പൊന്‍കണി

Web Desk
Posted on April 14, 2019, 7:53 am

ജയപാലന്‍ കാര്യാട്ട്

മഞ്ഞപ്പട്ടുടയാടകള്‍ ചാര്‍ത്തി
മേടപ്പുലരിയുണര്‍ന്നു.
കേള്‍ക്കുന്നെങ്ങും നാട്ടിന്‍ പെരുമകള്‍
പൂത്തുലയും പുതുകഥകള്‍.
നാട്ടിന്നാദര ശോഭപരത്തും
പാട്ടിന്നീരടിപാടാം.
മോടിയില്‍ കൊന്നപ്പൂക്കള്‍ നിരന്നു
കോടിയുടുപ്പിന്‍ ഗന്ധം.
കോടക്കാറൊളി വാനിലുയര്‍ന്നു
മിന്നല്‍ക്കൊടി മേളങ്ങള്‍
വിത്തും കൈക്കോട്ടാരവമെത്തി
ഒത്തുപിടിക്കാന്‍ പക്ഷി.
വിത്തുവിതയ്ക്കും കര്‍ഷകനുള്ളില്‍
കത്തും കാളിമ മാഞ്ഞു.
മീനത്താപമുരുക്കിയ മണ്ണില്‍
പുതുനാമ്പിന്റെ തിളക്കം.
തേനൂറും നവസ്വപ്നങ്ങളുമായ്
മാവിന്‍ കൊമ്പത്തൂഞ്ഞാല്‍
മാടിവിളിക്കും ചില്ലകള്‍ തേടി
ആഞ്ഞുകുതിക്കും ബാല്യം.
വേലകളേറ്റും വാദ്യപ്പെരുമയില്‍
കാവുകള്‍ തീണ്ടും നിറവില്‍
പൊന്‍കണി വിരിയുന്നുരുളിയ്ക്കുള്ളില്‍
പൊന്‍പ്രഭതേടും മിഴികള്‍.
കൊതിയേറും കലവര വൈവിധ്യം
മതിയാകില്ലെന്നുള്ളം.
പെയ്‌തൊഴിയട്ടേ മാരിക്കാറുകള്‍
മഴവില്ലൊളി നിറയട്ടേ!