September 28, 2022 Wednesday

Related news

September 26, 2022
September 25, 2022
September 23, 2022
August 26, 2022
August 20, 2022
June 25, 2022
May 6, 2022
April 26, 2022
April 24, 2022
February 21, 2022

രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു

Janayugom Webdesk
ജയ്‌പൂർ:
July 20, 2020 10:32 pm

രാജസ്ഥാനിൽ വിമത എംഎൽഎമാർക്കെതിരെ അയോഗ്യതാ നോട്ടീസ് അയച്ച നടപടിയിൽ ഇപ്പോൾ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്ന് അഭിഭാഷകൻ അഭിഷേക് മനു സിംഘ്‌വി. തനിക്കും 18 എംഎൽഎമാർക്കും അയോഗ്യതാ നോട്ടീസ് നൽകിയ രാജസ്ഥാൻ സ്പീക്കർ സി പി ജോഷിയുടെ നടപടിയെ ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് സമർപ്പിച്ച ഹർജിയില്‍ വാദം കേൾക്കുന്നതിടെയായിരുന്നു സ്പീക്കര്‍ക്കു വേണ്ടി ഹാജരായ സിംഘ്‌വി ഇക്കാര്യം കോടതിയെ അറിയിച്ചത്. അയോഗ്യതാ വിഷയത്തിൽ എന്തെങ്കിലും നടപടി സ്വീകരിക്കും വരെ എംഎൽഎമാർക്ക് സ്പീക്കറെ ചോദ്യം ചെയ്യാൻ അധികാരമില്ല.

സ്പീക്കറോ നിയമസഭയോ കോടതിയുടെ അധികാര പരിധിയിൽ വരുന്നതല്ലെന്നും സിംഘ്‌വി കോടതിയിൽ പറഞ്ഞു. പൈലറ്റിന്റെ ഹർജി അനവസരത്തിലുള്ളതാണെന്നും അതിനാൽ ഹർജി തള്ളണമെന്നും സിംഘ്‌വി കോടതിയോട് ആവശ്യപ്പെട്ടു. ഇന്നുവരെ വിമത എംഎൽഎമാർക്കെതിരെ ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് കഴിഞ്ഞ ആഴ്ച കോൺഗ്രസ് കോടതിയെ അറിയിച്ചിരുന്നത്. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് അടുത്ത ആഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ത്ത് വിശ്വാസ വോട്ട് തേടിയേക്കുമെന്നാണ് റിപ്പോർട്ട്.

സര്‍ക്കാരിനെ കൈവിട്ട ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാര്‍ വീണ്ടും സര്‍ക്കാരിന് പിന്തുണ അറിയിച്ചതിന് പിന്നാലെ കഴിഞ്ഞദിവസം ഗെലോട്ട് ഗവര്‍ണര്‍ കമല്‍രാജ് മിശ്രയെ കണ്ടിരുന്നു. വരുന്ന ആഴ്ച നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്ന് ഗെലോട്ട് ഗവര്‍ണറെ അറിയിച്ചു. മുഖ്യമന്ത്രി അശോക് ഗെലോട്ട് വിളിച്ചു ചേർത്ത രണ്ട് യോഗങ്ങളിലും പങ്കെടുക്കാത്തതിനെ തുടർന്നാണ് സച്ചിൻ പൈലറ്റ് ഉൾപ്പെടെയുള്ള വിമത എംഎൽഎമാർക്ക് സ്പീക്കർ അയോഗ്യതാ നോട്ടീസ് അയച്ചത്.

കേന്ദ്ര മന്ത്രിക്ക് നോട്ടീസ്

ഗെലോട്ട് സർക്കാരിനെ വീഴ്ത്താൻ ഗൂഢാലോചന നടത്തിയെന്ന പരാതിയിൽ മൊഴി രേഖപ്പെടുത്താൻ കേന്ദ്ര മന്ത്രി ഗജേന്ദ്ര സിങ് ഷെക്കാവത്തിന് രാജസ്ഥാൻ പൊലീസ് സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പ് (എസ്ഒജി) നോട്ടീസ് അയച്ചു. പേഴ്സണൽ സെക്രട്ടറി വഴിയാണ് മന്ത്രിക്ക് നോട്ടീസ് നൽകിയത്. അശോക് ഗെലോട്ടിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ അട്ടിമറിക്കാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഓഡിയോ ക്ലിപ്പുകള്‍ പുറത്തുവന്ന സാഹചര്യത്തില്‍ എസ്ഒജികേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

കോണ്‍ഗ്രസ് വിപ്പ് മഹേഷ് ജോഷി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. അതേസമയം ഏതന്വേഷണത്തിനും താൻ തയ്യാറാണെന്നും എന്നാൽ അതിനു മുമ്പ് ഓഡിയോ ക്ലിപ്പുകളുടെ ആധികാരികത തെളിയിക്കണമെന്നും ഷെക്കാവത്ത് പറഞ്ഞു. എസ്ഒജി നോട്ടീസ് ലഭിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ENGLISH SUMMARY: POLITICAL CRISIS IN RAJASTHAN

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.