രാജസ്ഥാനിൽ രാഷ്ട്രീയ നാടകം ; നിയമസഭാ സമ്മേളനം വിളിക്കണമെന്ന ആവശ്യം ഗവർണർ വീണ്ടും തള്ളി

Web Desk

ജയ്പുര്‍

Posted on July 27, 2020, 10:57 pm

രാജസ്ഥാനിൽ രാഷ്ട്രീയനീക്കങ്ങൾ തുടരുന്നു. നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ടുള്ള രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ അപേക്ഷ ഗവര്‍ണര്‍ കല്‍രാജ് മിശ്ര രണ്ടാം തവണയും നിരസിച്ചു.
സംസ്ഥാന പാര്‍ലമെന്ററികാര്യ വകുപ്പിന് നിയമസഭ ചേരുന്നതുമായി ബന്ധപ്പെട്ട ഫയലുകള്‍ ഗവര്‍ണര്‍ തിരിച്ചയച്ചു. ഒപ്പം സര്‍ക്കാരില്‍ നിന്ന് ഗവര്‍ണര്‍ കൂടുതല്‍ വിവരങ്ങള്‍ ആരായുകയും ചെയ്തു. മൂന്ന് കാര്യങ്ങളാണ് ഗവർണർ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിശ്വാസവോട്ട് തേടുന്നുണ്ടോ, ഏത് വിധത്തിൽ സാമൂഹിക അകലം നടപ്പാക്കി സമ്മേളനം വിളിക്കും, 21 ദിവസത്തെ നോട്ടീസ് പരിധി നൽകിയാണോ സമ്മേളനം വിളിക്കേണ്ടത് എന്നീ കാര്യങ്ങളിലാണ് സർക്കാർ കൂടുതൽ വിശദീകരണം നൽകേണ്ടത്.

വെള്ളിയാഴ്ച മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കണമെന്നായിരുന്നു ഗെലോട്ട് ആവശ്യപ്പെട്ടിരുന്നത്. നേരത്തെ നല്‍കിയ നിര്‍ദേശം ഗവര്‍ണര്‍ തള്ളിയിരുന്നു. ഗവര്‍ണറുടെ തീരുമാനത്തിനെതിരെ നേരത്തെ അശോക് ഗെലോട്ട് എംഎല്‍എമാര്‍ക്കൊപ്പം രാജ്ഭവനില്‍ ധര്‍ണ നടത്തിയിരുന്നു. തീയതിയോ കാരണമോ വ്യക്തമാക്കിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആദ്യത്തെ അപേക്ഷ കല്‍രാജ് മിശ്ര തള്ളിയത്.

അതേസമയം സച്ചിന്‍ പൈലറ്റിന്റെ നേതൃത്വത്തിലുള്ള വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേയുള്ള നോട്ടീസില്‍ നടപടിയെടുക്കരുതെന്ന രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരെ സമർപ്പിച്ച ഹർജി സ്പീക്കര്‍ സി പി ജോഷി പിൻവലിച്ചു. അതേസമയം വിശ്വാസ വോട്ടെടുപ്പ് നടന്നാല്‍ കോണ്‍ഗ്രസിനെതിരെ വോട്ടുചെയ്യണമെന്ന് കാട്ടി ബഹുജന്‍ സമാജ് പാര്‍ട്ടി ആറ് എംഎൽഎമാര്‍ക്ക് വിപ്പ് നല്‍കി.
അതേസമയം, ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ആറു എംഎല്‍എമാരും കോണ്‍ഗ്രസില്‍ ലയിച്ചതനാല്‍ പാര്‍ട്ടിയുടെ വിപ്പ് സാങ്കേതിക പ്രശ്‌നങ്ങളാല്‍ നടപ്പിലാകാനിടയില്ലെന്നും പറയുന്നു. സാങ്കേതികമായി നോക്കിയാല്‍ രാജസ്ഥാന്‍ നിയമസഭയില്‍ ബിഎസ്പിക്ക് എംഎല്‍എമാരില്ല. രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയില്‍ ഈ ആറ് എംഎൽഎമാരെയും ബിഎസ്പി എംഎൽഎമാരായി പരിഗണിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നുവെങ്കിലും സ്പീക്കറാണ് തീരുമാനിക്കേണ്ടതെന്ന് പറഞ്ഞ് കമ്മീഷന്‍ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നില്ല. എന്നാൽ ബിഎസ്പി ദേശീയ പാര്‍ട്ടിയായതിനാല്‍ സംസ്ഥാന തലത്തില്‍ ലയനം നടത്താന്‍ കഴിയില്ലെന്നും വിപ്പ് ലംഘിച്ചാല്‍ അവരെ അയോഗ്യരാക്കുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി സതീഷ് ചന്ദ്ര മിശ്ര പറഞ്ഞു.

You may like this video also