രാജസ്ഥാനിൽ രാഷ്ട്രീയനാടകം തുടരുന്നു

സ്വന്തം ലേഖകൻ

ജയ്‌പൂർ

Posted on July 18, 2020, 10:11 pm

അശോക് ഗെലോട്ട് സർക്കാരിനെ അട്ടിമറിക്കാൻ കേന്ദ്ര മന്ത്രിയും വിമത കോൺഗ്രസ്‌ എംഎൽഎമാരും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിന്റെ പേരിൽ രാജസ്ഥാനിൽ രാഷ്ട്രീയ വിവാദം ചൂടുപിടിക്കുന്നു. ഫോൺ സംഭാഷണത്തിൽ ഉൾപ്പെട്ട ബിജെപി നേതാവും വ്യവസായിയുമായ സഞ്ജയ്‌ ജെയിൻ കഴിഞ്ഞദിവസം അറസ്റ്റിലായിരുന്നു. ശബ്ദരേഖയുടെ പിൻബലത്തിൽ കോൺഗ്രസ് ഉയർത്തുന്ന ആരോപണങ്ങളെ ബിജെപി നിഷേധിച്ചിട്ടുണ്ട്.

വ്യാജ ശബ്ദരേഖയ്ക്ക് പിന്നിൽ കോൺഗ്രസാണെന്ന് ബിജെപി ആരോപിച്ചു. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാലക്കെതിരെ ബിജെപി പരാതി നൽകി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ പങ്ക് അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. സിബിഐ അന്വേഷണം വേണമെന്ന് ബിജെപി കേന്ദ്ര നേതൃത്വവും ആവശ്യപ്പെട്ടു. കേന്ദ്ര ജലവകുപ്പ് മന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്തും സഞ്ജയ്‌ ജയിനുമാണ് വിമത കോൺഗ്രസ്‌ എംഎൽഎമാരെ ഫോണിൽ ബന്ധപ്പെട്ട് കൂറുമാറാൻ ആവശ്യപ്പെട്ടിരുന്നത്. അതിനിടെ മൗനം ഭഞ്ജിച്ച് മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും രംഗത്തെത്തി. ഭരണകക്ഷിയില്‍ ഉണ്ടായ ആഭ്യന്തരകലഹത്തില്‍ സംസ്ഥാനം വലിയ വിലകൊടുക്കേണ്ടി വരുന്നത് നിര്‍ഭാഗ്യകരമാണെന്ന് അവര്‍ പറഞ്ഞു.

നേരത്തെ വസുന്ധര രാജെ ഗെലോട്ടിന് വേണ്ടി പ്രവർത്തിക്കുകയാണെന്ന് സച്ചിൻ പൈലറ്റ് വിഭാഗം എംഎൽഎ ആരോപണം ഉയർത്തിയിരുന്നു. സച്ചിൻ പൈലറ്റ് ഇതുവരെ നിലപാട് വ്യക്തമാക്കാത്തതിനാൽ രാജസ്ഥാൻ കോൺഗ്രസിലും അനിശ്ചിതത്വം തുടരുകയാണ്. അതേസമയം വിമത കോൺഗ്രസ്‌ എംഎൽഎമാരെ കണ്ടെത്താനുള്ള ശ്രമം രാജസ്ഥാൻ പൊലീസ് തുടരുകയാണ്. ഹരിയാന ഗുരുഗ്രാമിലെ റിസോർട്ടിൽ കഴിയുന്ന വിമത എംഎൽഎമാരെ ചോദ്യം ചെയ്യാനെത്തിയ പൊലീസ് സംഘത്തിന് എംഎൽഎമാരെ കാണാനാകാതെ മടങ്ങേണ്ടിവന്നു. ഹരിയാന പൊലീസുമായി മണിക്കൂറുകൾ നീണ്ട നാടകീയരംഗങ്ങൾക്കു ശേഷം രാജസ്ഥാൻ പൊലീസ് സംഘം റിസോർട്ടിൽ പ്രവേശിച്ചെങ്കിലും എംഎൽഎമാരെ മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

തിരിച്ചെത്തിയാൽ സ്വീകരിക്കും:

ഗെലോട്ട് കഴിഞ്ഞ 18 മാസമായി താന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമായി സംസാരിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ രൂപീകരിച്ച അന്നുമുതല്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ പൈലറ്റ് ശ്രമിക്കുകയായിരുന്നുവെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്. ബിജെപിയിലേക്ക് ഇല്ലെന്ന് പറഞ്ഞ പൈലറ്റ് മടങ്ങിവന്നാല്‍ ആലിംഗനം ചെയ്ത് സ്വാഗതം ചെയ്യുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. മുഖ്യമന്ത്രിയോട് സംസാരിക്കാതെയാണ് തീരുമാനങ്ങള്‍ പൈലറ്റ് എടുത്തിരുന്നതെന്നും ഗെലോട്ട് പറഞ്ഞു. ബിടിപിയിലെ രണ്ട് എംഎൽഎമാർ തന്റെ പക്ഷത്തേക്ക് തിരിച്ചെത്തിയതായി ഗെലോട്ട് ഇന്നലെ അവകാശപ്പെട്ടു. അതേസമയം ഒരു വർഷത്തിനുള്ളിൽ സച്ചിൻ പൈലറ്റിനെ രാജസ്ഥാൻ മുഖ്യമന്ത്രിയാക്കാമെന്ന് പ്രിയങ്ക ഗാന്ധി ഉറപ്പുനൽകിയിരുന്നതായി സച്ചിൻ വിഭാഗം വെളിപ്പെടുത്തി.

Eng­lish sum­ma­ry; polit­i­cal game in rajasthan

You may also like this video;