ണവുമായ സോഫ്ടുവെയർ ഉപയോഗപ്പെടുത്തി ഭാവിയിൽ ഓരോ മാസവും ഉണ്ടാവുന്ന ആസ്തിയും ബാധ്യതയും പ്രവചിക്കാനാവും. ഒരിക്കലും ബാധ്യത ആസ്തിയെ മറികടക്കില്ലായെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള പ്രവർത്തനമാണ് കിഫ്ബി നടത്തുന്നത്. ഇതിനനുസരിച്ചാണ് പ്രോജക്ടുകൾക്കു അനുവാദം നൽകുക.

കിഫ്ബിക്ക് സർക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി തനതു വരുമാനമൊന്നും ഇല്ലല്ലോ. സർക്കാർ നൽകുന്ന ഗ്രാന്റ് മാത്രം ആശ്രയിച്ചല്ലേ പ്രവർത്തനങ്ങൾ നടത്തുന്നത്? ഇങ്ങനെയുള്ള കമ്പനികളുടെ ബാധ്യതകൾ സർക്കാരിന്റെ നേരിട്ടുള്ള ബാധ്യതയാണെന്നാണ് സി ആന്റ് എജി പറയുന്നത്. കിഫ്ബിക്ക് സർക്കാർ നൽകുന്നതല്ലാതെ വരുമാനമുണ്ട്. 25 ശതമാനം അടങ്കൽ വരുന്ന പ്രോജക്ടുകൾ ഇത്തരത്തിൽ മുതലും പലിശയും തിരിച്ചടയ്ക്കുന്ന വരുമാനദായകമായ പ്രോജക്ടുകളാണ്. ഇതിനകം പെട്രോൾ കെമിക്കൽ പാർക്കിനുവേണ്ടി കൊടുത്ത വായ്പയിൽ 405 കോടി രൂപ മുതലും പലിശയുമായി കിഫ്ബിക്ക് തിരികെ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് കിഫ്ബി മറ്റു പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നും വ്യത്യസ്തമായി സ്വന്തമായി വരുമാനമില്ലാത്ത സ്ഥാപനമാണെന്ന വാദം തെറ്റാണ്.

യഥാർത്ഥത്തിൽ കിഫ്ബി നമുക്കൊക്കെ പരിചിതമായ ആന്വിറ്റി ഫിനാൻസിംഗ് മോഡലിന്റെ മറ്റൊരു രൂപം മാത്രമാണ്. തിരുവനന്തപുരം സിറ്റി റോഡ് ഇംപ്രൂവ്മെന്റ് പ്രോഗ്രാം അടക്കം എത്രയോ പ്രോജക്ടുകൾ ഇന്ന് ആന്വിറ്റി അടിസ്ഥാനത്തിൽ കേരളത്തിൽ നടത്തുന്നു. പ്രോജക്ടിനു വേണ്ടിവരുന്ന തുക പത്തോ ഇരുപതോ വർഷംകൊണ്ടേ സർക്കാർ അടച്ചുതീർക്കൂ. അതുവരെയുള്ള മെയിന്റനൻസ് ചാർജ്ജും പലിശ ചെലവും കണക്കാക്കിയാണ് കോൺട്രാക്ടർമാർ പ്രവൃത്തികൾ ഏറ്റെടുക്കുക. യുഡിഎഫ് സർക്കാരിന്റെ കാലത്താണ് ഏറ്റവും കൂടുതൽ ആന്വിറ്റി സ്കീമുകൾ ഏറ്റെടുത്തിട്ടുള്ളത്. പക്ഷെ ഒരു സർക്കാരും ആന്വിറ്റി സ്കീമിന്റെ ബാധ്യത ബജറ്റ് കണക്കിൽ ഉൾപ്പെടുത്തിയതായി കേട്ടിട്ടില്ല. എജി ഈ സമ്പ്രദായത്തെ വിമർശിച്ചിട്ടുമില്ല. സാധാരണ ആന്വിറ്റി സ്കീമിൽ സർക്കാരിന്റെ വാർഷിക ചെലവിൽ വർദ്ധനയുണ്ടാവില്ല. കിഫ്ബിയുടെ കാര്യത്തിൽ മോട്ടോർ വാഹന നികുതി വരുമാനം വർദ്ധിക്കുന്നതിനനുസരിച്ച് കിഫ്ബിക്ക് സർക്കാർ നൽകേണ്ട വിഹിതവും വർദ്ധിക്കും. അതുകൊണ്ട് കിഫ്ബി ബിസിനസ് മോഡലിന് “ഗ്രോയിംഗ് ആന്വിറ്റി സ്കീം” എന്നാണ് ആധുനിക ഫിനാൻസിൽ വിശേഷിപ്പിക്കുന്നത്. മുൻകൂട്ടി നിശ്ചയിച്ചതിനപ്പുറം ഒരു അധിക ബാധ്യതയും സർക്കാർ ഖജനാവിന് കിഫ്ബി വരുത്തുന്നില്ല. അതേസമയം നാടിന് അത്യന്താപേക്ഷിതമായ പശ്ചാത്തലസൗകര്യങ്ങൾ ഇന്നു തന്നെ സൃഷ്ടിക്കാനുമാകും.

പ്രതിപക്ഷ നേതാവ് നിയമസഭയിൽ ഉന്നയിച്ചതും എജി ഇപ്പോൾ പറയുന്നതുമായ കാര്യം ഇന്ത്യൻ ഭരണഘടനയുടെ അനുച്ഛേദം 293(1) കിഫ്ബി ലംഘിക്കുന്നുവെന്നാണ്. ഇവിടെ പരാമർശവിധേയമാകുന്നത് സംസ്ഥാന സർക്കാർ എടുക്കുന്ന വായ്പകളാണ്. സംസ്ഥാന സർക്കാരുകൾ വായ്പയെടുക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുവാദം ആവശ്യമുണ്ട്. എന്നാൽ ഇവിടെ സംസ്ഥാന സർക്കാരല്ല ഒരു കോർപ്പററ്റ് ബോഡിയാണ് വായ്പയെടുക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ഗ്യാരണ്ടി നൽകുന്നതുകൊണ്ട് തിരിച്ചടവ് സർക്കാരിന്റെ പ്രത്യക്ഷ ബാധ്യതയാകുന്നില്ല. അത് കണ്ടിൻജന്റ് ലയബിലിറ്റി മാത്രമാണ്. കിഫ്ബിയുടെ ബിസിനസ് മോഡൽ ഒരു കാരണവശാലും ആസ്തിയേക്കാൾ കൂടുതൽ ബാധ്യത ഭാവിയിൽ അനുവദിക്കാത്ത തരത്തിലുള്ളതാണ്. അതുകൊണ്ട് കിഫ്ബി കണ്ടിൻജന്റ് ലയബിലിറ്റി ആലോചിച്ച് ആരും വിഷമിക്കണ്ട.

ബഹുമാനപ്പെട്ട ഹൈക്കോടതി കേസിൽ ഉന്നയിക്കപ്പെട്ട പ്രശ്നങ്ങൾ അവയുടെ മെറിറ്റിൽ തീരുമാനിക്കുമെന്ന് കേരള സർക്കാരിന് ഉറപ്പുണ്ട്. കേരള സർക്കാർ വിശദമായിട്ടുള്ള സത്യവാങ്മൂലം കോടതിക്കു നൽകുകയും ചെയ്യും. പക്ഷെ സി ആന്റ് എജിയുടെ നിലപാട് ഗൗരവമായ രാഷ്ട്രീയ പ്രശ്നങ്ങൾ ഉയർത്തുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളും ഏറിയും കുറഞ്ഞും സർക്കാർ ഗ്യാരണ്ടിയിൽ പൊതുമേഖലാ സ്ഥാപനങ്ങൾ വഴി വായ്പയെടുക്കുന്നുണ്ട്. ഈ അവകാശം കേരളത്തിനു നിഷേധിക്കുന്നതിനു പ്രതിപക്ഷം അംഗീകരിക്കുന്നുണ്ടോ? സംസ്ഥാനങ്ങളുടെ ഈ അവകാശം നിഷേധിക്കുന്നതിനുള്ള നീക്കത്തിനെ പ്രതിരോധിക്കാൻ തയ്യാറുണ്ടോ? ബിജെപിയുമായി കൂട്ടുചേർന്ന് സംസ്ഥാന വികസനത്തെ തുരങ്കം വയ്ക്കുന്നതിനുള്ള ഗൂഢശ്രമമാണ് കോൺഗ്രസ് നടത്തിക്കൊണ്ടിരിക്കുന്നത്.

മേൽപ്പറഞ്ഞ വഞ്ചനാപരമായ നിലപാട് ജനങ്ങളുടെ മുന്നിൽ ചർച്ചയ്ക്കു വയ്ക്കുകയാണ്. ഏതെങ്കിലും ഒരു കിഫ്ബി പ്രോജക്ട് ഇല്ലാത്ത തദ്ദേശഭരണ സ്ഥാപനം കേരളത്തിലുണ്ടോ? സാധാരണഗതിയിൽ പതിറ്റാണ്ടുകൾ കാത്തിരിക്കേണ്ടുന്ന വികസന സ്വപ്നങ്ങൾ കേരളത്തിലെ ഓരോ പ്രദേശത്തും കെട്ടിടങ്ങൾ, പാലങ്ങൾ, റോഡുകൾ, പാർക്കുകൾ എല്ലാമായി ഉയരുകയാണ്. ഇവയെ അട്ടിമറിക്കാനുള്ള യുഡിഎഫ് – ബിജെപി ഗൂഢാലോചന കേരളം തിരിച്ചറിയും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.