22 April 2024, Monday

ഭയത്തിൽ നിന്ന് ഉടലെടുക്കുന്ന പൊളിറ്റിക്കൽ റെയ്ഡുകൾ

എം കെ നാരായണമൂര്‍ത്തി
September 11, 2022 5:45 am

ഒരു ഭരണകൂടത്തെ ഭയം പിടികൂടിയാൽ പിന്നെ കാണിക്കുന്നതെന്തും തോന്ന്യാസം ആയിരിക്കും. ഇപ്പോൾ ഇന്ത്യയിൽ നടക്കുന്നതും അതു തന്നെ. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ വിഷലിപ്തമായ പ്രസരണത്തിലൂടെ അധികാരത്തിലെത്തിയ നരേന്ദ്ര മോഡിക്കും കൂട്ടർക്കും ഇപ്പോൾ ഭയമാണ്. അവർ പ്രതിപക്ഷത്തെ ഭയക്കുന്നു. പ്രതിപക്ഷമെന്നതു കൊണ്ട് ഉദ്ദേശിക്കുന്നത് പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളെ മാത്രമല്ല. ഭരണകൂടത്തെ ചോദ്യം ചെയ്യുന്ന ഏതു സ്ഥാപനവും പ്രതിപക്ഷമാണ്. മതാത്മക രാഷ്ട്രീയ പാർട്ടിയായ ബിജെപിയും അതിന് പ്രത്യയശാസ്ത്ര പിൻബലം നൽകുന്ന സംഘ്പരിവാറും ഇപ്പോൾ ഏറ്റവും അധികം ഭയക്കുന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന ജനാധിപത്യ സംവിധാനങ്ങളെയും ആ ജനാധിപത്യ വ്യവസ്ഥയെ നിലനിര്‍ത്താനായി അഹോരാത്രം പ്രവർത്തിക്കുന്ന ആളുകളെയും സംഘടനകളെയുമാണ്. ഇഡി, സിബിഐ, ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റ് തുടങ്ങിയ കേന്ദ്ര സംവിധാനങ്ങൾ ഉപയോഗിച്ച് ഇവയെ ഇല്ലാതാക്കാനോ വരുതിയിൽ നിര്‍ത്താനോ അവർ ശ്രമിക്കുന്നത് ഈ ഭയം മൂലമാണ്. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ സെന്റർ ഫോർ പോളിസി റിസർച്ചിലും ഓക്സ്ഫാമിലും പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷനിലും ബുധനാഴ്ച ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനെ ഉപയോഗിച്ചു നടത്തിയ റെയ്ഡ്. സാങ്കേതികമായ ഒരു റെയ്ഡ് എന്നതിനപ്പുറം ഒരു പൊളിറ്റിക്കൽ റെയ്ഡാണ് അവിടെ നടന്നത്. മോഡി നടത്തുന്ന പൈശാചിക ഭരണത്തിന്റെ നാണം കെട്ട മുഖം.

1973 ൽ സ്ഥാപിതമായ സെന്റർ ഫോർ പോളിസി റിസർച്ച് അവരുടെ ബഹുമുഖമായ പ്രവർത്തനങ്ങൾ കൊണ്ടും ആധികാരികമായ വിവരശേഖരണത്തിലൂടെ നടത്തുന്ന റിപ്പോർട്ടുകൾ കൊണ്ടും ലോക പ്രശസ്തമാണ്. മാറിമാറി വരുന്ന സർക്കാരുകൾ മേനി നടിക്കാനായി പടച്ചുണ്ടാക്കുന്ന പല റിപ്പോർട്ടുകളുടേയും കള്ളത്തരങ്ങൾ പുറത്തു കൊണ്ടു വന്ന് ഇവർ ഭരണകൂടങ്ങൾക്ക് തലവേദനയാകാറുണ്ട്. പ്രതാപ് ഭാനു മേത്തയെ പോലുള്ള ബുദ്ധിജീവികൾ നയിച്ചിരുന്ന ഈ സംഘടനയുടെ ഇപ്പോഴത്തെ തലവൻ പ്രമുഖ വിദ്യാഭ്യാസ ചിന്തകയും ഡൽഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളജിന്റെ പ്രിൻസിപ്പലുമായിരുന്ന ശ്രീമതി മീനാക്ഷി ഗോപിനാഥാണ്. ശരിയായ ചോദ്യങ്ങൾ ശരിയായ സമയത്ത് ഉയർത്തുകയും സർക്കാരുകളുടെ നയപരമായ തീരുമാനങ്ങളിൽ പാളിച്ചകൾ ഉണ്ടെങ്കിൽ അതിനെ തെളിവുകൾ നിരത്തി ഖണ്ഡിക്കുകയുമാണ് തങ്ങളുടെ ദൗത്യമെന്ന് സെന്റർ ഫോർ പോളിസി റിസർച്ചിന്റെ വെബ്സൈറ്റിൽ അവർ വ്യക്തമായി പറയുന്നുണ്ട്. ഈ പ്രസ്താവനയെ അടിസ്ഥാനപ്പെടുത്തി കൃത്യമായ റിസർച്ചുകളിലൂടെ സത്യങ്ങൾ പുറത്തു കൊണ്ടു വരുന്ന രീതിയാണ് ബിജെപിക്ക് ഇഷ്ടമാകാത്തത്. പച്ചക്കള്ളങ്ങൾ യാതൊരു ഉളുപ്പുമില്ലാതെ ഏതു മേഖലയിലും വിളമ്പുന്ന സംഘ്പരിവാറിന്റെ വിവരക്കേടിന് ഇത്തരം സംഘടനകളോട് താല്പര്യമില്ലെന്നത് അവരുടെ സങ്കുചിതത്വം മാത്രമാണ്. അതിന് ഇന്ത്യൻ ജനാധിപത്യം വില കൊടുക്കേണ്ടതില്ല. ബംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സംഘടനയാണ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷൻ.


ഇതുകൂടി വായിക്കൂ: ഗാന്ധിക്കു പകരം മോഡിയോ?


2015ൽ സ്ഥാപിതമായ ഈ സംഘടന ഒരു ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളതാണ്. സ്വതന്ത്രവും നീതിയുക്തവുമായ പത്രപ്രവർത്തനം ഇന്ത്യയിൽ നിന്ന് അന്യം നിൽക്കാൻ തുടങ്ങിയപ്പോൾ മാധ്യമ മേഖലയിൽ ശരിയായ ദിശയിൽ പ്രവർത്തിക്കുന്ന മാധ്യമസ്ഥാപനങ്ങളെ നിലനിര്‍ത്താനാണ് അവർ ശ്രമിക്കുന്നത്. കോർപറേറ്റുകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിദേശ മൂലധനത്തിന്റെയും സമ്മർദ്ദങ്ങൾക്ക് വിധേയപ്പെട്ട് സ്വതന്ത്ര പത്രപ്രവർത്തനമെന്നത് ഏറെക്കുറേ അസാധ്യമായ സാഹചര്യത്തിലാണ് പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷൻ പിറവിയെടുക്കുന്നത്. അവരുടെ സഹായധനം ലഭിക്കുന്ന സ്ഥാപനങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞാലെ മോഡി സർക്കാർ എന്തു കൊണ്ട് ഈ സംഘടനയെ ഉന്നം വയ്ക്കുന്നു എന്ന് മനസിലാകുകയുള്ളൂ. സംഘ്പരിവാർ നുണകളേയും കോർപറേറ്റ് മൂലധനത്തിന്റെ ദുഷ്ചെയ്തികളേയും നിരന്തരം ആക്രമിച്ചു കൊണ്ടിരിക്കുന്ന ദി വയർ, കാരവൻ, ദി പ്രിന്റ്, സ്വരാജ്യ മുതലായ പ്രസിദ്ധീകരണങ്ങൾക്ക് ഇവർ ഗ്രാന്റുകൾ നൽകുന്നു. ഇതുപോലെ മറ്റ് പല മീഡിയകളേയും ഇവർ സഹായിക്കുന്നു. അപ്പോൾ ഈ സ്ഥാപനത്തെ നശിപ്പിച്ചാൽ അതിലൂടെ അവരുടെ ഗ്രാന്റ് കൈപ്പറ്റുന്ന മാധ്യമസ്ഥാപനങ്ങളേയും നശിപ്പിക്കാമെന്ന് മോഡി സർക്കാർ കണക്കു കൂട്ടുന്നു. പബ്ലിക് സ്പിരിറ്റഡ് മീഡിയ ഫൗണ്ടേഷനെ നിലനിര്‍ത്തുന്നത് അസീം പ്രേംജി ഫിലാന്ത്രോപിക് ഇൻഷ്യേറ്റീവ്സ് പ്രൈവറ്റ് ലിമിറ്റഡ്, പിരോജ്ഷാ ഗോദ്റേജ് ഫൗണ്ടേഷൻ, ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോടെക്കിന്റെ ഉടമ കിരൺ മസുംദാർ ഷാ, മണിപ്പാൽ എഡ്യൂക്കേഷൻ ആന്റ് മെഡിക്കൽ ഗ്രൂപ്പ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത മറ്റു പലരുമാണ്.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ലോകത്തിലെ 180 രാജ്യങ്ങളിൽ 150-ാമതാണ് ഇന്ത്യയുടെ സ്ഥാനം. എല്ലാ കാലത്തും സർക്കാരുകൾ മാധ്യമങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കാറുണ്ട്, പലവിധത്തിൽ. പക്ഷെ, ഹിന്ദുത്വവാദികൾ സ്വാധീനിക്കാനല്ല മെരുക്കാനോ നശിപ്പിക്കാനോ ആണ് ശ്രമിക്കുന്നത്. മോഡിയുടെ ആദ്യ സർക്കാരിന്റെ കാലത്ത് ഇക്കണോമിക് ആന്റ് പൊളിറ്റിക്കൽ വീക്കിലിയെ ഇന്ത്യയിലെ സർവകലാശാലകളിൽ നിന്നും പുറത്താക്കി കൊണ്ടാണ് മോഡി ഈ മാധ്യമ വേട്ടയ്ക്ക് തുടക്കം കുറിക്കുന്നത്. സ്വന്തം സുഹൃത്തായ അഡാനിയെ കൊണ്ട് പിൻവാതിലിലൂടെ എൻഡിടിവിയെ വിഴുങ്ങാന്‍ ശ്രമിക്കുന്ന ജനാധിപത്യ സംവിധാനത്തോടുള്ള ഭയം കൊണ്ട് തന്നെയാണ്. ബിജെപി ഭരണത്തിൻ കീഴിൽ ഇന്ത്യയിൽ നടക്കുന്ന ഭരണ വീഴ്ചകളേയും, ആ വീഴ്ചകൾ നമ്മുടെ രാഷ്ട്ര ശരീരത്തെ എത്രത്തോളം കീറിമുറിക്കുന്നു എന്നതും വെളിച്ചത്തിൽ കൊണ്ടു വരുന്ന മാധ്യമങ്ങളെയാണ് ഇപ്പോൾ നരേന്ദ്രമോഡി ഉന്നം വയ്ക്കുന്നത്. ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ പോലുള്ള ഏഴാംകൂലി മാധ്യമങ്ങളെ അവർ വകവയ്ക്കുന്നേയില്ല. ഓക്സ്ഫാം അന്താരാഷ്ട്രതലത്തിൽ അറിയപ്പെടുന്ന സംഘടനയാണ്. സാമ്പത്തികാസമത്വം, ലിംഗ നീതി, പരിസ്ഥിതി പ്രശ്നങ്ങൾ തുടങ്ങി നിരവധി മേഖലകളിൽ ഇടപെടുന്ന സംഘടനയാണ് ഓക്സ്ഫാം. ബിജെപിയുടെ നയങ്ങളെ നേരിട്ടെതിർക്കുന്നത് അവരുടെ രീതിയല്ല. പക്ഷെ പ്രശ്നങ്ങളെ സമീപിക്കുന്ന കാര്യങ്ങളിലും അവയെ കൈകാര്യം ചെയ്യുന്ന രീതികളിലും അവർ കേന്ദ്ര സർക്കാരിനും ബിജെപി ഭരിക്കുന്ന അസം പോലുള്ള സംസ്ഥാനങ്ങളിലെ സർക്കാരുകൾക്കും അലോസരമുണ്ടാക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: മതരഹിതരുടെ സംവരണം


വിദേശ ഫണ്ടുകൾ സ്വീകരിച്ചു കൊണ്ട് പ്രവർത്തിക്കുന്ന ഈ സംഘടനയെ പൂട്ടാൻ വളരെ കാലമായി ഹിന്ദുത്വവാദികൾ ശ്രമിക്കുകയാണ്. ആംനസ്റ്റി ഇന്റർനാഷണലിനെതിരെ കേന്ദ്ര സർക്കാർ നീങ്ങിയ അതേ രീതിയിലാണ് ഓക്സ്ഫാമിനെതിരെയും ബിജെപി നീങ്ങുന്നത്. തുടക്കത്തിൽ പറഞ്ഞത് പോലെ സംഘ്പരിവാർ സംഘടനകളെ ഭയം വിഴുങ്ങാൻ തുടങ്ങിയിരിക്കുന്നു. അകാരണമായ ഭയമല്ല. തങ്ങൾ സോഷ്യൽ ഓഡിറ്റിങ്ങിന് വിധേയമാക്കപ്പെടുന്നുണ്ടെന്ന് അവർക്കറിയാം. എത്ര ഒളിപ്പിക്കാൻ ശ്രമിച്ചാലും ബിജെപി സർക്കാരിന്റെ കഴിവുകേട് ദിനംപ്രതി പുറത്തു വന്നു കൊണ്ടേയിരിക്കും. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനമറിയാത്ത നിർമ്മലാ സീതാരാമനും വായ തുറന്നാൽ വിഡ്ഢിത്തം മാത്രം വിളമ്പുന്ന അനുരാഗ് ഠാക്കൂർമാരും മന്ത്രിപദത്തിലുള്ളപ്പോൾ മെച്ചമായ ഭരണമെന്നത് ബിജെപിക്ക് ഒരിക്കലും ചിന്തിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ അവരുടെ അവസാന ആയുധമാണ് ഭയപ്പെടുത്തി ഭരിക്കൽ. ഇന്ത്യൻ ജനാധിപത്യത്തിന്റേയും വൈവിധ്യങ്ങളുടേയും ശക്തി എത്ര വലുതാണെന്ന് അവർ അറിയാൻ പോകുന്നതേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.