23 April 2024, Tuesday

പോലൂരിലെ വീട്ടിൽ അജ്ഞാതശബ്ദം; ഭൗമശാസ്ത്ര പഠനം ആരംഭിച്ചു

Janayugom Webdesk
കോഴിക്കോട്
October 7, 2021 8:25 pm

പോലൂരിലെ വീട്ടിൽ അജ്ഞാതശബ്ദം കേൾക്കുന്നതിനുള്ള കാരണം കണ്ടെത്തുന്നതിനായി പ്രദേശത്ത് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്ര (നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്)ത്തിന്റെ ഭൗമശാസ്ത്ര പഠനം ആരംഭിച്ചു. ഡോ. ബിപിൻ പീതാംബരന്റെ നേതൃത്വത്തിലുള്ള മൂന്നംഗ പ്രത്യേക അന്വേഷണ സംഘമാണ് ഭൂമിക്കടിയിൽ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ പോലൂർ കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്റെ വീടിന് സമീപം പരിശോധന നടത്തുന്നത്. ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ടുള്ള ഇലക്ട്രിക്കൽ റെസിസ്റ്റിവിറ്റി ഇമേജിങ് സർവേയാണ് സംഘം നടത്തുന്നത്. ഭൂമിയുടെ 20 മീറ്റർ താഴെവരെയുള്ള ഘടനയാണ് പരിശോധനക്ക് വിധേയമാക്കുന്നത്.

വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്ക് ആരംഭിച്ച സർവേ വൈകിട്ട് ഏഴ് മണിക്ക് അവസാനിച്ചു. വെള്ളിയാഴ്ചയും സർവേ തുടരും. ബിജുവിന്റെ വീടിന് സമീപത്ത് ചെങ്കൽ വെട്ടിയ പ്രദേശമടക്കം മൂന്നിടങ്ങളിലാണ് പരിശോധന നടത്തുക.

രണ്ടു ദിവസത്തെ പരിശോധനയിൽ നിന്ന് ലഭിക്കുന്ന ഡാറ്റകൾ കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിലെ ലാബിൽ പ്രത്യേക സോഫ്റ്റ് വെയറുകൾ ഉപയോഗിച്ച് വിദഗ്ദ പരിശോധന നടത്തും. പഠനത്തിന് ശേഷം ഒരാഴ്ച കൊണ്ട് റിപ്പോർട്ട് തയ്യാറാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സർക്കാറിനും ജില്ലാ കലക്ടർക്കും കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർനടപടികൾ സ്വീകരിക്കുക.

ഭൗമശാസ്ത്രജ്ഞൻ ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയതിനെ തുടർന്ന് പ്രദേശത്ത് ജിയോ ഫിസിക്കൽ സർവേ നടത്തണമെന്ന് ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, അടിയന്തരമായി പ്രദേശത്ത് സർവേ നടത്തണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടതിനെ തുടർന്നാണ് കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രത്തിൽ നിന്നുള്ള സംഘം പരിശോധനയ്ക്കായി എത്തിയത്. റവന്യു മന്ത്രിയുടെ നിർദ്ദേശ പ്രകാരമായിരുന്നു ജി ശങ്കറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം എത്തിയത്.

ഡോ. ബിപിൻ പീതാംബരനെ കൂടാതെ കൃഷ്ണ ഝാ, കെ. എൽദോസ് എന്നിവരാണ് പരിശോധനാ സംഘത്തിലുള്ളത്. കൂടാതെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നിയോഗിച്ച ഹസാർഡ് അനലിസ്റ്റ് ഫഹദ് മർസൂക്ക്, എൻസിആർഎംപി ജില്ലാ കോർഡിനേറ്റർ റംഷിന എന്നിവരും സംഘത്തിനൊപ്പമുണ്ട്.

പടം

കേന്ദ്ര ഭൗമ ശാസ്ത്ര ഗവേഷണ കേന്ദ്രം ശാസ്ത്രജ്ഞൻ ഡോ. ബിപിൻ പീതാംബരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഭൂമിക്കടിയിൽ നിന്നും മുഴക്കമുണ്ടാകുന്ന കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിലെ പോലൂർ കോണോട്ട് തെക്കേ മാരാത്ത് ബിജുവിന്റെ വീടിന് സമീപം ഭൂമിക്കടിയിലേക്ക് വൈദ്യുത തരംഗം കടത്തിവിട്ട് പരിശോധന നടത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.