Monday
24 Jun 2019

രജനിയും മുഖ്യമന്ത്രിക്കസേരയും

By: Web Desk | Friday 12 April 2019 10:35 PM IST


പല്ലിശേരി

കര്‍ണാടകയില്‍ 69 വര്‍ഷം മുമ്പ് ജനിച്ച ശിവാജിറാവു മറാത്തി മാതൃഭാഷക്കാരനാണ്. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി നോക്കുന്നതിനിടയിലാണ് സിനിമാ ജ്വരം പിടിപെട്ടത്. പുട്ടണ്ണ സംവിധാനം ചെയ്ത കന്നട സിനിമയായ ‘കഥാസംഗമ’യാണ് ശിവാജിറാവുവിന്റെ ആദ്യ സിനിമ. ശിവാജി റാവു എന്ന പേരിലാണ് ഈ സിനിമയില്‍ അഭിനയിച്ചതും. കെ ബാലചന്ദറിന്റെ ‘അപൂര്‍വ്വ രാഗ’ങ്ങളില്‍ ചെറിയ വേഷത്തിലായിരുന്നെങ്കിലും ശ്രദ്ധിക്കപ്പെട്ടു. ഈ സിനിമ മുതലാണ് ശിവാജിറാവു രജനികാന്ത് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങിയത്. തുടര്‍ന്ന് ചെറുതും വലുതുമായ നിരവധി സിനിമകള്‍. അതില്‍ ഭൂരിഭാഗവും ഹിറ്റുകളായിരുന്നു. കണ്ണടച്ചു തുറക്കും വേഗത്തിലാണ് രജനികാന്തിന്റെ അഭിനയ ഗ്രാഫ് ഉയര്‍ന്നതും സൂപ്പര്‍സ്റ്റാര്‍ പരിവേഷത്തില്‍ എത്തിയതും.

സ്വന്തംഭാഷയും സംസ്‌കാരവും സംരക്ഷിക്കാനും ഉയര്‍ത്തിപ്പിടിക്കുവാനും രജനികാന്ത് തമിഴ്മക്കളെ ഉദ്‌ബോധിപ്പിച്ചു. ഒപ്പം തന്റെ സിനിമകളിലൂടെയുള്ള സന്ദേശങ്ങളും. തമിഴ് സിനിമയിലൂടെ വന്‍ ജനസ്വാധീനം പിടിച്ചു പറ്റിയ രജനിയുടെ ലക്ഷ്യം മുഖ്യമന്ത്രിക്കസേരയാണെന്ന് ഒരു വിഭാഗം മനസിലാക്കി. അതിനവര്‍ ചൂണ്ടിക്കാട്ടിയത് തമിഴ്‌നാട്ടുകാരല്ലാത്ത എംജിആറിനെയും ജയലളിതയെയുമാണ്. സിനിമയാണ് ഇരുവരെയും മുഖ്യമന്ത്രിമാരാക്കിയത്. എംജിആര്‍ മലയാളിയും ജയലളിത കന്നടയുമായിരുന്നു. കര്‍മ്മം കൊണ്ടവര്‍ തമിഴ് ജനതയുടെ ഹൃദയം കവര്‍ന്നു. അതുപോലെയാണ് തമിഴ്‌നാട്ടുകാരനല്ലാത്ത രജനികാന്തിനെയും അവര്‍ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചത്. തമിഴ് മക്കളുടെ മനസ് വായിച്ചറിഞ്ഞ രജനി തമിഴ്‌നാട് മുഖ്യമന്ത്രിക്കസേരയില്‍ നോട്ടമിട്ടെങ്കിലും ആരുടെ മുന്നിലും ഹൃദയം തുറന്നില്ല. അതേസമയം ഒരു പരീക്ഷണമെന്നോണം 1995 ല്‍ രജനികാന്ത് കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്കു പിന്തുണ നല്‍കുമെന്നും അവര്‍ക്കു വോട്ടുചെയ്യാന്‍ നിര്‍ദ്ദേശിക്കുമെന്നും സൂചന നല്‍കി. പിന്നീട് രജനികാന്ത് ഡിഎംകെ-ടിഎംസി കൂട്ടുകെട്ടിനെ പിന്തുണച്ചു സജീവമായി രാഷ്ട്രീയ രംഗത്തിറങ്ങി.

സിനിമയില്‍ രജനി സൈക്കിളില്‍ യാത്രചെയ്യുന്നതിന്റെ പോസ്റ്ററുകള്‍ വ്യാപകമായി ഉപയോഗിച്ച് ടിഎംസിയുടെ തെരഞ്ഞെടുപ്പു ചിഹ്നമായ സൈക്കിളിന്റെ ജനപ്രീതി കൂടുതല്‍ വര്‍ധിപ്പിച്ചു. 1998 ലും ഇതേമുന്നണിക്ക് രജനികാന്ത് പിന്തുണ നല്‍കി. ഏവരോടും മാന്യമായി പെരുമാറുന്ന രജനിക്കു സജീവ രാഷ്ട്രീയം തനിക്കു ചേരുമോ എന്നുപോലും സംശയിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ ഫാന്‍സ് അസോസിയേഷന്‍കാര്‍ രജനിയെ രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. ഒന്നും വ്യക്തമായി രജനി തീരുമാനിച്ചിരുന്നില്ല. രജനികാന്ത് രാഷ്ട്രീയത്തില്‍ സജീവമാകും സ്വന്തം പാര്‍ട്ടി ഉണ്ടാക്കും എന്നിങ്ങനെ പുട്ടിനു പീര കണക്കെ അഭിപ്രായങ്ങള്‍ പുറത്തുവന്നു. തീരുമാനങ്ങള്‍ എടുക്കേണ്ട ഘട്ടങ്ങളില്‍ തന്ത്രപരമായി മുങ്ങുന്ന സ്വഭാവവും രജനിക്കുണ്ടായിരുന്നു. എന്നാല്‍ രണ്ടു വര്‍ഷം മുമ്പ് വ്യക്തമായൊരു തീരുമാനം എടുത്തു. സ്വന്തമായൊരു രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി തമിഴ്‌നാട്ടില്‍ നല്ല ഭരണം കാഴ്ചവയ്ക്കാന്‍ ഒരുക്കം തുടങ്ങും എന്ന് പ്രഖ്യാപിച്ചു. അതിനു പിന്നാലെ കമലഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങാന്‍ തീരുമാനിച്ചു. ഇരുവരേയും തമിഴ് പ്രേക്ഷകര്‍ക്കിഷ്ടമാണ്. തനിച്ച് തനിച്ച് മത്സരിച്ചാല്‍ ശക്തി കുറയും. അതുകൊണ്ട് ഇരുവരും ഒരുമിച്ചു നിന്നാല്‍ തമിഴകത്ത് ഭരണം ഉണ്ടാക്കാന്‍ കഴിയും എന്ന് ഉപദേശിച്ചവര്‍ നിരവധിയാണ്.

കമലഹാസന്‍ തന്റെ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചെങ്കിലും രജനി വ്യക്തമായ നിലപാട് എടുത്തില്ല. ഇത് ആദ്യ സംഭവമല്ല. സിനിമവിട്ട് രജനി ഒരു കളിക്കും ഒരുങ്ങുകയില്ലെന്നാണ് അദ്ദേഹത്തെ അടുത്തറിയുന്നവരുടെ അഭിപ്രായം. അതുശരിവയ്ക്കുന്ന രീതിയിലാണ് രജനിയുടെ വാക്കും പ്രവര്‍ത്തിയും. അതേ സമയം എംജിആറിനെപ്പോലെ, ജയലളിതയെപ്പോലെ മുഖ്യമന്ത്രിയാകാനും ആഗ്രഹമുണ്ട്. കമലഹാസന്റെ ലക്ഷ്യവും അതുതന്നെയാണ്. കമലഹാസന് പ്രാദേശിക രാഷ്ട്രീയത്തില്‍ പിടിമുറുക്കി അധികാരം ലഭിക്കുന്നതിനാണ് താല്‍പര്യം. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറ്റൊരു പാര്‍ട്ടിയുമായും കൂട്ടുകൂടാതെ സ്വന്തം സ്ഥാനാര്‍ഥികളെ നിര്‍ത്തിയതിന്റെ രഹസ്യം വോട്ടുകള്‍ തന്നെയാണ്. എത്ര വോട്ടുകള്‍ ലഭിക്കും? അതനുസരിച്ചായിരിക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ കൂട്ടുകെട്ട്.
രജനിയെയും കമലിനെയും ഇഷ്ടപ്പെടുന്നവര്‍ ഒരു രൂപരേഖ ഇതിനകം ഉണ്ടാക്കിക്കഴിഞ്ഞു. രണ്ടുപേരും ഒരുമിച്ചു നില്‍ക്കുന്ന മുന്നണി ഉണ്ടാക്കണം. ജയിച്ചുകഴിഞ്ഞാല്‍ രണ്ടുപേരും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യണം. അതിനു തമിഴ്‌നാടിനെ നോര്‍ത്ത്, സൗത്ത് എന്നീ നിലകളില്‍ വിഭജിച്ച് ഒരാള്‍ നോര്‍ത്തിലേയും മറ്റൊരാള്‍ സൗത്തിന്റേയും മുഖ്യമന്ത്രിമാരാകുക. അതറിഞ്ഞ കമലും രജനിയും വിയോജിപ്പ് പ്രകടിപ്പിച്ചു. രണ്ടരവര്‍ഷം വീതം ഇരുവരും മുഖ്യമന്ത്രിമാരായാല്‍ പ്രശ്‌നം തീരുമല്ലൊ. അങ്ങനെയും ആലോചനകള്‍ നടക്കുന്നുണ്ട്. എല്ലാം കാത്തിരുന്നു കാണാം.

Related News