അഡ്വ. പി സന്തോഷ് കുമാർ

April 07, 2020, 3:20 am

വൈറസ് ഉയർത്തുന്ന രാഷ്ട്രീയചിന്തകൾ

Janayugom Online

‘ഏകാന്തശിക്ഷ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ട, ആയിരക്കണക്കിനു നിശബ്ദ മനുഷ്യരും, മരണത്തിന്റെ മരവിപ്പിൽ നിശ്ചലമായ തെരുവുകളും’ എന്നാണു പ്ലേഗ് ബാധയിൽ വിറങ്ങലിച്ചു നിന്ന, പതിനേഴാം നൂറ്റാണ്ടിലെ ഫ്രാൻസിനെ, പ്രശസ്ത ചിന്തകനായ മൈക്കൽ ഫൂക്കോ വിശേഷിപ്പിച്ചത്. നിർമ്മിതബുദ്ധിയും ആണവായുധങ്ങളും മനുഷ്യന്റെ ഭാവിയെ നിർണയിക്കുന്ന ശക്തികളായി വളർന്നിട്ടും ഇക്കഴിഞ്ഞ ദിവസങ്ങളിൽ നമ്മൾ യുറോപ്പിലും അമേരിക്കയിലും ഒക്കെ കണ്ടത് ഫൂക്കോ വിശേഷിപ്പിച്ച അതേ മരവിപ്പും നിശ്ചലതയുമാണ്.

മഹാമാരികൾക്ക് മുന്നിൽ മനുഷ്യൻ നിസ്സഹായൻ ആകുന്ന നേർകാഴ്ച. മനുഷ്യരാശിയുടെയും നാഗരികതയുടെയും അനുസ്യൂതമായ പ്രയാണത്തെ തിരുത്തിക്കുറിച്ച ഘടകങ്ങളിൽ യുദ്ധത്തോടൊപ്പം തന്നെ പ്രാധാന്യമുള്ള ഒന്നാണ് പകർച്ചവ്യാധികൾ. പതിനാലാം നൂറ്റാണ്ടിൽ യൂറോപ്പിനെ തകർത്തെറിഞ്ഞ ‘കറുത്ത മരണം’ എന്നറിയപ്പെട്ട പ്ലേഗ് ആണ് ഫ്യൂഡലിസത്തിന്റെ അടിത്തറ ഇളക്കിയത്. അതുപോലെ, ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം, യുറോപ്പിനെ ബാധിച്ച ‘സ്പാനിഷ് ഫ്ലൂ’, ‘പൊതുജനാരോഗ്യം’ എന്ന നയസങ്കൽപ്പത്തിനു ആഗോളവ്യാപകമായ പൊതുസമ്മതി ഉണ്ടാക്കികൊടുക്കാനിടയാക്കി. ഇന്ന് ലോകമെമ്പാടും ഏഴുലക്ഷത്തിലധികം മനുഷ്യരെ ബാധിച്ച, ഏകദേശം മുപ്പത്തിഅയ്യായിരം പേരുടെ മരണത്തിനിടയാക്കിയ മഹാവ്യാധിയായി കൊറോണാവൈറസ് മാറിക്കഴിഞ്ഞിരിക്കുന്നു. ശാസ്ത്രവും സാങ്കേതികവിദ്യയും ആഗോള സാമ്പത്തിക ശക്തികളും രാഷ്ട്രീയാധികാരവും മതവും എല്ലാം പകച്ചു നിൽക്കുന്ന സങ്കീർണ്ണമായ ഒരു സാമൂഹ്യ ആരോഗ്യ പരിതസ്ഥിതിയാണ് കൊറോണയുടെ വ്യാപനം സൃഷ്ടിച്ചിരിക്കുന്നത്.

ഭാവിലോകത്തിന്റെ ഘടനയെത്തന്നെ ഇത് മാറ്റിമറിക്കുമെന്നാണ് പ്രശസ്ത ചിന്തകർ അഭിപ്രായപ്പെടുന്നത്. ഈ തലമുറ അഭിമുഖീകരിക്കുന്ന ഏറ്റവും സങ്കീർണമായ പ്രതിസന്ധി എന്നാണു പ്രശസ്ത ചിന്തകനും ചരിത്രകാരനുമായ യുവാൻ നോവാ ഹരാരി കൊറോണാവ്യാപനത്തെ വിശേഷിപ്പിച്ചത്. ചൈനയിലെ വുഹാനിൽ നിന്നും ആരംഭിച്ചു ഭൂഖണ്ഡങ്ങൾ കടന്നുചെന്ന ഈ വൈറസ് എങ്ങനെയൊക്കെയാണ് ഭാവിലോകക്രമത്തെ അടയാളപ്പെടുത്താൻ പോകുന്നത്? കൊറോണയുടെ വ്യാപനം അക്ഷരാർഥത്തിൽ തകർത്തുകളഞ്ഞത് ആഗോള മുതലാളിത്തത്തിന്റെ സ്വപ്നങ്ങളെയാണ്. കമ്മ്യൂണിസത്തിന്റെ തകർച്ചയ്ക്ക് ശേഷം, എതിരാളികൾ ഇല്ലാതെ, ദേശരാഷ്ട്രങ്ങളുടെ അതിരുകൾ ഭേദിച്ച് ലോകം മുഴുവൻ കടന്നുചെന്നു അധിനിവേശത്തിന്റെയും വാണിജ്യത്തിന്റെയും അപാരസാധ്യതകൾ കണ്ടെത്തിയ ആഗോളവൽക്കരണവും മുതലാളിത്തവും, നിയോലിബറൽ പ്രത്യയശാസ്ത്രവും ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ പ്രതിസന്ധി നേരിടുകയാണ്. രാഷ്ട്രങ്ങൾ അതിരുകൾ അടച്ചുകൊണ്ടും, യാത്രാനിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടും, ഫാക്ടറികൾ അടച്ചുപൂട്ടിക്കൊണ്ടും കൊറോണയെ നേരിടാൻ ശ്രമിച്ചപ്പോൾ, അത് ബാധിച്ചത്, മൂലധനത്തിന്റെ അതിരില്ലാത്ത ഒഴുക്കിനെയാണ്.

അമേരിക്കയിലെയും യൂറോപ്പിലെയും വൻകിട ബഹുരാഷ്ട്ര കമ്പനികളെ നിലനിര്‍ത്തിയിരുന്നത്, തുച്ഛമായ കൂലിയിൽ, പരിമിതമായ സാഹചര്യങ്ങളിൽ തൊഴിലെടുത്തിരുന്ന ഏഷ്യയിലെ ലക്ഷക്കണക്കിന് തൊഴിലാളികളായിരുന്നു. കൊറോണാഭീതികാരണം ഈ ഫാക്ടറികൾ അടച്ചിട്ടതോടുകൂടി ഉല്പാദനവും കയറ്റുമതിയും നിലയ്ക്കുകയും, ആഗോളവൽക്കരണത്തിന്റെ നെടുംതൂണായ ‘ഗ്ലോബൽ സപ്ലൈ ചെയിൻ’ തകരുകയും ചെയ്തു. ഇത് ഭാവിയിൽ, ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കും. പല രാജ്യങ്ങളും, ചൈനയെപ്പോലെ പ്രാദേശിക ഉല്പാദനത്തിലേക്കും, വിപണനത്തിലേക്കും തിരിയുമെന്നും, ഇത് ആത്യന്തികമായി ചൂഷണത്തിൽ അധിഷ്ഠിതമായ ഇന്നത്തെ മാർക്കറ്റ് ഇക്കോണമിയെയും, ലോകവ്യാപാരസംഘടനയുടെ അസ്തിത്വത്തെ തന്നെയും ചോദ്യം ചെയ്യുമെന്ന് പ്രശസ്ത സാമ്പത്തികചിന്തകൻ ആയ പോൾ മേസൻ പറഞ്ഞുകഴിഞ്ഞു. ചുരുക്കത്തിൽ, സോവിയറ്റ് യൂണിയന്റെ തകർച്ചക്ക് ശേഷം ‘ചരിത്രാന്ത്യം’ എന്നും ‘നവമുതലാളിത്തത്തിന്റെ തേരോട്ടം’ എന്നും ഫുക്കുയാമയും സാമുവൽ ഹണ്ടിംഗ് ടണ്ണും മാക്ഫെർസനും വിശേഷിപ്പിച്ച ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ലോകക്രമം ആണ് ഒരു കുഞ്ഞു വൈറസ് പിടിച്ചുകുലുക്കിയിരിക്കുന്നത്. മുതലാളിത്തം നേരിടാൻ പോകുന്ന സമാനതകൾ ഇല്ലാത്ത പ്രതിസന്ധിയോടൊപ്പം തന്നെ, കൊറോണാക്കാലം തരുന്ന തിരിച്ചറിവ് സമൂഹത്തിൽ ‘തൊഴിലിന്റെ’ പ്രാധാന്യമാണ്. ചൈനയിലും തായ്‌വാനിലും ഉത്തരകൊറിയയിലും മാത്രമല്ല, അമേരിക്കയിലും യുറോപ്പിലും എല്ലാം തൊഴിൽശാലകൾ തൊഴിലാളികൾ ഇല്ലാതെ പൂട്ടിയിടുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.

മൂലധനമാണ് ഏറ്റവും പ്രധാനമെന്നും മനുഷ്യാധ്വാനത്തെ യന്ത്രങ്ങൾകൊണ്ട് മറികടക്കാൻ പറ്റുമെന്നുമുള്ള വാദമാണ് ഇല്ലാതായത്. ഉല്പാദനവ്യവസ്ഥയുടെ അടിസ്ഥാനം മനുഷ്യാധ്വാനം ആണെന്ന് എത്രയോ വർഷങ്ങൾക്കു മുമ്പ് മാർക്സ് പറഞ്ഞത് വീണ്ടും പ്രസക്തമാവുകയാണ്. അതോടൊപ്പം ഏതു തൊഴിലും മഹത്തരമാണെന്ന സന്ദേശവും ഈ പ്രതിസന്ധിയുടെ കാലം ഓർമിപ്പിക്കുന്നു. ഇന്ന്, ഒരു ശുചീകരണ തൊഴിലാളിയാണ് ഒരുപക്ഷെ ഒരു മാനേജ്മെന്റ് വിദഗ്ധനെക്കാൾ സമൂഹത്തിനു അത്യാവശ്യം. നാളെ, അതിരൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുമ്പോൾ കർഷകത്തൊഴിലാളിയാകും മാനവരാശിയുടെ നിലനില്പിന് ഏറ്റവും അനിവാര്യം. അതുപോലെ ആരോഗ്യപ്രവർത്തകർ ഏറ്റവും പ്രസക്തമാകുന്ന കാലമാണിത്. ചുരുക്കത്തിൽ, എല്ലാ തൊഴിലിനും ഒരു സമൂഹത്തിൽ അതിന്റേതായ പ്രാധാന്യം ഉണ്ടെന്നും വൈറ്റ് കോളർ ജോലികളെ മാത്രം മഹത്വവൽക്കരിക്കുന്നതിൽ കാര്യമില്ലെന്നും ഉള്ള വലിയൊരു തിരിച്ചറിവ് ലോകത്തിനുണ്ടാവാൻ ഈ മഹാമാരി കാരണമായി. പൊതുജനാരോഗ്യം ലോകമെമ്പാടും രാഷ്ട്രീയനയത്തിന്റെ ആണിക്കല്ലായി മാറാൻ ഇടയുണ്ടെന്ന സന്ദേശമാണ് മറ്റൊരു പ്രധാനമാറ്റം. കഴിഞ്ഞ രണ്ടു ദശകങ്ങൾ ആയി, നിയോലിബറൽ കമ്പോള നയങ്ങൾ ഏറ്റവും ശക്തമായി നടപ്പിലാക്കിയ അമേരിക്കയിലും യുറോപ്പിലും പൊതുജനാരോഗ്യം ഏറെക്കുറെ സ്വകാര്യവല്ക്കരിക്കപ്പെട്ടിരുന്നു. ‘ലോകശരീരത്തെ മുഴുവൻ ബാധിച്ച നിയോലിബറലിസം എന്ന പ്ലേഗ് ആണ് നമ്മുടെ ആരോഗ്യരംഗത്തെ നശിപ്പിച്ചത് എന്നാണു പ്രശസ്ത ചിന്തകനായ നോം ചോംസ്കി അഭിപ്രായപ്പെട്ടത്. ഓരോ വർഷവും ആരോഗ്യത്തിനുള്ള ബജറ്റ് കുറഞ്ഞു വന്നതോടെ, അടിസ്ഥാന ആരോഗ്യ സംവിധാനം നിലവാരമില്ലാത്തതും സാധാരണക്കാരന് അപ്രാപ്യവും ആയി. ഇന്ന് അമേരിക്കയും യുറോപ്പും വൈറസ് വ്യാപനം തടയാനാവാതെ വിറങ്ങലിച്ചു നിൽക്കുന്നതിനു പ്രധാന കാരണം, അപര്യാപ്തമായ പൊതുജനാരോഗ്യസംവിധാനമാണ്. നേരെമറിച്ച്, ശക്തമായ ആരോഗ്യസംവിധാനങ്ങൾ ഉള്ള ചൈന, സിംഗപ്പൂർ, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങൾക്ക് വളരെ പെട്ടെന്ന് തന്നെ രോഗവ്യാപനം നിയന്ത്രിക്കാൻ കഴിഞ്ഞു. കേരളത്തിന്റെ പൊതുജനാരോഗ്യ സമ്പ്രദായം ലോകോത്തര മാതൃകയാകുന്നതും ഈ സാഹചര്യത്തിൽ ആണ്. അതുകൊണ്ട്, കൊറോണക്കു ശേഷം, ഏറ്റവുമധികം മാറ്റത്തിന് വിധേയമാകുന്നത് ആരോഗ്യരംഗമാകും. കമ്പോളവൽക്കരിക്കപ്പെട്ട ‘ചരക്ക്’ എന്ന നിലയിൽ നിന്നും സാർവത്രികമായ പ്രാഥമിക ആരോഗ്യം ഒരു പൊതുനന്മ എന്ന നിലയിലേക്ക് ഉയർത്തപ്പെടും. മറ്റൊരു പ്രധാന വഴിത്തിരിവ്, ദേശരാഷ്ട്രത്തിന്റെ നൈതികമായ ചുമതലകളെക്കുറിച്ചുള്ള വീണ്ടുവിചാരമായിരിക്കും. ഇതിനു രണ്ടു വശങ്ങൾ ഉണ്ട്. ഒന്ന്, ക്ഷേമരാഷ്ട്രസങ്കൽപ്പത്തിന്റെ തിരിച്ചു വരവാണ്. ഇക്കഴിഞ്ഞ ദിവസങ്ങളിൽ നാം കണ്ടത്, സ്റ്റേറ്റ് അതിന്റെ പരമ്പരാഗതചുമതലകളിൽ നിന്നും ഒഴിഞ്ഞു മാറി, അവശ്യമേഖലകൾ സ്വകാര്യമേഖലയ്ക്കും മാർക്കറ്റിനും വിട്ടുകൊടുത്ത രാജ്യങ്ങളിൽ എല്ലാം കൊറോണയുടെ വ്യാപനം ആർക്കും തടയാൻ കഴിയാത്ത വിധം മാരകമായി എന്ന വസ്തുതയാണ്. ഒരു ഭരണസംവിധാനം എന്ന നിലയിൽ അമേരിക്ക അടക്കമുള്ള പല രാജ്യങ്ങളും പാടെ പരാജയപ്പെടുകയും, ജനങ്ങൾക്ക് മുന്നിൽ അവരുടെ ധാർമികമായ സാധുത നഷ്ടപ്പെടുകയും ചെയ്തു. അതേസമയം, ശക്തമായ സാമൂഹ്യസുരക്ഷയും സ്റ്റേറ്റിന്റെ സാർവത്രികമായ സ്വാധീനം ഉള്ള രാജ്യങ്ങൾ ഒരു പരിധി വരെ രോഗനിയന്ത്രണം നടപ്പിൽ വരുത്തുകയും ചെയ്തു. അതുകൊണ്ട്, ജനങ്ങൾക്കിടയിൽ, ഭരണകൂടങ്ങളുടെ ചുമതലകളെക്കുറിച്ചുള്ള വീണ്ടുവിചാരം ഉണ്ടാകാനും പൗരന്റെ അടിസ്ഥാന സാമൂഹ്യ ആവശ്യങ്ങൾ അവധാനതയോടെയും നൈതികമായ ഉത്തരവാദിത്വത്തോടെയും നിറവേറ്റുന്ന ‘ക്ഷേമരാഷ്ട്രങ്ങൾക്ക്’ വീണ്ടും പ്രസക്തി ഉണ്ടാവുകയും ചെയ്യുമെന്നാണ് പോൾ മേസനെ പോലുള്ള സാമ്പത്തികചിന്തകർ വിലയിരുത്തുന്നത്. രണ്ടാമതായി, ഇതിന്റെ മറ്റൊരു വശം, യുവാൽ നോവ ഹരാരി ചൂണ്ടിക്കാണിക്കുന്നത് ശ്രദ്ധേയമാണ്. അത്, സമ്പൂർണ്ണസ്റ്റേറ്റിന്റെ തിരിച്ചുവരവാണ്. കോറോണയുടെ വ്യാപനം തടയുന്നതിനായി പല രാജ്യങ്ങളും ടെക്നോളജി ഉപയോഗിച്ച് ജനങ്ങൾക്ക് മുകളിൽ നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്. ജനങ്ങളുടെ ചലനങ്ങളും വ്യക്തി വിവരങ്ങളും അനായാസേന നിരീക്ഷിക്കുന്ന, ബയോമെട്രിക് സംവിധാനങ്ങൾ ഉപയോഗിച്ച് ആരോഗ്യനിലപോലും കൃത്യമായി വിലയിരുത്തുന്ന, ഒരു സമഗ്രാധിപത്യ ഭരണസംവിധാനത്തിന് വരാൻ പോകുന്ന ലോകക്രമത്തിൽ ചെറുതല്ലാത്ത സാധ്യത ഉണ്ടെന്നാണ് ഹരാരി വിലയിരുത്തുന്നത്. ഇനിയൊരു മഹാമാരി താങ്ങാൻ ശേഷിയില്ലാത്ത ലോകജനത ജനാധിപത്യത്തിന്റെ പരിമിതികളിൽ നിരാശപൂണ്ടുകൊണ്ട്, ഇത്തരം സമഗ്രാധിപത്യത്തെ സ്വീകരിക്കാൻ നിർബന്ധിതരായേക്കും. ‘സ്വകാര്യത’ അല്ലെങ്കിൽ ‘ആരോഗ്യം’ ഇവയിൽ ഏതെങ്കിലും ഒന്ന് മാത്രം തിരഞ്ഞെടുക്കാൻ ജനങ്ങളോട് ആവശ്യപ്പെടുന്ന ഒരവസരം ഉണ്ടായാൽ സ്വാഭാവികമായും ജനങ്ങൾ ആരോഗ്യം തന്നെയാകും സ്വീകരിക്കുക. അതിനു, പക്ഷെ, വലിയ വില കൊടുക്കേണ്ടിവരും. 1984 എന്ന നോവലിൽ ജോർജ്ജ് ഓർവെൽ വിവരിച്ച ഒരവസ്ഥ. ഈ അവസ്ഥയെ ചെറുക്കാൻ കഴിയുന്നത്, പൗരന്മാരുടെ നിരന്തരമായ ശാക്തീകരണത്തിലൂടെയും ഭരണപ്രക്രിയയിൽ ഉള്ള ഇടപെടലിലൂടെയും പ്രാദേശിക ഭരണസംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനത്തിലൂടെയും ആയിരിക്കും. സാമൂഹ്യബോധമുള്ള പൗരന്മാർ ആയിരിക്കും ഇവിടെയും രാഷ്ട്രങ്ങളുടെ ഭാവിയെ നിർണയിക്കുന്നത്. കേരളം അതിനു മികച്ച മാതൃക ആണ്. ഹരാരി പക്ഷെ, തന്റെ നിരീക്ഷണത്തിൽ എവിടെയും കേരളം മുന്നോട്ടുവയ്ക്കുന്ന ‘പൊതുസമൂഹത്തിന്റെ സാമൂഹ്യഇടപെടലിൽ’ അധിഷ്ഠിതമായ മാതൃകയെക്കുറിച്ച് സൂചിപ്പിക്കുന്നില്ല എന്നത് അത്ഭുതകരമാണ്. സാമ്പത്തികരംഗം എങ്ങനെ പരിവർത്തനപ്പെടുമെന്നത് പ്രവചനാതീതമാണ്. മാർക്കറ്റ് ഇക്കോണമിയുടെ തകർച്ച പലരും പ്രവചിക്കുന്നുണ്ടെങ്കിലും അതിൽ നിന്നും ഉരുത്തിരിയുന്ന നവസമ്പദ്ക്രമത്തിന്റെ സ്വഭാവം എങ്ങനെ ആയിരിക്കുമെന്നു കൃത്യമായി പറയാൻ പറ്റില്ല. കടുത്ത ഭക്ഷ്യക്ഷാമമാണ് ലോകത്തെ കാത്തിരിക്കുന്നത്.

ലോകത്തിലെ പ്രധാന ഗോതമ്പ് കയറ്റുമതി രാജ്യങ്ങളായ റഷ്യയും കസാഖ്സ്ഥാനും കയറ്റുമതി നിരോധിച്ചു കഴിഞ്ഞു. വിയറ്റ്നാം അരിയുടെ കയറ്റുമതിയും ആറു മാസത്തേക്ക് നിരോധിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിലും പച്ചക്കറിയുടെയും പഴങ്ങളുടെയും കൃഷി തകർന്നു കഴിഞ്ഞു. തൊഴിലാളികൾ ഏറ്റവുമധികം വേണ്ട മേഖല ആയതുകൊണ്ട് ലോക്ഡൗൺ ഏറെ ബാധിച്ചത് കാർഷികമേഖലയെ ആണ്. അതുപോലെ ഓട്ടോമൊബൈൽ, ട്രാവൽ, ഹോട്ടൽ തുടങ്ങിയ വ്യവസായങ്ങൾ ഒക്കെ തകർച്ചയുടെ വക്കിലാണ്. ഈ പ്രതിസന്ധി നീണ്ടുപോകുന്തോറും മനുഷ്യരാശിയുടെ അതിജീവനം അതീവഗുരുതരമാകും. നവോമി ക്ലൈയിനിനെ പോലുള്ള മുതലാളിത്ത വിമർശകർ ചൂണ്ടിക്കാണിക്കുന്നത്, ഈ പ്രതിസന്ധി ഒരു സോഷ്യലിസ്റ്റ് ലോകക്രമത്തിലേക്ക് പോകാനുള്ള സാധ്യതകൾ അമേരിക്ക പോലുള്ള രാജ്യങ്ങൾ എന്ത് വിലകൊടുത്തും എതിർക്കുമെന്നാണ്. വൻകിട മുതലാളിമാർക്ക് നികുതി ഇളവുകൾ പ്രഖ്യാപിച്ചുകൊണ്ട്, ട്രംപ് ഭരണകൂടം ഇപ്പോൾ ചെയ്യുന്നത് ‘ദുരന്തമുതലാളിത്തത്തിന്റെ വിടുപണിയാണെന്ന് അവർ ആരോപിക്കുന്നുണ്ട്. ഈ പ്രതിസന്ധിഘട്ടത്തിന്റെ ഏറ്റവും വലിയ പരിമിതി, ആഗോളസമൂഹത്തിന്റെ വിശ്വാസം ആർജ്ജിക്കുന്ന ഒരു “ലോകനേതൃത്വം” മാനവരാശിക്ക് ഇല്ലാതെ പോയി എന്നുള്ളതാണ്. സാധാരണയായി ലോകത്തിന്റെ എതെങ്കിലും രാജ്യങ്ങളിൽ യുദ്ധവും വംശീയകലാപവും ആഭ്യന്തരകലഹവും തീവ്രവാദവും ഒക്കെ ഉണ്ടായാൽ ലോകസമാധാനത്തിന്റെയും ജനാധിപത്യത്തിന്റെയും പേരിൽ പട്ടാളത്തെ അയയ്ക്കാനും അവരുടെ ആഭ്യന്തരകാര്യങ്ങളിൽ ഇടപെടാനും ‘ലോകപൊലീസ്’ ആയ അമേരിക്കയ്ക്കു മടിയുണ്ടായിരുന്നില്ല. വിയറ്റ്നാം മുതൽ, ഇറാക്ക് വരെ നമ്മൾ കണ്ട ‘സ്വയംപ്രഖ്യാപിത നേതാവായ’ ആ അമേരിക്കയെ ഈ സന്നിഗ്ധഘട്ടത്തിൽ കാണാനില്ല. അമേരിക്കയും ട്രംപും മാനവരാശിക്ക് നേരെ പുറം തിരിഞ്ഞു നിന്നു എന്ന് മാത്രമല്ല, സ്വന്തം പൗരന്മാരെ സംരക്ഷിക്കുന്നതിൽ പോലും ദയനീയമായി പരാജയപ്പെട്ടു.

നാറ്റോയും അമേരിക്കയും യുറോപ്യൻ യൂണിയനും നിശബ്ദരായി നോക്കിനിൽക്കുമ്പോഴാണ്, ഇതേ അച്ചുതണ്ടിന്റെ നിരന്തരമായ ഉപരോധത്തിന്റെ ഇരയായ ക്യുബയെപ്പോലുള്ള ചെറുരാജ്യം ഇറ്റലിയിലേക്ക് മെഡിക്കൽ സംഘത്തെ അയച്ചത്. സൈനികശക്തി കൊണ്ടുമാത്രം ലോകനേതാവ് ആകാൻ കഴിയില്ലെന്നും അതിനു നൈതികമായ മാനങ്ങൾ കൂടിയുണ്ടെന്നും കൊറോണ കാട്ടിത്തന്നു. ചുരുക്കത്തിൽ, കൊറോണക്കു ശേഷമുള്ള നവലോകത്തിന്റെ സ്വഭാവത്തെയും പ്രത്യയശാസ്ത്രത്തെയും നിർവചിക്കുന്നത് ഇനിയുള്ള ദിവസങ്ങളിൽ ഒരു മനുഷ്യസമൂഹമെന്ന നിലയിൽ നമ്മളെടുക്കുന്ന തീരുമാനങ്ങൾ ആയിരിക്കും. ഈ മഹാമാരിയുടെ സാമൂഹ്യവ്യാപനം തന്നെ മനുഷ്യരാശിയുടെ പരസ്പരബന്ധത്തിന്റെ തെളിവാണ്. സങ്കുചിതദേശീയതയും സമഗ്രാധിപത്യവും അതിരുകളിലേക്ക് ചുരുങ്ങലും അല്ല ഭാവിലോകത്തെ നിർണ്ണയിക്കേണ്ടത്. മറിച്ച്, പരസ്പര വിശ്വാസവും, ആഗോളസഹകരണവും അറിവുകളുടെ കൈമാറ്റവും ആണ്. ആരോഗ്യവും മനുഷ്യന്റെ അതിജീവനവും ആണ് നാഗരികതയെ നിലനിർത്തുന്നത് എന്ന് ലോകം മനസ്സിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യർ കൂടുതൽ ഉത്തരവാദിത്വമുള്ളവരും സാമൂഹ്യബോധമുള്ളവരും പരസ്പര ആശ്രയത്തിൽ വിശ്വസിക്കുന്നവരും ആയി മാറുകയും അതിൽ നിന്നും കുറേക്കൂടി തെളിഞ്ഞ, ഉദാത്തമായ ജനാധിപത്യബോധമുള്ള, ഒരു ജനത ഉയർന്നുവരികയും ചെയ്യുമെന്നു നമുക്ക് പ്രതീക്ഷിക്കാം.