ചില രാഷ്ട്രീയ പാർട്ടികൾ ഡൽഹിയിൽ കലാപവും അശാന്തിയും വളർത്താൻ പരിപാടികൾ ആസൂത്രണം ചെയ്യുന്നതായി എഎപി. മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായ സുനിൽ അറോറയ്ക്ക് ആം ആദ്മി പാർട്ടി എഴുതിയ കത്തിലാണ് കേന്ദ്ര രാഷ്ട്രീയ പാർട്ടികൾക്കെതിരെ ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഡൽഹി പൊലീസ് കമ്മിഷണറായ അമൂല്യ പട്നായിക്കിനോടും നിയമ നിർവ്വഹണ ഏജൻസികളോടും അക്രമം തടയാനാവശ്യനായ നടപടികൾ സ്വീകരിക്കാൻ നിർദ്ദേശിക്കണമെന്നും കത്തിൽ പറയുന്നു. ഡൽഹിയിൽ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിലാണ് എഎപി ഇങ്ങനെയൊരു കത്തെഴുതിയത്.
ഡൽഹിയില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ ചില രാഷ്ട്രീയ പാർട്ടികൾ കണ്ടില്ലെന്നു നടിക്കുന്നതായി എഎപി ആരോപിക്കുന്നു. ഇത്തരകാർക്ക് മൗനാനുവാദം നൽകുന്നതിലൂടെ ഡല്‍ഹിയിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണെന്നും എഎപി കുറ്റപ്പെടുത്തുന്നു. ഇത് ഡൽഹിയിലെ ക്രമസമാധാനം തകർക്കുകയും സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് നടത്തുന്നതിന് തടസമുണ്ടാക്കുകയും ചെയ്യും.
ഷഹീന് ബാഗിലും ജാമിയ മിലിയയിലും ബിജെപി സംഘർഷാവസ്ഥ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതായും എഎപി ആരോപിക്കുന്നു. ഡല്‍ഹിയിലെ സരിത വിഹാറിനടുത്ത് ധാരാളം ആളുകൾ കൂടി നിൽക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും സുനിൽ അറോറയ്ക്ക് അയച്ച കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി തങ്ങൾ ഭയപ്പെടുന്നുവെന്നും എഎപി പറയുന്നു.
ജാമിയ മിലിയയിൽ പതിനേഴുകാരൻ സിഎഎ പ്രതിഷേധക്കാർക്കു നേരെ വെടിയുതിർത്തിരുന്നു. അതേ ദിവസം നടന്ന റാലിയിൽ പ്രധാനമന്ത്രിയെയാണോ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരെയാണോ നിങ്ങൾ പിന്താങ്ങുന്നതെന്ന് അമിത് ഷാ ചോദിച്ചിരുന്നു. ഷഹീൻ ബാഗിലെ പ്രതിഷേധം ഇന്ത്യയുടെ ആഗോള തലത്തിലെ ഉയർച്ചയെ ബാധിച്ചതായി യുപി മുഖ്യമന്ത്രി ആദിത്യ നാഥ് പറഞ്ഞു. രാജ്യദ്രോഹികളെ വെടിവച്ചു കൊല്ലണമെന്ന അനുരാഗ് ഠാക്കൂറിന്റെ പ്രസ്താവനയും ഈയടുത്ത കാലത്ത് വിവാദമായിരുന്നു.
English summary: Political parties make riot in Delhi says AAP
YOU MAY ALSO LIKE THIS VIDEO