ദുരിതാശ്വാസ ക്യാമ്പില്‍ രാഷ്ട്രീയ പ്രസംഗം; കൊടിക്കുന്നിലിനെ കൂകിവിളിച്ച് ജനങ്ങള്‍

Web Desk
Posted on August 22, 2018, 10:03 pm
ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പില്‍ രാഷ്ട്രീയം പ്രസംഗിച്ച കൊടിക്കുന്നില്‍ സുരേഷ് എം പി യെ അന്തേവാസികള്‍ കൂകിവിളിച്ച് മടക്കി അയച്ചു. ഇന്നലെ കണിച്ചുകുളങ്ങര ഗവണ്‍മെന്റ് ഗേള്‍സ് ഹൈസ്‌കൂളില്‍ വെച്ചായിരുന്നു സംഭവം. മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിക്ക് ഒപ്പമാണ് കൊടിക്കുന്നില്‍ ക്യാമ്പിലെത്തിയത്. ആന്റണിക്ക് ശേഷം സംസാരിച്ച കൊടിക്കുന്നിലിന്റെ പ്രസംഗത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നതായിരുന്നു. ഇത് ക്യാംപിലുള്ള അന്തേവാസികള്‍ ചോദ്യം ചെയ്തു. കുട്ടനാട് പാക്കേജ് നടപ്പാക്കുന്നതില്‍ ഇടതുസര്‍ക്കാര്‍ വരുത്തിയ വീഴ്ചയാണ് കുട്ടനാട്ടിലെ ഈ ദുരന്തങ്ങള്‍ക്ക് കാരണമെന്നായിരുന്നു കൊടിക്കുന്നലിന്റെ പ്രസംഗം. എന്നാല്‍ കേന്ദ്രമന്ത്രിയായിരുന്നിട്ടുപോലും കുട്ടനാടിനെ പ്രതിനിധീകരിച്ച താങ്കള്‍ക്ക് എന്ത് ചെയ്യാന്‍ കഴിഞ്ഞുവെന്ന് ചോദിച്ച് ജനങ്ങളും രംഗത്തെത്തി. ഇതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. പിന്നീട് പൊലീസുകാരും വാളണ്ടിയര്‍മാരുമാണ് ജനകീയ പ്രതിഷേധത്തില്‍ നിന്നും കൊടിക്കുന്നലിനെ രക്ഷപെടുത്തിയത്.